07:33am 01 October 2026
NEWS
ഇന്ന് എസ്എഫ്ഐയുടെ സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക്
01/10/2026  05:53 AM IST
nila
ഇന്ന് എസ്എഫ്ഐയുടെ സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി മെൻസ് ഹോസ്റ്റലിലെ സംഘർഷത്തിന് പിന്നാലെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. വിദ്യാർഥികളെ പൊലീസ് മർദ്ദിച്ചെന്നാരോപിച്ചാണ് എസ്എഫ്ഐ സംസ്ഥാനവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഇന്ന് (ഒക്ടോബർ 1) സംസ്ഥാനത്ത് പഠിപ്പുമുടക്ക് നടത്തുമെന്ന് എസ്എഫ്ഐ പ്രഖ്യാപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് എല്ലാ ജില്ലാ പോലീസ് മേധാവികളുടെ ഓഫീസുകളിലേക്കും ഇന്ന് മാർച്ച് നടത്തും. പൊലീസ്, യൂത്ത് കോൺഗ്രസ്, കെഎസ്‍യു പ്രവർത്തകരുടെ നടപടികളിൽ പ്രതിഷേധിച്ചാണ് മാർച്ച്.

പൊലീസ് നടപടിക്കെതിരെ വൈകുന്നേരം അഞ്ചിന് സംസ്ഥാനവ്യാപകമായി പ്രതിഷേധ പരിപാടിയും എസ്എഫ്ഐ സംഘടിപ്പിക്കും. യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ ആരംഭിച്ച സംഘർഷത്തിന്റെ തുടർച്ചയായി പ്രതിഷേധം തലസ്ഥാനത്തിന് പുറത്തേക്കും വ്യാപിക്കുകയാണ്.

ഇന്നലെ വൈകിട്ട് യൂത്ത് കോൺ​ഗ്രസ് നടത്തിയ റസിസ്റ്റൻസ് മാർച്ചിനിടെയായിരുന്നു സംഘർഷം. വിദ്യാർത്ഥികളും യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിനിടെ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറിയ പൊലീസ് ലാത്തിച്ചാർജ്ജ് നടത്തുകയായിരുന്നു. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. യൂത്ത് കോൺ​ഗ്രസ് പ്രവ‍ർത്തകരും യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികളും തമ്മിലുള്ള സംഘർഷം തലസ്ഥാന ന​ഗരിയിൽ തെരുവ് യുദ്ധത്തിന് സമാനമായ സാഹചര്യമാണ് സൃഷ്ടിച്ചത്.  യൂത്ത് കോൺ​ഗ്രസ് മാർച്ചിനിടെ ഹോസ്റ്റലിൽ നിന്ന് കല്ലും കുപ്പിയും എറിഞ്ഞതാണ് സംഘർഷത്തിന് കാരണമെന്നാണ് യൂത്ത് കോൺ​ഗ്രസ് ആരോപിക്കുന്നത്. എന്നാൽ യൂത്ത് കോൺ​ഗ്രസുകാരാണ് പ്രകോപനം ഉണ്ടാക്കിയതെന്നാണ് ഹോസ്റ്റൽ വിദ്യാർത്ഥികൾ ആരോപിക്കുന്നത്.

യൂത്ത് കോൺഗ്രസ് മാർച്ചിനിടെ പ്രവർത്തർ ഹോസ്റ്റൽ വളപ്പിലേയ്ക്ക് പന്തം എറിയുകയും വിദ്യാർത്ഥികൾ കല്ലെറിയുകയും ചെയ്തതാണ് സംഘർത്തിന് കാരണമായത്. പിന്നാലെ കോളേജ് കാമ്പസിൽ കടന്ന യൂത്ത് കോൺഗ്രസ് പ്രവർത്തർ കോളേജിൽ സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങളും ബോർഡുകളും നശിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ സംഘർഷം രൂക്ഷമാകുകയായിരുന്നു. ഇതേ തുടർന്നായിരുന്നു പൊലീസ് ഹോസ്റ്റലിൽ പ്രവേശിച്ചതും വിദ്യാർത്ഥികളെ ലാത്തിച്ചാർജ്ജ് ചെയ്തതും.

സ്ഥലത്തെ സംഘർഷം അവസാനിപ്പിക്കുന്നതിനായി പൊലീസ് പറഞ്ഞത് അനുസരിച്ചാണ് സ്ഥലത്തെത്തിയതെന്നും എന്നാൽ പൊലീസ് ഏകപക്ഷീയമായി ഹോസ്റ്റലിൽ കടന്ന് കയറി ലാത്തിച്ചാർജ്ജെന്ന പേരിൽ വിദ്യാർത്ഥികളെ തലയ്ക്ക് ഉൾപ്പെടെ അടിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്നാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സജ്ജീവ് മാധ്യമങ്ങളോട് പ്രതികരിച്ചത്. പ്രകോപനം സൃഷ്ടിച്ചത് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്നും എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് തല്ലിച്ചതയ്ക്കുകയായിരുന്നെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആരോപിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയൻ സംഭവസ്ഥലത്തെത്തി. പ്രവർത്തകരെ പിരിച്ച് വിട്ടാൽ പൊലീസ് നടപടിയുമായി ബന്ധപ്പെട്ട ചർച്ചയാകാമെന്ന നിലപാടാണ് എഡിജിപി സ്വീകരിച്ചത്.

യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി പൊലീസ് ലാത്തിച്ചാർജ്ജ് നടത്തിയതിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി ശിവൻകുട്ടി, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് എന്നിവരുടെ നേതൃത്വത്തിൽ നേതാക്കൾ റോഡിൽ കുത്തിയിരുന്ന് ഉപരോധം നടത്തി. പരിക്കേറ്റ വിദ്യാർത്ഥികളുമായി പോയ ആംബുലൻസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞിട്ടും പൊലീസ് നോക്കുകുത്തിയായി നിന്നെന്ന ആരോപണവും നേതാക്കൾ ഉന്നയിക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img