
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം കമ്മീഷണറും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എൻ വാസുവിനെ പ്രതി ചേർത്തു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി റിപ്പോർട്ടിലാണ് മുൻ കമ്മീഷണറുടെ പങ്ക് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ‘കട്ടിള പാളി’ കേസിലാണ് വാസുവിനെ മൂന്നാം പ്രതിയായി രേഖപ്പെടുത്തിയിരിക്കുന്നത്.
2019 മാർച്ച് 19ന് വാസുവിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സ്വർണം ചെമ്പായി രേഖപ്പെടുത്തിയത് എന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ആ സമയത്ത് വാസുവായിരുന്നു ദേവസ്വം കമ്മീഷണർ. അന്വേഷണത്തിന്റെ രണ്ടാമത്തെ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കുമെന്ന് സൂചനയുണ്ട്. ഉന്നതരുടെ കൂടുതൽ ഇടപെടലുകൾ അടങ്ങിയ വിവരങ്ങളും റിപ്പോർട്ടിൽ ഉൾപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇതിനകം മൂന്നു പേരെയാണ് ഈ കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, സുധീഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. രണ്ടാമത്തെ കേസിൽ പോറ്റിയെ അറസ്റ്റ് ചെയ്ത് ഇപ്പോൾ കസ്റ്റഡിയിൽ വച്ചിരിക്കുകയാണ്. എൻ. വാസുവിന്റെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം ഉന്നതരിലേക്കും നീങ്ങുന്നതിനിടയിലാണ് എസ്.ഐ.ടി. പുതിയ റിപ്പോർട്ട് സമർപ്പിക്കുന്നത്.
സ്വർണം ചെമ്പായി രേഖപ്പെടുത്തിയതിലും പിന്നീട് വിൽപ്പന നടന്നതിലും ബോർഡിലെ ഉന്നതർക്കും അറിവുണ്ടായിരുന്നുവെന്ന കാര്യത്തിൽ അന്വേഷണ സംഘത്തിന് വ്യക്തത ലഭിച്ചിട്ടുണ്ട്. ഇതോടൊപ്പം ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലായി പോറ്റിയുടെ തെളിവെടുപ്പ് പൂർത്തിയായി. കാണാതായ അളവിനോട് സാമ്യമുള്ള സ്വർണ്ണവും സംഘം കണ്ടെത്തിയതായി വിവരം.
സ്വർണം വേർതിരിച്ചെടുത്തശേഷം അത് വിൽക്കുന്നത് പോറ്റിയായിരുന്നു. ബാക്കി സ്വർണം നിർധനയായ പെൺകുട്ടിയുടെ വിവാഹത്തിന് ഉപയോഗിക്കാൻ അനുമതി തേടി പോറ്റി കത്ത് നൽകിയപ്പോൾ ബോർഡിന്റെ പ്രസിഡൻറായിരുന്നു എൻ. വാസു. ആ കത്ത് വാസു തുടർനടപടിക്കായി എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന് അയച്ചിരുന്നു. പിന്നീട് വാസുവിന്റെ പിഎയായതും ഇദ്ദേഹമാണ്.











