12:55pm 25 May 2026
NEWS
പിന്തുണയിടിഞ്ഞ് ഷാഫി പറമ്പിൽ
25/05/2026  10:28 AM IST
പ്രദീപ് ഉഷസ്സ്
പിന്തുണയിടിഞ്ഞ് ഷാഫി പറമ്പിൽ
HIGHLIGHTS

ഷാഫിയുടേത് അവസരവാദ രാഷ്ട്രീയമെന്ന് കോൺഗ്രസ് പ്രവർത്തകരുടെ വിമർശനം

വർദ്ധിച്ച ജനപിന്തുണയോടെ, മുഖ്യമന്ത്രിയായി വി.ഡി. സതീശൻ എത്തിയപ്പോൾ കുത്തനെയിടിഞ്ഞത് യുവനേതാവും എം.പിയുമായ ഷാഫി പറമ്പിലിന്റെ ജനപ്രീതിയാണ്. ഒരു മിന്നൽപ്പിണർ പോലെ കോൺഗ്രസിന്റെ നേതൃനിരയിലേക്ക് കുതിച്ചുയർന്ന ഷാഫി പറമ്പിൽ ചെറിയ കാലയളവിനുള്ളിൽ കോൺഗ്രസിലെ കരുത്തുറ്റ നേതാവായി മാറി. പ്രവർത്തകരുടെ വൈകാരിക തലങ്ങളെ തൊട്ടുണർത്തുന്ന പ്രചരണ ശൈലികളിലൂടെ അതിവേഗമാണ് ഷാഫി കോൺഗ്രസിലെ ക്രൗഡ് പുള്ളർ ആയി മാറിയത്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് വേളകളിൽ തങ്ങളുടെ മണ്ഡലങ്ങളിൽ ഷാഫിയെ എത്തിക്കാൻ യു.ഡി.എഫ് സ്ഥാനാർത്ഥികൾ തമ്മിൽ മത്സരമായിരുന്നു. മുസ്ലീംലീഗിനെപ്പോലെയുള്ള ഘടകകക്ഷികൾക്കാകട്ടെ ഷാഫി പറമ്പിൽ ഏറെ സ്വീകാര്യനും. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കുള്ള വടംവലികളും അണിയറ നാടകങ്ങളും ചർച്ചകളിൽ നിറഞ്ഞപ്പോഴാണ് അതിന് പിന്നിൽ ഷാഫി പറമ്പിൽ വഹിച്ച പങ്കുകൾ കൂടി പുറംലോകത്തേയ്ക്ക് എത്തിയത്. ഷാഫിയുടെ ജനപ്രീതിക്ക് വൻതോതിൽ ഇടിച്ചിൽ സംഭവിക്കാൻ അടിസ്ഥാനകാരണമായത് ഈവിധം അടിയൊഴുക്കുകളാണ്.

ആദ്യഘട്ടത്തിൽ പ്രതിപക്ഷ നേതാവ് ആയിരുന്ന വി.ഡി. സതീശന്റെ നിലപാടുകൾക്കൊപ്പം ഉറച്ചുനിന്നിരുന്ന ഷാഫി പറമ്പിൽ, പൊടുന്നനെയാണ് വേണുഗോപാൽ ഗ്രൂപ്പിലേയ്ക്ക് കൂറുമാറിയത്. എന്നാൽ ആ മാറ്റം പരസ്യമാക്കാതെ അതീവരഹസ്യമായി കരുക്കൾ നീക്കി കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങളാണ് ഷാഫിയുടെ നേതൃത്വത്തിൽ നടന്നത്.

മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി തർക്കങ്ങൾ രൂക്ഷമാവുകയും, ഭൂരിഭാഗം എം.എൽ.എമാരും വേണുഗോപാലിന് വേണ്ടി നിലയുറപ്പിക്കുകയും ചെയ്തതോടെയാണ്, ഒപ്പം നിന്ന ഷാഫി പറമ്പിൽ കാലുവാരിയതാണെന്ന വികാരം കോൺഗ്രസ് പ്രവർത്തകരിൽ ശക്തമായത്. സോഷ്യൽമീഡിയാ പ്ലാറ്റ്‌ഫോമുകൾ വഴി അവർ ഷാഫി പറമ്പിലിനെതിരെ രൂക്ഷവിമർശനങ്ങൾ ഉയർത്തുകയും ചെയ്തു. ഷാഫിപറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് നേരെ നിശിതവിമർശനങ്ങൾ ഉയർന്നതും ഈ സന്ദർഭത്തിലാണ്. മുഖ്യമന്ത്രിയായി എത്തുന്ന വി.ഡി. സതീശനെ അഭിനന്ദിച്ചുകൊണ്ട് ഷാഫി പറമ്പിലിന്റെ പോസ്റ്റിൽ പൊട്ടിത്തെറിച്ചുകൊണ്ടാണ് കോൺഗ്രസ് പ്രവർത്തകർ പ്രതികരിച്ചത്.

മധുരപ്രതികാരമായി ലഡ്ഡുവിതരണം

ദിവസങ്ങളുടെ അനിശ്ചിതത്വങ്ങൾക്കും പിരിമുറുക്കങ്ങൾക്കും ശേഷം വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിനുശേഷം ഷാഫിയുടെ വടകരയിലെ എം.പി. ഓഫീസിലെത്തിയ കോൺഗ്രസ് പ്രവർത്തകർ ലഡ്ഡുവിതരണം നടത്തി. അത് വ്യക്തമായ മധുരപ്രതികാരം തന്നെയായിരുന്നു. സതീശൻ മുഖ്യമന്ത്രിയായതറിഞ്ഞില്ലേ എന്ന ചോദ്യത്തോടെയായിരുന്നു കോൺഗ്രസ് പ്രവർത്തകർ ലഡ്ഡുവുമായി ഷാഫിയുടെ എം.പി ഓഫീസിലേക്ക് എത്തിയത്.

ത്രിതല തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് കൈവരിച്ച വൻമുന്നേറ്റവും ഇടതുപക്ഷത്തിന്റെ കനത്ത ആഘാതവുമാണ്, സംസ്ഥാന ഭരണം സ്വന്തമാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലേക്ക് യു.ഡി.എഫ് കേന്ദ്രങ്ങളെ എത്തിച്ചത്. ഈ സന്ദർഭത്തിലാണ് മുഖ്യമന്ത്രിക്കസേര സ്വന്തമാക്കാനുള്ള രഹസ്യനീക്കുപോക്കുകൾ, കെ.സി. വേണുഗോപാൽ വിഭാഗമാരംഭിച്ചത്. രാഹുൽഗാന്ധിയുമായുള്ള വ്യക്തിപരമായ അടുപ്പവും, എ.ഐ.സി.സി നേതൃത്വത്തിലെ പിടിപാടുമെല്ലാം കെ.സി. വേണുഗോപാലിന്റെ മുഖ്യമന്ത്രി പ്രതീക്ഷകൾക്ക് ഏറെ കരുത്തുപകരുകയും ചെയ്തു. പരമാവധി എം.എൽ.എ മാരെ തന്നോടൊപ്പം നിർത്തി, കരുത്ത് തെളിയിക്കാനും, അതുവഴി അധികാരത്തിൽ എത്താനുമാണ് കെ.സി. വേണുഗോപാൽ നടത്തിയ നീക്കം. ഹൈക്കമാന്റ് പോലെയുള്ള കോൺഗ്രസിന്റെ ഉന്നതാധികാരകേന്ദ്രങ്ങളിൽ സ്വാധീനമുള്ള കെ.സി. വേണുഗോപാലിനൊപ്പം നിൽക്കുന്നതാണ് തങ്ങളുടെ രാഷ്ട്രീയഭാവിക്ക് നേട്ടമെന്ന് ഒട്ടേറെ നേതാക്കളെ വിശ്വസിപ്പിക്കാൻ, ഷാഫി പറമ്പിലിനെപ്പോലെയുള്ള കെ.സി. വിഭാഗം 'മാനേജർ'മാർക്ക് കഴിയുകയും ചെയ്തു.

സ്ഥാനാർത്ഥി നിർണ്ണയ ചർച്ചയിൽ, പേരുകൾ വെട്ടിപ്പോയവർപോലും, ഹൈക്കമാന്റ് നൽകിയ ലിസ്റ്റിൽ ഇടം പിടിച്ചതോടെ വേണുഗോപാലിന്റെ പിടിപാട് പലരും തിരിച്ചറിഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണരംഗം ശക്തമായതോടെ വിവിധ മണ്ഡലങ്ങളിൽ ഓടിയെത്തിയും, പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചും മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായി മാറാൻ ഷാഫി പറമ്പിലും സജീവമായി. ഭൂരിഭാഗം എം.എൽ.എമാരുടെ പിന്തുണ കെ.സി വിഭാഗത്തിന് കിട്ടുന്നതോടെ, കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകുമെന്നായിരുന്നു കെ.സി വിഭാഗം കണക്കുകൂട്ടിയിരുന്നത്. കൂടാതെ സണ്ണിജോസഫ് മന്ത്രിയാകുന്നതോടെ, പുതിയ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഷാഫി പറമ്പിലിനെ എത്തിക്കാമെന്ന് അവർ കണക്കുകൂട്ടിയിരുന്നു. എന്നാൽ ഹൈക്കമാന്റ് നിരീക്ഷകർ കേരളത്തിൽ എത്തുകയും, എം.എൽ.എമാരെ നേരിൽ കണ്ട് ചർച്ചകൾ നടത്തുകയും ചെയ്തശേഷം, അഭിപ്രായം രേഖപ്പെടുത്തിയ രഹസ്യലിസ്റ്റ് മാധ്യമങ്ങൾ വഴി പുറംലോകത്ത് എത്തുകയും ചെയ്തപ്പോഴാണ് മുഖ്യമന്ത്രിക്കസേരയ്ക്ക് വേണ്ടിയുള്ള വടംവലിയെത്ര ശക്തമാണെന്ന് കോൺഗ്രസ് പ്രവർത്തകർ പോലും തിരിച്ചറിഞ്ഞത്. അതുവരെ ഷാഫി പറമ്പിലിന് എല്ലാവിധ പിന്തുണയും നൽകിയിരുന്ന മുസ്ലീംലീഗ് പോലും വി.ഡി. സതീശന് പിന്തുണയുമായി പരസ്യമായി രംഗത്തെത്തുകയും ചെയ്തു. ഫലത്തിലിത് ഷാഫി പറമ്പിലിന് കനത്ത ആഘാതമായി മാറി.

മാങ്കൂട്ടത്തെ തടഞ്ഞ വി.ഡി. സതീശൻ

ലൈംഗികാരോപണക്കേസിൽ പ്പെട്ട് കൈകാലിട്ടടിച്ചിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ വഴിവിട്ട് സംരക്ഷിക്കാൻ നടത്തിയ നീക്കങ്ങളാണ് ഷാഫി പറമ്പിലിന് ആദ്യഘട്ടത്തിൽ തിരിച്ചടിയായത്. മാങ്കൂട്ടത്തെ പ്രതിരോധിച്ച് രംഗത്ത് വന്നത് വി.ഡി. സതീശൻതന്നെയായിരുന്നു. അതോടെ നിയമസഭാകക്ഷിയിൽ നിന്നും, പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിലിന് പുറത്തുപോകേണ്ടി വന്നു. ഷാഫിയും, വി.ഡി. സതീശനും തമ്മിലുള്ള ബന്ധങ്ങളിൽ വിള്ളലുകൾ വീഴാൻ ഇടയാക്കിയതും ഈവിധം സംഭവവികാസങ്ങൾ തന്നെയാണ്. എടുക്കുന്ന തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്ന ശൈലിയാണ് വി.ഡി. സതീശന്റേത് എന്ന് മനസ്സിലാക്കി തന്നെയാണ് ഷാഫി പറമ്പിൽ 'കെ.സി. വിഭാഗ'വുമായി കൂടുതൽ അടുക്കുന്നത്. ഈ സാഹചര്യത്തിലാണ് കെ.സി. വിഭാഗം നേതാക്കളുമായി ചേർന്ന് വേണുഗോപാലിന് അനുകൂലമായ അണിയറനീക്കങ്ങൾ ഷാഫി പറമ്പിൽ നടത്തിയതെന്ന വികാരമാണ് അടിത്തട്ടിലെ കോൺഗ്രസ് പ്രവർത്തകർ  പോലും പങ്കുവയ്ക്കുന്നത്. പത്തുവർഷത്തിനുശേഷം യു.ഡി.എഫിനെ അധികാരത്തിൽ എത്തിക്കാനായി. ഘടകകക്ഷികളെ ഒന്നിച്ച് നിർത്തി ടീം യു.ഡി.എഫ് എന്ന നിലയിൽ വി.ഡി. സതീശൻ നടത്തിയ പ്രവര്ത്തനങ്ങൾ യു.ഡി.എഫ് പ്രവർത്തകർക്ക് വലിയ ആത്മവിശ്വാസമാണ് പകർന്നുനൽകിയത് അതിനിടയിലാണ് മുഖ്യമന്ത്രിക്കസേര ലക്ഷ്യമിട്ട് മറ്റ് ചില നീക്കങ്ങൾ അണിയറയിൽ നടന്നത്. നിലവിലുള്ള എം.പി സ്ഥാനം രാജിവെച്ചും, മറ്റൊരു എം.എൽ.എയെ രാജിവെപ്പിച്ചും തനിക്ക് മുഖ്യമന്ത്രി സ്ഥാനം കിട്ടണമെന്ന വേണുഗോപാലിന്റെ വാദം അധികാരമോഹം തന്നെയാണെന്ന് പൊതുസമൂഹം വിധിയെഴുതി. ആ ജനകീയ സമ്മർദ്ദത്തിന് മുന്നിൽ ഹൈക്കമാന്റ് പോലും വഴങ്ങേണ്ടി വന്നു. ഈവിധം അസംബന്ധ നാടകങ്ങളുടെ അണിയറക്കാരനായി ഷാഫിയെ വലിയ വിഭാഗം കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തുകയാണിപ്പോൾ. തന്റെ കൈകൾ ശുദ്ധമാണെന്ന് ബോധ്യപ്പെടുത്തി, അണികളുടെ സ്വന്തം 'ഷാഫിക്ക'യായി തിരിച്ച് വരാൻ ഷാഫി പറമ്പിൽ നന്നായി കഷ്ടപ്പെടേണ്ടതായി വരുമെന്നാണ് ഉറപ്പാണ്.

റീൽസല്ല; യാഥാർത്ഥ്യം

ഉന്നത ശ്രേണികളിൽ എത്താൻ കുറുക്കുവഴികൾ തേടുന്നതിൽ വിദഗ്ധനാണ് ഷാഫി പറമ്പിൽ എന്ന ആരോപണത്തെ ശരിവയ്ക്കുന്ന കാഴ്ചകളാണ് ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ നേരത്തെ തന്നെയിത് ചൂണ്ടിക്കാണിച്ചിരുന്നുവെങ്കിലും അണികൾക്കിടയിൽ തനിക്കുള്ള സ്വാധീനവും, മുസ്ലീംലീഗ് അടക്കമുള്ള ഘടകകക്ഷികൾക്കുള്ള സ്വീകാര്യതയേയും, മറയാക്കി അത്തരം ആരോപണങ്ങൾക്ക് തടയിടാൻ ഷാഫി പറമ്പിലിന് കഴിഞ്ഞിരുന്നു. പാലക്കാട് നിന്ന് എം.എൽ.എ പദവി രാജിവെച്ചപ്പോഴും, പിന്നീട് മത്സരിക്കാനായി വടകരയിൽ എത്തിയപ്പോഴും വൈകാരിക നിമിഷങ്ങളെ സോഷ്യൽ മീഡിയ വഴി ഫലപ്രദമായി ഉപയോഗപ്പെടുത്താൻ ഷാഫിക്ക് കഴിഞ്ഞു. ആഹ്ലാദാരവം മുഴക്കുന്ന പ്രവർത്തകർക്കിടയിലും, പ്രക്ഷുബ്ധരായി പൊട്ടിത്തെറിക്കുന്ന പ്രവർത്തകർക്കിടയിലുമെല്ലാം അവരിലൊരാളായി മാറുന്ന ഷാഫിയുടെ റീൽസുകൾ സോഷ്യൽമീഡിയയിൽ തരംഗങ്ങളാണ് സൃഷ്ടിച്ചത്.
ഏറെക്കാലമായി സംഘടനാപരമായി ദുർബലമായിരുന്ന വടക്കൻ കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക്, വടകരയിൽ എം.പിയായി ഷാഫിയുടെ വരവ് പുത്തനുണർവ്വ് സൃഷ്ടിച്ചിരുന്നുവെന്നതാണ് യാഥാർത്ഥ്യം. എന്നാൽ ഈവിധം ജനസ്വീകാര്യതയെ വൈകാരികതയുടെ തലത്തിലേക്ക് ഉയർത്തി തെരഞ്ഞെടുപ്പുകളിൽ നേട്ടം കൊയ്യുക എന്ന ലക്ഷ്യത്തിനാണ് ഷാഫി മുൻതൂക്കം നൽകിയത്. ഈവിധം ജനകീയ പിന്തുണയെ ഭരണതലത്തിൽ നേട്ടങ്ങളാക്കിമാറ്റാൻ കഴിഞ്ഞില്ലയെന്ന ആരോപണം ശക്തമായി ഉയർന്നത് ഈ പശ്ചാത്തലത്തിലാണ്.

ഏത് വിധത്തിലും, ജയിക്കുകയെന്ന ലക്ഷ്യത്തോടെ ഷാഫി നടത്തിയ തന്ത്രങ്ങൾ വർഗ്ഗീയതയുടെ നിറം പുരണ്ടവയാണെന്ന് ഇടതുകേന്ദ്രങ്ങൾ ആക്ഷേപമുയർത്തിയിരുന്നു. വടകര ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കെ.കെ. ശൈലജ ടീച്ചർക്കെതിരെ കാഫിർ സ്‌ക്രീൻ ഷോട്ട് വിവാദം കത്തിപ്പടർത്തിയത് തൊട്ട്, ഇപ്പോൾ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പേരാമ്പ്രയിൽ വിജയിച്ച ഫാത്തിമ തഹ്‌ലിയയെ ഉയർത്തിക്കാട്ടി 'നമ്മുടെ കൗമിലെ  കുട്ടി' ചർച്ചകൾ വിവാദമാക്കിയതിന് പിന്നിലുമെല്ലാം ഷാഫി പറമ്പിലിന്റെ വിദഗ്ധമായ കരുനീക്കങ്ങൾ ഉണ്ടായിരുന്നു.
കഴിഞ്ഞ ത്രിതല തെരഞ്ഞെടുപ്പ് വേളയിൽ വടക്കൻ കേരളത്തിൽ യു.ഡി.എഫ് നേടിയ അട്ടിമറി വിജയത്തിന്റെ ശിൽപ്പി ഷാഫിയാണെന്ന പ്രതീതിയാണ് ഷാഫിയുടെ ഫാൻസ് ടീം സൃഷ്ടിച്ചത്. പതിവുപോലെ മീഡിയ വഴിയാണ് ആവിധമൊരു ആരവം ഷാഫിഗ്രൂപ്പ് സൃഷ്ടിച്ചതും വ്യാപകമായി അത് പ്രചരിപ്പിച്ചതും.

ഇതിലെല്ലാം മലബാറിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് അമർഷമുണ്ടായിരുന്നുവെങ്കിലും ഷാഫിയുടെ ജനപ്രീതിക്ക് മുന്നിൽ അവരെല്ലാം നിശ്ശബ്ദരാവുകയായിരുന്നു.

പതിറ്റാണ്ടുകളായി കോഴിക്കോട്ടെ രാഷ്ട്രീയ മേഖലയിൽ നിറഞ്ഞുനിൽക്കുന്ന നേതാവാണ് എം.കെ. രാഘവൻ എം.പി. കക്ഷി രാഷ്ട്രീയത്തിന് അതീതമായ ജനകീയ സ്വീകാര്യത നിലനിർത്തിവരുന്ന ഈ കോൺഗ്രസ് നേതാവ് എല്ലാവർക്കും അവരുടെ 'രാഘവേട്ടൻ' ആയിരുന്നു. ഈ വിധത്തിൽ 'ജ്യേഷ്ഠൻ' ഇമേജ് നിലനിർത്തിപ്പോന്നിരുന്ന കോൺഗ്രസ് നേതാക്കൾ വടക്കൻ കേരളത്തിൽ അപൂർവ്വമാണ് താനും. കോഴിക്കോട് ജില്ലയിൽ എം.കെ. രാഘവന് പുറമെയുള്ള പാർലമെന്റ് അംഗമാണ് വടകരയെ പ്രതിനിധീകരിക്കുന്ന ഷാഫി പറമ്പിൽ. എം.കെ. രാഘവനേക്കാളും വലിയ ജനകീയ പിന്തുണ തനിക്കാണെന്ന് സ്ഥാപിക്കാനുള്ള കളികളാണ് ഷാഫി പറമ്പിൽ നടത്തിവന്നിരുന്നുവെന്ന് ആരോപണമുയർത്തുന്നത് കോൺഗ്രസ് പ്രവർത്തകർ തന്നെയാണ്. 'രാഘവേട്ടൻ' അല്ല 'ഷാഫിക്ക' ആണ് യു.ഡി.എഫിൽ വിജയം സൃഷ്ടിക്കുന്നതെന്ന വിധത്തിൽ, പി.ആർ. പ്രവർത്തനങ്ങൾ പോലും ഷാഫി ഫാൻസുകാർ തെരഞ്ഞെടുപ്പ് വേളകളിൽ നടത്തിയിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് കോഴിക്കോട്ട് കൈവരിക്കാൻ കഴിഞ്ഞ ഐതിഹാസിക വിജയത്തെ 'ടീം യു.ഡി.എഫി'ന്റെ നേട്ടമായി പ്രകമ്പനങ്ങൾ മുഴങ്ങിയപ്പോഴും അതെല്ലാം ഷാഫിയുടെ പ്രവർത്തനശൈലിയുടെ വിജയമായി വാഴ്ത്താനാണ് ഫാൻസ് സംഘം ശ്രമിച്ചത്. പി.ആർ. ടീമുകളുടെ പിന്തുണയോടെ ആവിധം പ്രചരണങ്ങൾ സോഷ്യൽമീഡിയകളിൽ വൈറൽ ആവുകയും ചെയ്തു. ഈവിധം ആസൂത്രിതനീക്കങ്ങൾ പുതിയ തലമുറകളെ വല്ലാതെ സ്വാധീനിക്കുകയും ചെയ്തു. അങ്ങനെയാണ് 'ഇക്ക' ഇമേജ് സമർത്ഥമായി സ്ഥാപിച്ചെടുക്കാൻ ഷാഫി ഫാൻസുകാർക്ക് കഴിഞ്ഞത്.

ആപത്ഘട്ടത്തിൽ വി.ഡി. സതീശനെ കയ്യൊഴിഞ്ഞിട്ടില്ലെന്നും, അവസരവാദ രാഷ്ട്രീയമല്ല  താൻ നടത്തിയതെന്നും കോൺഗ്രസ് പ്രവർത്തകർക്ക് മുന്നിൽ സ്ഥാപിച്ചെടുക്കാൻ ഷാഫി പറമ്പിൽ നന്നായി ബുദ്ധിമുട്ടേണ്ടിവരും. ഇതെല്ലാം തനിക്കെതിരെ മാധ്യമങ്ങൾ സൃഷ്ടിക്കുന്ന പുറംമറകൾ മാത്രമാണെന്ന് സ്ഥാപിച്ചെടുക്കാൻ അത്രയെളുപ്പമല്ല താനും. കാരണം സ്വന്തം നേതാവിനെതിരെ പ്രതികരണങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നത് സ്വന്തം അണികൾ തന്നെയാണല്ലോ. ഏത് വിധേനയും അവരുടെ 'ഷാഫിക്ക'യായി മാറി ജനകീയ പിന്തുണ നേടിയെടുക്കുകയാണ് ഷാഫി പറമ്പിലിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. ആവിധം കടമ്പകൾ ഏത് വിധത്തിൽ മറികടക്കുമെന്ന് തന്നെയാണ് ഏവരും ഉറ്റുനോക്കുന്നതും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.