
കണ്ണൂർ: വീട്ടിലെ ശുചിമുറിയിൽ കുളിക്കുന്നതിനിടെ യുവതിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്ന പരാതിയിൽ എസ്എഫ്ഐ നേതാവ് കെ. നവനീതിനെതിരെ പൊലീസ് നിസാര വകുപ്പുകൾ ചുമത്തി കേസ് എടുത്തതായി ആരോപണം. ശ്രീകണ്ഠാപുരം പൊലീസിനെതിരെയാണ് യുവതിയും കുടുംബവും ആരോപണം ഉന്നയിച്ചിരിക്കുന്നത്. കേസ് എടുത്തതിന് പിന്നാലെ പ്രതിയെ ജാമ്യത്തിൽ വിട്ടതായും പരാതിയുണ്ട്.
ഓഗസ്റ്റ് 20നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പരാതി. യുവതി വീട്ടിൽ കുളിക്കുന്നതിനിടെ ശുചിമുറിയുടെ വിടവിലൂടെ മൊബൈൽ ഫോൺ കടത്തിവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്നാണ് ആരോപണം. വെളിച്ചക്കുറവിനെ തുടർന്ന് മൊബൈൽ ഫോണിന്റെ ഫ്ലാഷ് പ്രവർത്തിച്ചതോടെയാണ് യുവതി ഫോൺ ശ്രദ്ധയിൽപ്പെട്ടതെന്നും തുടർന്ന് ബഹളം വച്ചതെന്നും പരാതിയിൽ പറയുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നവനീത് മൊബൈൽ ഫോണിൽനിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്തതായും യുവതി ആരോപിക്കുന്നു. ഫോൺ പരിശോധിച്ചപ്പോൾ മറ്റ് സ്ത്രീകളുടെ നഗ്നദൃശ്യങ്ങളും ഉണ്ടായിരുന്നതായി ആരോപണമുണ്ട്.
സംഭവത്തിൽ കുടുംബം ശ്രീകണ്ഠാപുരം പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് ഗൗരവമായി ഇടപെട്ടില്ലെന്നാണ് യുവതിയുടെ ആരോപണം. കേസിൽ നിസാര വകുപ്പുകൾ മാത്രമാണ് ചുമത്തിയതെന്നും പ്രതിയെ ഉടൻ ജാമ്യത്തിൽ വിട്ടെന്നും പരാതിയിൽ പറയുന്നു.
തുടർന്ന് യുവതി സംസ്ഥാന ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി. മന്ത്രിയുടെ ഓഫിസിൽ ലഭിച്ച പരാതി തുടർനടപടികൾക്കായി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുമെന്നാണ് വിവരം.










