02:18pm 11 November 2026
NEWS
പൊലീസ് നടപടിക്കിടെ മൂക്കിന് പരിക്കേറ്റ ഷാഫി പറമ്പിലിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി
11/10/2025  06:40 AM IST
nila
പൊലീസ്  നടപടിക്കിടെ മൂക്കിന് പരിക്കേറ്റ ഷാഫി പറമ്പിലിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി

കോഴിക്കോട്‌: പേരാമ്പ്ര സി.കെ.ജി കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരേമ്പ്ര നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തെ തുടർന്നുണ്ടായ പൊലീസ് നടപടിക്കിടെ ഷാഫി പറമ്പിൽ എംപിക്ക് ​ഗുരുതര പരിക്ക്.  ഷാഫിയുടെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടായതിനെ തുടർന്ന് ഷാഫി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഷാഫിയെ രാത്രിയിൽ തന്നെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഷാഫി പറമ്പിലിനെ പൊലീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്താകമാനം യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി. പലയിടത്തും സംഘർഷമുണ്ടായി. 

സെക്രട്ടേറിയേറ്റിലേക്ക് പ്രവർത്തകർ നടത്തിയ മാർച്ച് പോലീസുമായി വലിയ സംഘർഷത്തിൽ കലാശിച്ചു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. സെക്രട്ടേറിയേറ്റിന് മുന്നിൽ സ്ഥാപിച്ച ബാനറുകൾ പ്രവർത്തകർ കീറിയെറിഞ്ഞു. കോഴിക്കോട് നഗരത്തിലും പ്രവർത്തകർ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. കോഴിക്കോട്ട് കമ്മിഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് പൊലീസുമായുള്ള സംഘർഷത്തിൽ കലാശിച്ചു. പ്രകടനത്തിനിടെ നഗരത്തിൽ എൽഡിഎഫ് സ്ഥാപിച്ച വികസന മുന്നേറ്റ യാത്രയുടെ ഫ്ളക്സ് ബോർഡുകൾ പ്രവർത്തകർ കീറിയെറിഞ്ഞു.

മർദനത്തിന് നേതൃത്വം നൽകിയ പൊലീസുകാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ പ്രതിഷേധം തുടരുമെന്ന് ടി.സിദ്ദിഖ് എം.എൽ.എ പറഞ്ഞു. സംസ്ഥാന സർക്കാർ ഉൾപെട്ടിട്ടുള്ള സ്വർണ കള്ളക്കടത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് പോലീസ് നടപടിയെന്ന് ഷാഫി പറമ്പിൽ എം.പി ആരോപിച്ചു. ഇന്ന് പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധസംഗമമുണ്ട്. പരിപാടി വൈകിട്ട് മൂന്നിന് കെ. സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.

രാവിലെ 9.30 ന് കോഴിക്കോട് ഐജി ഓഫിസിന് മുൻപിൽ പ്രതിഷേധ ധർണയും നടത്തും. കണ്ണൂരിലും ആലപ്പുഴയിലും കൊച്ചിയിലുമെല്ലാം യുഡിഫ് പ്രവർത്തകർ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img