02:32pm 02 September 2026
NEWS
ഷാബാ ഷരീഫ് വധക്കേസിൽ മൂന്നു പ്രതികൾക്ക് തടവുശിക്ഷ
22/03/2025  02:06 PM IST
nila
ഷാബാ ഷരീഫ് വധക്കേസിൽ മൂന്നു പ്രതികൾക്ക് തടവുശിക്ഷ

മലപ്പുറം: മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫ് വധക്കേസിൽ ശിക്ഷ വിധിച്ചു. മഞ്ചേരി അഡീഷണൽ ജില്ല സെഷൻസ് കോടതി ജഡ്ജ് തുഷാർ എം ആണ് പ്രസ്താവിച്ചത്. കേസിലെ മുഖ്യ പ്രതി ഷൈബിൻ അഷറഫിന് 11 വർഷവും 9 മാസവും തടവുശിക്ഷയാണ് കോടതി വിധിച്ചത്. രണ്ടാംപ്രതി ശിഹാബുദ്ദീന് 6 വർഷവും 9 മാസവും തടവുശിക്ഷ വിധിച്ചി. ആറാം പ്രതി നിഷാദ് 3 വർഷവും 9 മാസവും തടവുശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിയിൽ പറയുന്നു. 

പ്രതികൾക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞെന്ന് ഇന്നലെ കോടതി വ്യക്തമാക്കിയിരുന്നു. മുഖ്യപ്രതി ഷൈബിൻ അഷ്‌റഫ്‌, രണ്ടാം പ്രതിയായ ഷൈബിന്റെ മാനേജർ, ആറാം പ്രതിയായ ഷൈബിന്റെ ഡ്രൈവർ എന്നിവർ കുറ്റക്കാരെന്നും കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ശിക്ഷാ വിധി പറയാൻ കേസ് ഇന്നത്തേക്ക് മാറ്റിയത്. 

മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കാതെ വിചാരണ പൂർത്തിയാക്കിയ കേരളത്തിലെ അപൂർവ്വം കൊലക്കേസ് ആണ് ഷാബ ഷെരീഫ് കേസ്. 2024 ഫെബ്രുവരിയിലാണ് കേസിൻറെ വിചാരണ തുടങ്ങിയത്. മൃതദേഹമോ മൃതദേഹ ഭാഗങ്ങളോ കണ്ടെത്താൻ കഴിയാത്ത കേസിൽ ശാസ്ത്രീയ പരിശോധന ഫലങ്ങളാണ് നിർണായകമായത്. മൈസൂർ സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ധൻ ഷാബാ ഷരീഫിനെ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്നത് 2019 ഓഗസ്റ്റിലായിരുന്നു. വ്യവസായിയായ നിലമ്പൂർ മുക്കട്ട സ്വദേശി ഷൈബിൻ അഷ്റഫും സംഘവുമായിരുന്നു പിന്നിൽ. ഒറ്റമൂലി മരുന്നുകളുടെ രഹസ്യം ചോർത്തി മരുന്നുവ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഒരു വർഷം ചങ്ങലക്കിട്ടു പീഡിപ്പിച്ചിട്ടും വൈദ്യൻ മരുന്നിൻറെ രഹസ്യം പറയാൻ തയ്യാറായില്ല. പിന്നാലെ നടന്ന ക്രൂര പീഡനത്തിനൊടുവിൽ ഷാബ ഷെരീഫ് കൊല്ലപ്പെടുകയായിരുന്നു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img