
ലൈംഗികാരോപണങ്ങളുടെ പേരിൽ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തെങ്കിലും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ സംരക്ഷിക്കാനും പാർട്ടിക്കുള്ളിൽ സജീവമാക്കാനും ഒരു വിഭാഗം നേതാക്കളുടെ നീക്കം. ഷാഫി പറമ്പിൽ എംപി എ ഗ്രൂപ്പ് നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത് എന്നാണ് റിപ്പോർട്ട്. പാലക്കാട് മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ സജീവമായി നിർത്താനാണ് ധാരണ. ഇതിൻരെ ഭാഗമായി രാഹുലിനെ ഉടൻ പാലക്കാട്ടേക്ക് എത്തിക്കാനാണ് നീക്കം.
എംഎൽഎയായ രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ നിന്ന് ഏറെനാൾ വിട്ടുനിന്നാൽ പ്രതിസന്ധിയാവുമെന്ന നിലപാടിലാണ് നേതാക്കൾ. ഇതൊഴിവാക്കാനാണ് എ ഗ്രൂപ്പ് നേതാക്കളുടെ പരിശ്രമം. ഇതിന്റെ ഭാഗമായി വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും പരിപാടികളിൽ രാഹുലിനെ പങ്കെടുപ്പിക്കാനാണ് തീരുമാനം.
കഴിഞ്ഞ ദിവസം ഒരു വിവാഹത്തിൽ പങ്കെടുക്കാനായി ഷാഫി പറമ്പിൽ പാലക്കാട് എത്തിയിരുന്നു. മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ മാത്രമാണ് താൻ എത്തിയതെന്നായിരുന്നു പ്രതികരണം. ഈ പരിപാടിക്ക് ശേഷമാണ് മണ്ഡലത്തിലെ മുതിർന്ന എ ഗ്രൂപ്പ് നേതാക്കളുമായി ഷാഫി ചർച്ച നടത്തിയത്.











