04:41am 04 October 2026
NEWS
ഉത്തരം മുട്ടുമ്പോൾ നിഴൽയുദ്ധം; പഴയ രാഷ്ട്രീയ ഓർമ്മകൾകൊണ്ട് പുതിയ ചോദ്യങ്ങളെ സി.പി.എമ്മിന് മറയ്ക്കാനാവുമോ?
30/09/2026  02:10 PM IST
ഡോ. ഇ. യൂസുഫ് സാഹിബ്, ഓച്ചിറ
ഉത്തരം മുട്ടുമ്പോൾ നിഴൽയുദ്ധം; പഴയ രാഷ്ട്രീയ ഓർമ്മകൾകൊണ്ട് പുതിയ ചോദ്യങ്ങളെ സി.പി.എമ്മിന് മറയ്ക്കാനാവുമോ?

കാജാബീഡിയുടെയും കട്ടൻചായയുടെയും പരിപ്പുവടയുടെയും കഥ പറഞ്ഞ്, മെഴുകുതിരിവെട്ടത്തിൽ പാർട്ടി ക്ലാസുകളെടുത്ത് ആവേശം പകരുന്ന ഒരു രാഷ്ട്രീയ കാലം കേരളത്തിനുണ്ടായിരുന്നു. ലാളിത്യവും ത്യാഗവും തൊഴിലാളിവർഗത്തോടുള്ള ഐക്യവും ചൂഷണത്തിനെതിരായ പോരാട്ടവുമായിരുന്നു ആ രാഷ്ട്രീയത്തിന്റെ മുഖമുദ്ര. സാധാരണക്കാരുടെ ജീവിതത്തോട് ചേർന്നുനിന്ന നേതാക്കളും പാർട്ടി പ്രവർത്തകരും ചേർന്ന് രൂപപ്പെടുത്തിയ ആ രാഷ്ട്രീയ പ്രതിച്ഛായയ്ക്ക് കേരളത്തിന്റെ പൊതുജീവിതത്തിൽ അന്ന് വലിയ സ്വാധീനവുമുണ്ടായിരുന്നു. എന്നാൽ ഒരു കാലത്തിന്റെ രാഷ്ട്രീയ ഓർമ്മകൾക്ക് മറ്റൊരു കാലത്തിന്റെ ചോദ്യങ്ങൾക്ക് മറുപടിയാകാനാവില്ല. പഴയ പ്രതിച്ഛായയുടെ തണലിൽ ഇന്നത്തെ യാഥാർഥ്യങ്ങളെ മറച്ചുവെക്കാനുള്ള ശ്രമം എത്ര ശക്തമായാലും, പുതിയ തലമുറയുടെ മുന്നിൽ അതിന് അധികകാലം നിലനിൽക്കാനാവില്ല എന്നതാണ് യാഥാർഥ്യം. 

കേരളത്തിലെ സിപിഎമ്മിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ അവസ്ഥയെ ഈ പശ്ചാത്തലത്തിലാണ് വായിക്കേണ്ടത്. പത്ത് വർഷത്തെ എൽഡിഎഫ് ഭരണത്തിന് ശേഷം 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 102 സീറ്റുകൾ നേടി അധികാരത്തിലെത്തുകയും, സിപിഎമ്മിന്റെ നിയമസഭാ സാന്നിധ്യം 26 സീറ്റുകളിലേക്ക് ചുരുങ്ങുകയും ചെയ്തു. അത് ഒരു തിരഞ്ഞെടുപ്പ് പരാജയം മാത്രമായി കാണുന്നത് രാഷ്ട്രീയ യാഥാർഥ്യത്തെ ലളിതവൽക്കരിക്കലായിരിക്കും. ഭരണത്തിന്റെ പ്രകടനം, അധികാരത്തിന്റെ കേന്ദ്രീകരണം, സംഘടനയുടെ പ്രവർത്തനരീതി, നേതാക്കളുടെ പെരുമാറ്റം, പൊതുജീവിതത്തിലെ സുതാര്യത, സ്ത്രീകളോടും വിമർശകരോടുമുള്ള സമീപനം, സാമ്പത്തികവും ഭരണപരവുമായ തീരുമാനങ്ങൾ എന്നിവയെക്കുറിച്ച് സമൂഹത്തിൽ രൂപപ്പെട്ട വ്യക്തമായ അസംതൃപ്തിയുടെ രാഷ്ട്രീയ പ്രതിഫലനമായും ഈ തിരിച്ചടിയെ കാണേണ്ടതുണ്ട്.

അത്തരം ഒരു ഘട്ടത്തിലാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും കേന്ദ്രീകരിച്ചുള്ള സിപിഎമ്മിന്റെ പുതിയ രാഷ്ട്രീയ ഭാഷ ശ്രദ്ധേയമാകുന്നത്. ലീഗിനോടുള്ള പാർട്ടിയുടെ സമീപനത്തിൽ തന്നെ സമീപകാലത്ത് വലിയ മാറ്റമുണ്ടായി. ഒരുകാലത്ത് ലീഗിനെ കടുത്ത വർഗീയ രാഷ്ട്രീയത്തിന്റെ പ്രതിനിധിയായി വിശേഷിപ്പിച്ചിരുന്ന സിപിഎം നേതൃത്വം 2022-23 കാലഘട്ടത്തിൽ അതേ ലീഗിനെ മതനിരപേക്ഷവും ജനാധിപത്യപരവുമായ പാർട്ടിയായി വിശേഷിപ്പിച്ചിരുന്നു. 2023ൽ എം.വി. ഗോവിന്ദൻ ലീഗിനെ മതനിരപേക്ഷ കാഴ്ചപ്പാടുള്ള പാർട്ടിയായി വിശേഷിപ്പിക്കുകയും, ഇടതുമുന്നണിയുടെ വാതിലുകൾ അവർക്കായി തുറന്നുകിടക്കുന്നതായി പറയുകയും ചെയ്തിരുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് നേരിട്ട കനത്ത തിരിച്ചടിക്ക് ശേഷം ആ ഭാഷയിൽ പ്രകടമായ മാറ്റമുണ്ടായി.

രാഷ്ട്രീയ നിലപാടുകൾ കാലാനുസൃതമായി മാറുന്നത് അസ്വാഭാവികമല്ല. ഒരു പാർട്ടിക്ക് മറ്റൊരു പാർട്ടിയുമായി സഹകരിക്കാനും, പിന്നീട് വിമർശിക്കാനും കഴിയും. എന്നാൽ നിലപാട് മാറുമ്പോൾ അതിന്റെ കാരണവും രാഷ്ട്രീയ വിശദീകരണവും സമൂഹത്തോട് പറയേണ്ട ഉത്തരവാദിത്തമുണ്ട്. ഇന്നലെ മതനിരപേക്ഷതയുടെ പരിധിയിൽ ഉൾപ്പെടുത്തിയിരുന്ന ഒരു രാഷ്ട്രീയ സംഘടന ഇന്ന് പെട്ടെന്ന് മതവർഗീയ രാഷ്ട്രീയത്തിന്റെ കേന്ദ്രശക്തിയായി മാറിയെങ്കിൽ, ആ മാറ്റത്തിന്റെ രാഷ്ട്രീയ കാരണങ്ങൾ വിശദീകരിക്കേണ്ടത് സ്വാഭാവികമായും ആ നിലപാട് സ്വീകരിക്കുന്ന നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണ്.

ഇവിടെയാണ് ജമാഅത്തെ ഇസ്ലാമിയുടെ വിഷയവും പ്രസക്തമാകുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളോടും രാഷ്ട്രീയ നിലപാടുകളോടും യോജിക്കേണ്ട യാതൊരു ബാധ്യതയും ആർക്കുമില്ല. അതിന്റെ രാഷ്ട്രീയ ദർശനത്തെ വിമർശിക്കാം. മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അതിന്റെ നിലപാടുകളെ പരസ്യമായി ചോദ്യം ചെയ്യാം. ജനാധിപത്യവും മതനിരപേക്ഷതയും സംബന്ധിച്ച അതിന്റെ സമീപനത്തെയും വിമർശിക്കാം. അതിന്റെ വിവിധ രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ച് വിശദമായ പരിശോധന നടത്തുകയും ചെയ്യാം. എന്നാൽ വിമർശനത്തിന് ചരിത്രബോധവും വസ്തുതാപരമായ സത്യസന്ധതയും വേണം. 

ജമാഅത്തെ ഇസ്ലാമിയുടെ കേരളാ അമീർ പി. മുജീബ് റഹ്മാൻ 2024ൽ നടത്തിയ വിശദീകരണത്തിൽ വിവിധ തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിന് പിന്തുണ നൽകിയതായി അവകാശപ്പെട്ടിരുന്നു. 1996, 2004, 2009 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും, 2006, 2011 നിയമസഭാ തിരഞ്ഞെടുപ്പുകളിലും എൽഡിഎഫിനെ പിന്തുണച്ചതായി അദ്ദേഹം പറഞ്ഞു. 2011ൽ പിണറായി വിജയൻ അന്നത്തെ ജമാഅത്ത് അമീർ ടി. ആരിഫലി ഉൾപ്പെടെയുള്ള നേതാക്കളുമായി ചർച്ച നടത്തിയിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ഓരോ തിരഞ്ഞെടുപ്പിലും ഒരേ മുന്നണിയെ സ്ഥിരമായി പിന്തുണച്ചുവെന്നല്ല, സാഹചര്യാനുസൃതമായ രാഷ്ട്രീയ തീരുമാനങ്ങളായിരുന്നു അവ എന്ന വിശദീകരണത്തോടെയാണ് ഈ അവകാശവാദങ്ങൾ അദ്ദേഹം മുന്നോട്ടുവച്ചത്. 

ഇതിന്റെ അടിസ്ഥാനത്തിൽ ജമാഅത്തെ ഇസ്ലാമി അതിന്റെ തുടക്കം മുതൽ എല്ലാ കാലത്തും സിപിഎമ്മിന്റെ സ്ഥിരം സുഹൃത്തായിരുന്നുവെന്ന് പറയുന്നത് ചരിത്രപരമായി അതിശയോക്തിയായിരിക്കും. എന്നാൽ വിവിധ തിരഞ്ഞെടുപ്പുകളിലും പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങളിലും ഇടതുപക്ഷവുമായി പിന്തുണയോ സഹകരണമോ ഉണ്ടായിരുന്നുവെന്ന വസ്തുതകളും അവകാശവാദങ്ങളും അവഗണിച്ചുകൊണ്ട് ഇന്നത്തെ രാഷ്ട്രീയ ശത്രുതയെ മാത്രം ചരിത്രത്തിന്റെ പൂർണരൂപമായി അവതരിപ്പിക്കുന്നതും ശരിയല്ല. 2015ലെ തദ്ദേശതിരഞ്ഞെടുപ്പുകളിലും ചില പ്രദേശങ്ങളിൽ സിപിഎമ്മും ജമാഅത്ത് ബന്ധമുള്ള രാഷ്ട്രീയ വിഭാഗങ്ങളും തമ്മിൽ സഹകരണമുണ്ടായെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു.
ഇതേ രാഷ്ട്രീയ വൈരുധ്യം മുസ്ലിം ലീഗിന്റെ കാര്യത്തിലും കാണാം. 1967ലെ രണ്ടാം ഇ.എം.എസ്. മന്ത്രിസഭയിൽ മുസ്ലിം ലീഗ് പങ്കാളിയായിരുന്ന ചരിത്രം മുതൽ കേരളത്തിൽ ഇടതുപക്ഷവും ലീഗും തമ്മിലുള്ള വിവിധ രാഷ്ട്രീയ ബന്ധങ്ങളുടെ അധ്യായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇടതുപക്ഷം ലീഗിനെ സമീപിച്ച കാലഘട്ടങ്ങളും ലീഗുമായി രാഷ്ട്രീയ സഹകരണത്തിന് സാധ്യത തേടിയ ഘട്ടങ്ങളും ഉണ്ടായിട്ടുണ്ട്.
അതുകൊണ്ട് ഇന്നത്തെ രാഷ്ട്രീയ ആക്രമണത്തിന്റെ പ്രശ്‌നം വിമർശനം നടത്തുന്നതിലല്ല. ഇന്നലെ സ്വീകരിച്ച രാഷ്ട്രീയ സമീപനവും ഇന്ന് സ്വീകരിക്കുന്ന സമീപനവും തമ്മിലുള്ള ദൂരം വിശദീകരിക്കാതെ ശത്രുതയുടെ പുതിയ ഭാഷ മാത്രം ഉപയോഗിക്കുന്നതിലാണ്.

ഇവിടെയാണ് ''നിഴൽയുദ്ധം'' എന്ന രാഷ്ട്രീയ നിരീക്ഷണം പ്രസക്തമാകുന്നത്. ഒരു പാർട്ടി തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുമ്പോൾ ആദ്യം വേണ്ടത് ആത്മപരിശോധനയാണ്, ജനങ്ങൾ എന്തുകൊണ്ട് അകന്നു എന്ന പരിശോധനയാണ് ഇതിൽ മുഖ്യം. ഭരണത്തിൽ എന്താണ് തെറ്റിയത് എന്ന വിലയിരുത്തലാണ് പ്രാധാന്യം. സംഘടനയിൽ എവിടെയാണ് ക്ഷയം സംഭവിച്ചതെന്ന പരിശോധനയാണ് ആവശ്യം. പാർട്ടി പ്രഖ്യാപിക്കുന്ന ആശയങ്ങളും അധികാരത്തിലെത്തിയ ശേഷമുള്ള പ്രവർത്തനങ്ങളും തമ്മിലുള്ള അകലം എത്രയാണെന്ന കണക്കെടുപ്പാണ് വേണ്ടത്. നേതാക്കളുടെ ജീവിതവും പ്രസംഗിക്കുന്ന രാഷ്ട്രീയ മൂല്യങ്ങളും തമ്മിൽ എത്ര പൊരുത്തമുണ്ടെന്ന പരിശോധനയാണ് പരമ പ്രാധാനം.
അതിനു പകരം സമൂഹത്തിന്റെ ശ്രദ്ധ മറ്റൊരു രാഷ്ട്രീയ ശക്തിയിലേക്ക് തിരിക്കുക എളുപ്പമുള്ള മാർഗമാണ്. ലീഗിനെ ചർച്ചയുടെ കേന്ദ്രമാക്കാം. ജമാഅത്തെ ഇസ്ലാമിയെ രാഷ്ട്രീയ ഭീഷണിയായി ചിത്രീകരിക്കാം. എതിരാളികളുടെ കൂട്ടുകെട്ടുകളെക്കുറിച്ച് നിരന്തരം സംസാരിക്കാം. അതിലൂടെ കുറച്ചുകാലത്തേക്ക് രാഷ്ട്രീയ ചർച്ചയുടെ ദിശ മാറ്റാനും കഴിയും. എന്നാൽ അതോടെ അടിസ്ഥാന ചോദ്യങ്ങൾ ഇല്ലാതാകുന്നില്ല. ചോദ്യങ്ങൾ അവിടെത്തന്നെയുണ്ട്.

ജനങ്ങൾ ചോദിക്കുന്നത് ഭരണത്തിന്റെ കാര്യക്ഷമതയെക്കുറിച്ചാണ്. അധികാരത്തിന്റെ ഉപയോഗത്തെക്കുറിച്ചാണ്. പൊതുസമ്പത്തും സ്വകാര്യ താൽപര്യങ്ങളും തമ്മിലുള്ള അതിർത്തിയെക്കുറിച്ചാണ്. നേതാക്കളുടെ ജീവിതശൈലിയെക്കുറിച്ചാണ്. പാർട്ടി പറയുന്ന ലാളിത്യത്തിന്റെയും നേതാക്കളുടെ ജീവിതത്തിലെ സൗകര്യങ്ങളുടെയും അണികളുടെ ഇടയിലെ വ്യത്യാസത്തെക്കുറിച്ചാണ്. സ്ത്രീകളോടുള്ള സമീപനത്തെക്കുറിച്ചാണ്. പുരുഷാധിപത്യത്തിന്റെ അവശിഷ്ടങ്ങളെക്കുറിച്ചാണ്. വിമർശകരോടുള്ള സമീപനത്തെക്കുറിച്ചാണ്. പാർട്ടി ഘടനയ്ക്കുള്ളിലെ ജനാധിപത്യത്തെക്കുറിച്ചാണ്. ഭരണകൂടവും പാർട്ടിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ്. ഈ വ്യക്തമായ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടിടത്ത് മറ്റൊരു രാഷ്ട്രീയ ശത്രുവിനെ മുന്നിലേക്ക് കൊണ്ടുവരുന്നത് പ്രശ്‌നപരിഹാരമല്ല. അത് ശ്രദ്ധതിരിക്കൽ മാത്രമാണ്. ഇതാണ് സമൂഹത്തിന്റെ മുന്നിൽ ഇപ്പോൾ തെളിഞ്ഞുവരുന്ന രാഷ്ട്രീയ ചിത്രം.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളും ഇതേ സാഹചര്യത്തിൽ സൂക്ഷ്മമായി വായിക്കേണ്ടതാണ്. സി.എം.ആർ.എൽ എക്‌സാലോജിക് കേസിൽ പിണറായി വിജയൻ, വീണ വിജയൻ, മുഹമ്മദ് റിയാസ് തുടങ്ങിയവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കേരള പൊലീസിനോട് ഇഡി ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. പിണറായി വിജയൻ ആരോപണങ്ങൾ നിഷേധിക്കുകയും നടപടിക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ആരോപിക്കുകയും ചെയ്തിട്ടുണ്ട്.
ഇത് ആരുടെയെങ്കിലും കുറ്റം തെളിഞ്ഞുവെന്നർഥമല്ല. അന്വേഷണം, ആരോപണം, കുറ്റപത്രം, പ്രതിസ്ഥാപനം എന്നിവ നിയമപരമായി വ്യത്യസ്ത ഘട്ടങ്ങളാണ്. എന്നാൽ അന്വേഷണ ഏജൻസി ഉയർത്തുന്ന ആരോപണങ്ങൾ രാഷ്ട്രീയമായി നേരിടുമ്പോൾ ആരോപണങ്ങളുടെ ഉള്ളടക്കത്തിന് വസ്തുതാപരമായ മറുപടി നൽകുക എന്നത് ജനാധിപത്യ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ''രാഷ്ട്രീയ ഗൂഢാലോചന'' എന്ന വിശേഷണം മാത്രം മതിയാകില്ല. അതുപോലെ തന്നെ അന്വേഷണത്തെ രാഷ്ട്രീയ ഗൂഢാലോചനയായി അവതരിപ്പിക്കുന്നതും ശരിയല്ല. ഇരുവശത്തും വേണ്ടത് വസ്തുതയും രേഖകളും സുതാര്യതയുമാണ്.

ഇത്തരമൊരു സാഹചര്യത്തിൽ ലീഗിനെയും ജമാഅത്തിനെയും ചർച്ചയുടെ കേന്ദ്രമാക്കി സ്വന്തം രാഷ്ട്രീയ പ്രതിസന്ധിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം നടക്കുന്നതായി സമൂഹത്തിന് തോന്നുന്നുവെങ്കിൽ അതിനെ പൂർണമായും അവഗണിക്കാനാവില്ല. അത് ഒരു രാഷ്ട്രീയ വ്യാഖ്യാനമാണ്, അത് തെളിയിക്കേണ്ടത് രാഷ്ട്രീയ പ്രവർത്തനങ്ങളുടെ തുടർച്ചയാണ്. എന്നാൽ 2024ലെ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് ശേഷം ലീഗിനെക്കുറിച്ചുള്ള സിപിഎം ഭാഷ മാറിയതും, 2026ലെ തിരഞ്ഞെടുപ്പിന് മുമ്പ് ന്യൂനപക്ഷ രാഷ്ട്രീയത്തെക്കുറിച്ചുള്ള സിപിഎംബിജെപി ഭാഷയിൽ ചില സാമ്യങ്ങൾ ചൂണ്ടിക്കാണിക്കപ്പെട്ടതും ഈ സംശയങ്ങൾക്ക് രാഷ്ട്രീയ പശ്ചാത്തലം നൽകുന്നുണ്ട്. 

ഇവിടെ ഒരു അടിസ്ഥാന ജനാധിപത്യ തത്വം ഓർക്കേണ്ടതുണ്ട്. ഒരു രാഷ്ട്രീയ പാർട്ടിക്ക് എതിരാളിയെ വിമർശിക്കാനുള്ള അവകാശമുണ്ട്. എന്നാൽ എതിരാളിയെ വിമർശിക്കുന്നതിലൂടെ മാത്രം സ്വന്തം ഉത്തരവാദിത്തത്തിൽ നിന്ന് മോചനം നേടാനാവില്ല. മറ്റൊരാളുടെ തെറ്റ് ചൂണ്ടിക്കാട്ടുന്നതിലൂടെ സ്വന്തം തെറ്റ് ശരിയാകുന്നില്ല. മറ്റൊരു പാർട്ടിയുടെ കൂട്ടുകെട്ടിനെ വിമർശിക്കുന്നതിലൂടെ മാത്രം സ്വന്തം പാർട്ടിയുടെ പഴയ കൂട്ടുകെട്ടുകളുടെ ചരിത്രം കാലഹരണപ്പെടുന്നതുമില്ല. 

രാഷ്ട്രീയത്തിൽ ഓർമ്മകൾക്ക് വലിയ പ്രാധാന്യമുണ്ട്. ഇന്നലെ പറഞ്ഞ വാക്കുകളും ഇന്ന് പറഞ്ഞ വാക്കുകളും സമൂഹം താരതമ്യം ചെയ്യും. ഇന്നലെ സ്വീകരിച്ച ആളുകളെയും ഇന്ന് തള്ളുന്ന ആളുകളെയും സമൂഹം ഓർക്കും. ഇന്നലെ നടത്തിയ രാഷ്ട്രീയ ചർച്ചകളും ഇന്ന് നടത്തുന്ന ആരോപണങ്ങളും ഒരുമിച്ച് പരിശോധിക്കും. ഇത് ഡിജിറ്റൽ കാലത്തിന്റെ വലിയ പ്രത്യേകതയാണ്.

ഒരുകാലത്ത് പാർട്ടി സമ്മേളനങ്ങളുടെയും പൊതുയോഗങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും നിയന്ത്രിത ലോകത്തിനുള്ളിലായിരുന്നു രാഷ്ട്രീയ ഓർമ്മകൾ. ഇന്ന് പഴയ പ്രസംഗങ്ങൾ സെക്കൻഡുകൾക്കുള്ളിൽ പുറത്തുവരുന്നു. പഴയ പത്രവാർത്തകൾ വീണ്ടും വായിക്കപ്പെടുന്നു. പഴയ കൂട്ടുകെട്ടുകളുടെ രേഖകൾ ചർച്ച ചെയ്യപ്പെടുന്നു. നേതാക്കളുടെ പഴയ നിലപാടുകളും ഇന്നത്തെ പ്രസ്താവനകളും തമ്മിൽ താരതമ്യം ചെയ്യപ്പെടുന്നു. അതിനാൽ രാഷ്ട്രീയത്തിന്റെ ചരിത്രം മായ്ച്ചുകളയുക എന്നത് ഇനി സാധ്യമല്ല. ഇതാണ് പുതിയ തലമുറയുടെ രാഷ്ട്രീയ ബോധത്തിന്റെ ശക്തി.

സയ്യിദ് മൗദൂദിയുടെ ആശയങ്ങളെക്കുറിച്ചുള്ള പഴയ ചർച്ചകളും ഈ പശ്ചാത്തലത്തിൽ സൂക്ഷ്മമായി സമീപിക്കണം. മൗദൂദി മാർക്‌സിസ്റ്റോ സോഷ്യലിസ്റ്റോ ആയിരുന്നുവെന്ന വാദം ചരിത്രപരമായി ശരിയല്ല. എന്നാൽ അദ്ദേഹത്തിന്റെ ചിന്തയിൽ മാർക്‌സിയൻ വിമർശനങ്ങൾക്ക് സമാനമായ ബൗദ്ധിക ഇടപെടലും വിപണി വ്യവസ്ഥയോടുള്ള വിമർശനവും ഉണ്ടായിരുന്നുവെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. അതേസമയം അദ്ദേഹം കമ്മ്യൂണിസത്തെയും ക്യാപിറ്റലിസത്തെയും അംഗീകരിച്ചില്ല. ഇസ്ലാമിക സാമൂഹ്യ-സാമ്പത്തിക ചിന്തയെ ഒരു വ്യത്യസ്ത വഴിയായി മുന്നോട്ടുവച്ചു.

അതുകൊണ്ട് ഇടതുപക്ഷ ബൗദ്ധിക വൃത്തങ്ങളിൽ ഏതെങ്കിലും ഘട്ടത്തിൽ മൗദൂദിയുടെ ചില ആശയങ്ങളിൽ മാർക്‌സിയൻ വിമർശനങ്ങളോട് സാമ്യം കണ്ടെത്തിയിരുന്നെങ്കിൽ അത് ''മൗദൂദി മാർക്‌സിസ്റ്റായിരുന്നു'' എന്ന ലളിതമായ രാഷ്ട്രീയ മുദ്രാവാക്യമായി ചുരുക്കാൻ പാടില്ല. ആശയപരമായ സാമ്യവും ആശയപരമായ ഏകത്വവും രണ്ടാണ്. രാഷ്ട്രീയ വിശകലനത്തിന് ഈ വ്യത്യാസം നിർണായകമാണ്.
രാഷ്ട്രീയത്തിൽ ഏറ്റവും എളുപ്പമുള്ള ആയുധം ലേബലുകളാണ്. മതനിരപേക്ഷൻ, വർഗീയൻ, തീവ്രവാദി, ഫാസിസ്റ്റ്, സാമ്രാജ്യത്വവാദി, ജനവിരുദ്ധൻ, കമ്മ്യൂണിസ്റ്റ്ഇങ്ങനെ മുദ്രകുത്തിക്കഴിഞ്ഞാൽ വിഷയവുമായി ബന്ധപ്പെട്ട വിശദമായ സംവാദത്തിന്റെ ആവശ്യം കുറയും. എന്നാൽ ജനാധിപത്യം ലേബലുകളുടെ മത്സരമല്ല. ആശയങ്ങളുടെ പരിശോധനയാണ്. രാഷ്ട്രീയത്തിന്റെ ഗുണനിലവാരം നിർണയിക്കുന്നത് ആരെയാണ് കൂടുതൽ മോശമായി ചിത്രീകരിച്ചത് എന്നതിലല്ല. മറിച്ച് സ്വന്തം നിലപാടിനെ എത്ര രേഖകളോടെ വ്യക്തമായി വിശദീകരിക്കാൻ കഴിഞ്ഞു എന്നതിലാണ്.

കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തെ ഒരൊറ്റ രാഷ്ട്രീയ ബ്ലോക്കായി അവതരിപ്പിക്കാൻ കഴിയില്ല. ഇവിടെ മുസ്ലിം ലീഗുണ്ട്, ജമാഅത്തെ ഇസ്ലാമിയുണ്ട്, വിവിധ മതസംഘടനകളുണ്ട്, വിവിധ രാഷ്ട്രീയ പാർട്ടികളെ പിന്തുണയ്ക്കുന്ന മുസ്ലിം വോട്ടർമാരുണ്ട്. ഒരു സംഘടനയുടെ നിലപാടിനെ മുഴുവൻ മുസ്ലിം സമൂഹത്തിന്റെ നിലപാടായി അവതരിപ്പിക്കുന്നതും തെറ്റാണ്. അതുപോലെ ഒരു തിരഞ്ഞെടുപ്പിൽ ഒരു സംഘടനയുടെ പിന്തുണ ലഭിച്ചതുകൊണ്ട് ആ മുന്നണി ആ സംഘടനയുടെ ആശയധാര മുഴുവൻ ഏറ്റെടുത്തു എന്നു പറയുന്നതും രാഷ്ട്രീയമായി ദുർവ്യാഖ്യാനമാണ്. 

അതേസമയം രാഷ്ട്രീയ കൂട്ടുകെട്ടുകൾ ഒരിക്കലും വിമർശിക്കപ്പെടരുതെന്നുമില്ല. വിമർശനം തെളിവുകളുടെയും യുക്തിയുടെയും അടിസ്ഥാനത്തിലായിരിക്കണം. ഒരേ മാനദണ്ഡം എല്ലാവർക്കും ബാധകമാക്കണം. സ്വന്തം പക്ഷത്തിന് അനുകൂലമായപ്പോൾ ഒരു സംഘടനയുടെ പിന്തുണ മതനിരപേക്ഷ ജനാധിപത്യത്തിന്റെ സ്വാഭാവിക ഭാഗമാകുകയും, എതിരാളിക്ക് അനുകൂലമായപ്പോൾ അതേ പിന്തുണ വർഗീയതയുടെ തെളിവായി മാറുകയും ചെയ്യുന്ന സമീപനം സമൂഹത്തിൽ സംശയവും ദുരൂഹതകളും  സൃഷ്ടിക്കും. ഇവിടെയാണ് സിപിഎമ്മിന് ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളി. അത് ലീഗിനെയും ജമാഅത്തിനെയും നേരിടുന്നതിൽ മാത്രം പരിമിമിതപ്പെടെണ്ടതല്ല. ആദ്യം സ്വന്തം രാഷ്ട്രീയ വിശ്വാസ്യത പുനഃസ്ഥാപിക്കുകയാണ് അവർ ചെയ്യേണ്ടത്. 

ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ചരിത്രശക്തി എതിരാളിയെ കുറ്റപ്പെടുത്തുന്നതിലായിരുന്നില്ല. സമൂഹത്തിലെ അനീതിയെ ചോദ്യം ചെയ്യുന്നതിലായിരുന്നു. തൊഴിലാളിയുടെ അവകാശം, കർഷകന്റെ പ്രശ്‌നം, സാധാരണക്കാരന്റെ ജീവിതം, സ്ത്രീയുടെ മാന്യത, പിന്നോക്കക്കാരന്റെ അവകാശം, അധികാരത്തിന്റെ ഉത്തരവാദിത്തംഇവയായിരുന്നു അതിന്റെ രാഷ്ട്രീയത്തിന്റെ കേന്ദ്രത്തിൽ ഒരുകാലത്ത് നിറഞ്ഞുനിന്നത്. ആ പാരമ്പര്യം ഇന്ന് എതിരാളികളുടെ രാഷ്ട്രീയത്തെ നിരന്തരം പരിശോധിക്കുന്നതിലേക്കു മാത്രം ചുരുങ്ങുകയാണെങ്കിൽ അത് ആശയപരമായ ദൗർബല്യമാണ്. ഉത്തരം മുട്ടുന്നതിന്റെ പ്രകടമായ തെളിവുമാണ്. 

ഒരു പാർട്ടിയുടെ ധാർമിക ശക്തി അതിന്റെ സംഘടനാ ശേഷിയെക്കാൾ വലുതാണ്. സംഘടനകൾ തെരഞ്ഞെടുപ്പിൽ ജയിപ്പിക്കും. അധികാരം നിലനിർത്താനും സഹായിക്കും. എന്നാൽ ദീർഘകാല രാഷ്ട്രീയ വിശ്വാസ്യത സൃഷ്ടിക്കുന്നത് ധാർമിക വിശ്വാസ്യതയാണ്. അതിന് വിള്ളൽ വന്നാൽ വലിയ സമ്മേളനങ്ങൾക്കും ശക്തമായ മുദ്രാവാക്യങ്ങൾക്കും അതിനെ പുനഃസ്ഥാപിക്കാൻ കഴിയില്ല.

അതുകൊണ്ട് നേതാക്കളുടെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങളും കൂടുതൽ ഗൗരവമായി കാണണം. ഒരു നേതാവ് കട്ടൻചായ കുടിച്ചോ വിലകൂടിയ കോഫി കുടിച്ചോ എന്നത് രാഷ്ട്രീയ പ്രശ്‌നമല്ല. ലളിതമായി ജീവിച്ചാൽ മാത്രം ഒരാൾ നല്ല രാഷ്ട്രീയക്കാരനാകുന്നുമില്ല. സമ്പന്നമായി ജീവിച്ചാൽ മാത്രം ഒരാൾ മോശം രാഷ്ട്രീയക്കാരനാകുന്നുമില്ല. എന്നാൽ പതിറ്റാണ്ടുകളായി ത്യാഗവും ലാളിത്യവും തൊഴിലാളിവർഗ ജീവിതവും രാഷ്ട്രീയ ധാർമികതയുടെ ഭാഗമാക്കി അവതരിപ്പിച്ച ഒരു പ്രസ്ഥാനം അധികാരത്തിലെത്തിയ ശേഷം അതിന്റെ നേതാക്കളുടെ ജീവിതത്തെക്കുറിച്ച് സമൂഹത്തിൽ സംശയങ്ങൾ ഉയർന്നാൽ അതിന് വിശദീകരണം നൽകേണ്ട ഉത്തരവാദിത്തമുണ്ട്. പ്രശ്‌നം ജീവിതസൗകര്യങ്ങളിൽ മാത്രം പരിമിതപ്പെടുന്നുമില്ല, പ്രസംഗവും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തമാണ് മുഖ്യം.

അതേപോലെ പുരുഷാധിപത്യത്തെക്കുറിച്ചുള്ള ചോദ്യങ്ങളും ഒഴിവാക്കാനാവില്ല. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി ശക്തമായ നിലപാടുകൾ സ്വീകരിച്ച ഒരു രാഷ്ട്രീയ പ്രസ്ഥാനം സ്വന്തം സംഘടനാ സെറ്റപ്പിനുള്ളിൽ സ്ത്രീകളുടെ അനുഭവങ്ങളെക്കുറിച്ച് ഉയരുന്ന വിമർശനങ്ങൾ ഗൗരവമായി കേൾക്കണം. സ്ത്രീകളുടെ അവകാശത്തെക്കുറിച്ച് സംസാരിക്കുന്നതും സ്വന്തം അധികാരഘടനകളിൽ അതിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നതും രണ്ടാണെന്ന തിരിച്ചറിവ് മുഖ്യമാണ്. 

അടിച്ചമർത്തലിന് ന്യായീകരണം കണ്ടെത്തുന്ന രാഷ്ട്രീയ സംസ്‌കാരവും അതുപോലെ അപകടകരമാണ്. പാർട്ടി താൽപര്യത്തിന്റെ പേരിൽ വിമർശനത്തെ അടിച്ചമർത്തുക, അനിഷ്ടകരമായ ചോദ്യങ്ങളെ ഗൂഢാലോചനയായി ചിത്രീകരിക്കുക, സംഘടനയുടെ പ്രതിച്ഛായ സംരക്ഷിക്കാൻ വസ്തുതകളെ മറയ്ക്കുക, അധികാരത്തിന്റെ ശക്തി ഉപയോഗിച്ച് രാഷ്ട്രീയ വിമർശകരെ ഭയപ്പെടുത്തുക ഇവ ഏത് പാർട്ടിയിലുണ്ടായാലും ജനാധിപത്യത്തിന് ഭൂഷണമല്ല, അപകടകരമാണ്. ഇടതുപക്ഷത്തിൽ നിന്ന് സമൂഹം പ്രതീക്ഷിക്കുന്നത് മറ്റുള്ളവരെക്കാൾ ഉയർന്ന രാഷ്ട്രീയ ധാർമികതയാണ്. കാരണം ഇടതുപക്ഷം തന്നെ സമൂഹത്തോട് അത്തരമൊരു ധാർമികതയുടെ വാഗ്ദാനം നൽകിയതാണ്.
അതിനാൽ ഇന്നത്തെ രാഷ്ട്രീയ പ്രതിസന്ധിയിൽ നിന്ന് പുറത്തുവരാൻ സിപിഎമ്മിന് ആവശ്യമായത് പുതിയ ശത്രുക്കളെയല്ല, പുതിയ ആത്മപരിശോധനയാണ്. പഴയ മുദ്രാവാക്യങ്ങളുടെ പുനരാവർത്തനമല്ല, പുതിയ ഉത്തരങ്ങളാണ്. എതിരാളികളുടെ പരാജയകഥയല്ല, സ്വന്തം പരാജയത്തിന്റെ കാരണങ്ങൾ തുറന്ന് സമ്മതിക്കാനുള്ള ധൈര്യമാണ്.

സമൂഹത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിയാത്ത അവസ്ഥയിൽ നടത്തുന്ന രാഷ്ട്രീയ ആക്രമണങ്ങൾ എത്ര ഉച്ചത്തിലായാലും അവ നിഴൽയുദ്ധമായി മാത്രമേ അവശേഷിക്കൂ. വെളിച്ചത്തിൽ നിൽക്കുന്ന പ്രശ്‌നങ്ങളെ നിഴലുകളാക്കി മാറ്റാൻ കഴിയില്ല.
ഇന്ന് കേരളത്തിലെ പൊതുസമൂഹം കൂടുതൽ വിവരസമ്പന്നമാണ്. ഒരു പ്രസംഗം കേട്ടാൽ അതിന്റെ പഴയ പതിപ്പ് കണ്ടെത്താൻ കഴിയുന്ന കാലമാണിത്. ഒരു ആരോപണം ഉയർന്നാൽ അതിന്റെ രേഖ അന്വേഷിക്കാനും പരിശോധിക്കാനും കഴിയുന്ന കാലമാണിത്. ഒരു രാഷ്ട്രീയ സഖ്യത്തെക്കുറിച്ച് പറയുമ്പോൾ അതിന്റെ പഴയ ചരിത്രം പരിശോധിക്കാൻ കഴിയുന്ന കാലമാണിത്. അതിനാൽ രാഷ്ട്രീയ നേതൃത്വം സമൂഹത്തെ പഴയ രീതിയിൽ നിയന്ത്രിക്കാമെന്ന ധാരണ ഉപേക്ഷിക്കേണ്ട സമയമാണിത്. ഇവിടെയാണ് പഴയ രാഷ്ട്രീയ പ്രതീകങ്ങൾക്കും പുതിയ കാലത്തിനുമിടയിലെ വ്യത്യാസം മനസ്സിലാക്കേണ്ടത്.

ഒരു കാലത്ത് മെഴുകുതിരിവെട്ടത്തിലെ പാർട്ടി ക്ലാസ് ഒരു രാഷ്ട്രീയ പ്രചോദനമായിരുന്നു. ഇന്ന് ഒരു ഫോൺ സ്‌ക്രീനിൽ തന്നെ ജനങ്ങൾ നേതാക്കളുടെ വാക്കുകളും പ്രവൃത്തികളും ചരിത്രവും രേഖകളും പരിശോധിക്കുന്നു. ഒരുകാലത്ത് പാർട്ടി പറഞ്ഞത് സത്യത്തിന്റെ അവസാന വാക്കായി കണക്കാക്കിയിരുന്നെങ്കിൽ ഇന്ന് ജനങ്ങൾ പാർട്ടിയോടും നേതാക്കളോടും മാധ്യമങ്ങളോടും ഒരുപോലെ തെളിവ് ആവശ്യപ്പെടുന്നു. അതിനാൽ രാഷ്ട്രീയ ഭാഷയും ഭാവവും ശൈലിയും എല്ലാവരും മാറ്റിപ്പിടിക്കണം. ''മാറ്റുവിൻ ചട്ടങ്ങളെ...'' എന്ന് ആവേശത്തിൽ പാടാനും തുളളാനും എളുപ്പമാണ്, പക്ഷെ പ്രായോഗികതയുടെ പ്രശ്‌നമാണ് മുഖ്യം. 

ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് മുദ്രാവാക്യങ്ങളിലൂടെ അല്ല; വസ്തുതകളിലൂടെയാണ്. വിമർശകരെ നിശ്ശബ്ദരാക്കുന്നതിലൂടെ അല്ല; വിമർശനത്തിന് മറുപടി നൽകുന്നതിലൂടെയാണ്. എതിരാളികളെ അപകീർത്തിപ്പെടുത്തുന്നതിലൂടെ അല്ല; സ്വന്തം പ്രവർത്തനങ്ങളുടെ വിശ്വാസ്യത തെളിയിക്കുന്നതിലൂടെയാണ്.

പരിപ്പുവടയുടെയും കട്ടൻചായയുടെയും കാജാബീഡിയുടെയും കാലം കഴിഞ്ഞിരിക്കുന്നു. ആ പ്രയോഗം ഒരു കാലത്തെ പരിഹസിക്കാനല്ല; ആ കാലം പ്രതിനിധാനം ചെയ്തിരുന്ന ലാളിത്യത്തിന്റെയും ത്യാഗത്തിന്റെയും രാഷ്ട്രീയ മൂല്യങ്ങൾ ഇന്നത്തെ പൊതുജീവിതത്തിൽ എവിടെയാണ് എന്ന ഓർമ്മപ്പെടുത്തലാണ്. പഴയ കഥകൾക്ക് ആദരവുണ്ടാകാം. പക്ഷേ അവ പുതിയ ചോദ്യങ്ങൾക്ക് പകരമാകില്ല.
നേതാക്കളുടെ ജീവിതത്തെക്കുറിച്ച് സമൂഹം ചോദിക്കുമ്പോൾ മറുപടി വേണം. പുരുഷാധിപത്യ നിലപാടുകളെക്കുറിച്ച് ചോദിക്കുമ്പോൾ മറുപടി വേണം. അടിച്ചമർത്തലിന് ന്യായീകരണം കണ്ടെത്തുന്ന രാഷ്ട്രീയ രീതികളെക്കുറിച്ച് ചോദിക്കുമ്പോൾ മറുപടി വേണം. നേതാക്കളുടെ സമ്പാദ്യത്തെക്കുറിച്ചും ജീവിതനിലവാരത്തെക്കുറിച്ചും സംശയങ്ങൾ ഉയരുമ്പോൾ രേഖകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ വിശദീകരണം വേണം. അന്വേഷണ ഏജൻസികളുടെ ആരോപണങ്ങൾ ഉയരുമ്പോൾ നിയമപരമായും രാഷ്ട്രീയമായും സുതാര്യമായ മറുപടി വേണം.

ഇതൊന്നും നേരിടാതെ എതിരാളികളുടെ പേരുകൾ നിരന്തരം ആവർത്തിക്കുന്നതുകൊണ്ട് മാത്രം രാഷ്ട്രീയ പ്രശ്‌നം പരിഹരിക്കപ്പെടില്ല. ജനങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാകാത്തതും ഗ്രാഹ്യമല്ലാത്തതുമായ പാർട്ടിയുടെ മാത്രം ''സ്വന്തംഭാഷയിൽ'' വിഷയങ്ങളെ വളച്ചൊടിക്കുന്നതും പരിഹാരമല്ല. ഒരു ആരോപണത്തിന് മറ്റൊരു ആരോപണം കൊണ്ട് മറുപടി നൽകുന്നതും പരിഹാരമല്ല. സമൂഹത്തിന്റെ ശ്രദ്ധ മറ്റൊരു ദിശയിലേക്ക് തിരിച്ചുവിടുന്നതും ദീർഘകാല പരിഹാരമല്ല. സമൂഹം പ്രതീക്ഷിക്കുന്നത് വ്യക്തവും ശക്തവുമായ മറുപടിയാണ്.
സിപിഎം നേതൃത്വം ഉൾപ്പെടെ എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളും കാലത്തിന്റെ ഈ മാറ്റം തിരിച്ചറിയേണ്ടതുണ്ട്. എതിരാളികളെ കണ്ടെത്തി നിഴൽയുദ്ധം നടത്തുന്നതിനേക്കാൾ സ്വന്തം രാഷ്ട്രീയത്തിന്റെ കണ്ണാടിയിലേക്ക് നോക്കാനുള്ള ധൈര്യമാണ് ഇന്ന് ആവശ്യമായത്. സ്വന്തം തെറ്റുകൾ സമ്മതിക്കാനും സംശയങ്ങൾക്ക് മറുപടി നൽകാനും രേഖകൾ മേശപ്പുറത്തു വെക്കാനും വിമർശനത്തെ സഹിക്കാനും കഴിയുന്ന രാഷ്ട്രീയമാണ് പുതിയ കാലത്തിന്റെ ആവശ്യം.

രാഷ്ട്രീയത്തിന്റെ യഥാർത്ഥ ശക്തി എത്ര വലിയ ശബ്ദത്തിൽ എതിരാളിയെ വിമർശിക്കുന്നു എന്നതിലല്ല. സ്വന്തം പ്രവർത്തനങ്ങളെക്കുറിച്ച് സമൂഹം ചോദിക്കുമ്പോൾ എത്ര വ്യക്തതയോടെയും സത്യസന്ധതയോടെയും മറുപടി നൽകുന്നു എന്നതിലാണ്. നിഴൽയുദ്ധങ്ങൾക്ക് കുറച്ചുകാലത്തേക്ക് രാഷ്ട്രീയ ചർച്ചയുടെ ദിശ മാറ്റാനാകും. എന്നാൽ വെളിച്ചത്തിൽ നിൽക്കുന്ന ചോദ്യങ്ങളെ അതിലൂടെ ഇല്ലാതാക്കാനാവില്ല. അവ വീണ്ടും വരും. കൂടുതൽ ശക്തമായി വരും. കൂടുതൽ വ്യക്തതയോടെ വരും.

ഇനി വേണ്ടത് പഴയ രാഷ്ട്രീയ ഓർമ്മകളുടെ ആവർത്തനമല്ല; പുതിയ രാഷ്ട്രീയ ഉത്തരവാദിത്തമാണ്. പഴയ ത്യാഗകഥകളുടെ പുനരാഖ്യാനമല്ല; ഇന്നത്തെ പ്രവർത്തനങ്ങളുടെ കണക്കാണ്. എതിരാളികളെ കുറ്റപ്പെടുത്തുന്ന ശബ്ദമല്ല; സ്വന്തം ജനങ്ങളോട് സംസാരിക്കുന്ന സത്യസന്ധമായ ശബ്ദമാണ്.

പരിപ്പുവടയുടെയും കട്ടൻചായയുടെയും കാജാബീഡിയുടെയും കാലം കഴിഞ്ഞു എന്നത് ഒരു പരിഹാസവാക്യമല്ല, രാഷ്ട്രീയ കാലമാറ്റത്തിന്റെ മുന്നറിയിപ്പാണ്. ആ മാറ്റം മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img