02:26pm 24 October 2026
NEWS
'മാഷാ അല്ലാഹ്', 'ഇൻഷാ അല്ലാഹ്' പ്രയോഗിക്കും, പക്ഷേ നമസ്കാരം പതിവില്ല; മതവിശ്വാസത്തെക്കുറിച്ച് ഷബാന ആസ്മി
23/10/2026  07:21 AM IST
nila
മാഷാ അല്ലാഹ്, ഇൻഷാ അല്ലാഹ് പ്രയോഗിക്കും, പക്ഷേ നമസ്കാരം പതിവില്ല; മതവിശ്വാസത്തെക്കുറിച്ച് ഷബാന ആസ്മി

 

മതത്തിന്റെ സാംസ്കാരിക പാരമ്പര്യങ്ങളോട് അടുപ്പം പുലർത്തുമ്പോഴും മതാചാരങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കാറില്ലെന്ന് ബോളിവുഡ് നടി ഷബാന ആസ്മി. താൻ മുസ്‌ലിമാണെന്നും എന്നാൽ ഇസ്‌ലാമിക ആചാരങ്ങൾ പതിവായി അനുഷ്ഠിക്കാറില്ലെന്നും താരം വ്യക്തമാക്കി. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മതവിശ്വാസത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ ഷബാന പങ്കുവച്ചത്.

ഈദ് ആഘോഷങ്ങൾ, ഉർദു ഭാഷ, പരമ്പരാഗത ഭക്ഷണരീതികൾ, മുസ്‌ലിം സമൂഹത്തിന്റെ സാംസ്കാരിക പൈതൃകം എന്നിവയോട് തനിക്ക് പ്രത്യേക താൽപര്യമുണ്ടെന്ന് അവർ പറഞ്ഞു. എന്നാൽ നമസ്കാരം ഉൾപ്പെടെയുള്ള മതപരമായ അനുഷ്ഠാനങ്ങൾ പിന്തുടരാറില്ലെന്നും ഷബാന വ്യക്തമാക്കി. മതവുമായി ബന്ധപ്പെട്ട ആചാരങ്ങളിൽനിന്ന് അകന്നുനിൽക്കുമ്പോഴും സാംസ്കാരികമായ ബന്ധം നിലനിർത്തുന്നതിൽ വൈരുധ്യമില്ലെന്നാണ് താരത്തിന്റെ നിലപാട്.

കുടുംബത്തിലെ സാഹചര്യങ്ങളും തന്റെ കാഴ്ചപ്പാടുകളെ സ്വാധീനിച്ചിട്ടുണ്ട്. പിതാവും പ്രശസ്ത ഉർദു കവിയുമായ കൈഫി ആസ്മി നിരീശ്വരവാദിയായിരുന്നു. മാതാവ് ഷൗക്കത്ത് ആസ്മിയും മതപരമായ ആചാരങ്ങൾക്ക് വലിയ പ്രാധാന്യം നൽകിയിരുന്നില്ല. ഭർത്താവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറും കടുത്ത നിരീശ്വരവാദിയാണെന്ന് ഷബാന പറഞ്ഞു.

ദൈനംദിന സംഭാഷണങ്ങളിൽ താൻ 'മാഷാ അല്ലാഹ്', 'ഇൻഷാ അല്ലാഹ്' തുടങ്ങിയ പ്രയോഗങ്ങൾ ഉപയോഗിക്കുമ്പോൾ അതിന്റെ ആവശ്യമെന്താണെന്ന് ജാവേദ് അക്തർ ചോദിക്കാറുണ്ടെന്നും താരം വെളിപ്പെടുത്തി. എന്നാൽ ഇത്തരം പ്രയോഗങ്ങൾ മതവിശ്വാസത്തിന്റെ പ്രകടനമെന്നതിലുപരി തന്റെ ഭാഷയുടെയും സാംസ്കാരിക പശ്ചാത്തലത്തിന്റെയും ഭാഗമാണെന്നാണ് ഷബാനയുടെ വിശദീകരണം.

വിശ്വാസിയാകുന്നതും നിരീശ്വരവാദിയാകുന്നതും വ്യക്തിപരമായ തീരുമാനങ്ങളാണെന്ന് ഷബാന ആസ്മി അഭിപ്രായപ്പെട്ടു. ഒരാളുടെ വിശ്വാസം മറ്റൊരാളുടെ മേൽ അടിച്ചേൽപ്പിക്കുന്നതിനോട് യോജിക്കാനാവില്ലെന്നും മതപരമായ കാര്യങ്ങളിൽ ഭരണകൂടം അനാവശ്യമായി ഇടപെടരുതെന്നും അവർ വ്യക്തമാക്കി. വ്യക്തികളുടെ വിശ്വാസസ്വാതന്ത്ര്യത്തെയും സ്വന്തം നിലപാടുകൾ തിരഞ്ഞെടുക്കാനുള്ള അവകാശത്തെയും ഉയർത്തിപ്പിടിക്കുന്നതാണ് താരത്തിന്റെ പ്രതികരണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img