11:48pm 06 June 2026
NEWS
പി.എം. ആർഷോയും കെ. വിദ്യയും വിവാഹിതരായി
01/06/2026  01:14 PM IST
nila
 പി.എം. ആർഷോയും കെ. വിദ്യയും വിവാഹിതരായി

കാസർകോട്: എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയും മുൻ എസ്എഫ്ഐ നേതാവ് കെ. വിദ്യയും വിവാഹിതരായി. കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ സബ് രജിസ്ട്രാർ ഓഫീസിൽ നടന്ന ലളിതമായ ചടങ്ങിലൂടെയാണ് ഇരുവരും ജീവിതപങ്കാളികളായത്. തൃക്കരിപ്പൂർ സ്വദേശിനിയായ വിദ്യയും പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ ആർഷോയും ഏറെ നാളായി പ്രണയത്തിലായിരുന്നു. നിലവിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗമായ ആർഷോയുടെ വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ചടങ്ങിൽ എസ്എഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു, സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്, സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്, മുൻ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ എന്നിവരും സന്നിഹിതരായിരുന്നു. വിവാഹശേഷം പയ്യന്നൂരിലെ ഹോട്ടലിൽ വിരുന്ന് ഒരുക്കിയിട്ടുണ്ട്. തുടർന്ന് നവദമ്പതികൾ പാലക്കാട്ടേക്ക് തിരിക്കും.

അതേസമയം, 2023ൽ വ്യാജ സർട്ടിഫിക്കറ്റ് കേസുമായി ബന്ധപ്പെട്ട് വിദ്യ വാർത്തകളിൽ ഇടം നേടിയിരുന്നു. എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി അട്ടപ്പാടിയിലെ രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് കോളജിൽ ഗസ്റ്റ് ലക്ചറർ നിയമനം നേടാൻ ശ്രമിച്ചെന്ന പരാതിയിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. കരിന്തളം ഗവ. കോളജ് അധികൃതരുടെ പരാതിയിലും വിദ്യക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചിരുന്നു. സംഭവത്തെ തുടർന്ന് വിദ്യയ്ക്ക് സിപിഎം സംരക്ഷണം നൽകുന്നുവെന്ന ആരോപണം പ്രതിപക്ഷമായ യുഡിഎഫ് ഉയർത്തിയതോടെ വിഷയം സംസ്ഥാനതലത്തിൽ വലിയ രാഷ്ട്രീയ വിവാദമായി മാറിയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kasaragod
img