
പാലക്കാട്: ഷാഫി പറമ്പിൽ എംപിക്ക് തടവും പിഴയും. 2022ൽ പാലക്കാട് ദേശീയപാത ഉപരോധിച്ച കേസിൽ 1000 രൂപ പിഴയും കോടതി പിരിയുംവരെ തടവുമാണ് പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. ഷാഫി 5 മണി വരെ കോടതിയിൽ നിൽക്കണമെന്ന് കോടതി നിർദേശം.
2022 ജൂൺ 24 ന് കസബ പൊലീസ് രജിസ്‌റ്റർ ചെയ്ത കേസിലാണ് നടപടി. പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ടായിരുന്നു പൊലീസ് കേസെടുത്തത്. നിരന്തരം കോടതിയിൽ എത്താത്തതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഷാഫിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെ പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഷാഫി ഇന്ന് ഹാജരായി.
വയനാട്ടിൽ രാഹുൽഗാന്ധിയുടെ എം.പി. ഓഫിസ് എസ്.എഫ്.ഐ പ്രവർത്തകർ തല്ലിതകർത്തതിൽ പ്രതിഷേധിച്ചായിരുന്നു ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ നാൽപ്പതോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചന്ദ്രനഗറിൽ ചെമ്പലോട് പാലത്തിന് സമീപം ദേശീയപാത ഉപരോധിച്ചത്. അന്ന് യൂത്ത് കോൺഗ്രസിന്റെ ഭാഗമായിരുന്ന പി.സരിൻ കേസിൽ ഒമ്പതാം പ്രതിയായിരുന്നു. നേരത്തെ കോടതിയിൽ ഹാജരായ പി.സരിനെ 500 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചിരുന്നു











