10:39am 06 November 2026
NEWS
ടി.പി. ശ്രീനിവാസനോട് എസ്എഫ്ഐ മാപ്പ് പറയേണ്ട കാര്യമില്ലെന്ന് പി എം ആർഷോ
14/02/2025  09:07 PM IST
nila
ടി.പി. ശ്രീനിവാസനോട് എസ്എഫ്ഐ മാപ്പ് പറയേണ്ട കാര്യമില്ലെന്ന് പി എം ആർഷോ

തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്ത് അന്നത്തെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ടി.പി. ശ്രീനിവാസനെ എസ്എഫ്ഐ നേതാവ് തല്ലിയതിനെ  മഹാപരാധമായോ തെറ്റായോ കരുതുന്നില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ.  ശ്രീനിവാസൻ കേട്ടാലറയ്ക്കുന്ന തെറി വിളിച്ചതുകൊണ്ടാണ് എസ്എഫ്ഐ നേതാവ് തല്ലിയതെന്നാണ് ആർഷോയുടെ പ്രതികരണം.  ഒരാൾ മുന്നിൽ വന്നുനിന്നു തന്തയ്ക്കു വിളിച്ചപ്പോഴുള്ള ഒരു വിദ്യാർത്ഥിയുടെ സ്വാഭാവിക പ്രതികരണമായിരുന്നു അതെന്നും ആർഷോ പറയുന്നു.  വിദേശ സർവകലാശാലകളുടെ കടന്നുവരവിനെ സംശയത്തോടെയാണ് എസ്എഫ്ഐ കാണുന്നതെന്നും ആർഷോ കൂട്ടിച്ചേർത്തു.

‘‘ടി.പി.ശ്രീനിവാസനെ തല്ലണം എന്നു എസ്എഫ്ഐ സംഘടനാപരമായി തീരുമാനിച്ചു പോയി തല്ലിയതല്ല. സമാധാനപരമായി സമരം നടക്കുമ്പോൾ ചില വിദ്യാർഥികൾ അദ്ദേഹത്തെ സുരക്ഷിതമായി അപ്പുറത്തേക്കു കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. അപ്പോൾ അദ്ദേഹത്തിന്റെ വായിൽനിന്നുവന്ന വാക്കുകൾ എല്ലാവരും കേട്ടതാണ്. സ്വാഭാവികമായും ഒരാൾ മുന്നിൽ വന്നുനിന്നു തന്തയ്ക്കു വിളിച്ചാൽ എങ്ങനെയാവും പ്രതികരിക്കുക. ഒരു വിദ്യാർഥിയുടെ ഭാഗത്തുനിന്നു സ്വാഭാവികമായി ഉണ്ടായ പ്രതികരണമാണ് അത്. അല്ലാതെ ടി.പി.ശ്രീനിവാസന്റെയോ യുഡിഎഫ് സർക്കാരിന്റെയോ നിലപാടിന് എതിരായിട്ടുള്ള പ്രതികരണം ആയിരുന്നില്ല. അവിടെ ഉണ്ടായിരുന്ന വിദ്യാർഥിയെ അദ്ദേഹം കേട്ടാൽ അറയ്ക്കുന്ന തരത്തിൽ തെറി വിളിച്ചു. അതു കേട്ടതിലുള്ള പ്രതികരണമാണു വിദ്യാർഥി നടത്തിയത്. എസ്എഫ്‌ഐ ആലോചിച്ച് ഉറപ്പിച്ച സമരരൂപമല്ല ആ ചെകിട്ടത്തടി എന്നതു കൊണ്ട് ഞങ്ങൾ അതിൽ മാപ്പ് പറയേണ്ടതില്ല എന്നു തന്നെയാണ് നിലപാട്’’ - ആർഷോ പറഞ്ഞു. 

സ്വകാര്യ സർവകലാശാലകളോടുള്ള ഇടതു സർക്കാരിന്റെ നയം തിരുത്തുമ്പോൾ ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാൻ ടി.പി.ശ്രീനി​വാസനോട് എസ്എഫ്ഐ മാപ്പു പറയണമെന്നാവശ്യം ഉയരുന്നുണ്ട്. 20 വർഷം മുൻപു കോൺഗ്രസ് അധികാരത്തിലിരിക്കുന്ന കാലത്താണ് സ്വകാര്യ സർവകലാശാല എന്ന പദ്ധതി മുന്നോട്ടുവയ്ക്കുന്നത്. അന്നു പദ്ധതിയെ എസ്എഫ്ഐ അടിമുടി എതിർത്തു. ഇതിന്റെ തുടർച്ചയെന്നോണം ആഗോള വിദ്യാഭ്യാസ സംഗമത്തിനു കോവളത്തെത്തിയ ടി.പി.ശ്രീനിവാസനെ എസ്എഫ്ഐ പ്രവർത്തകർ മർദിക്കുകയും ചെയ്തു. 

സംഭവം വിവാദമായതോടെ ടി.പി.ശ്രീനിവാസനെ മർദിച്ച കേസിൽ പ്രതിയായ ശരത്തിനെ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കി. എന്നാൽ ഇന്ന് ശരത് ഡിവൈഎഫ്ഐയുടെ മലയിൻകീഴ് മേഖലാ സെക്രട്ടറിയും വിളപ്പിൽ ബ്ലോക്ക് കമ്മിറ്റിയംഗവുമാണ്. സിപിഎമ്മിന്റെ മലയിൻകീഴ് ലോക്കൽ കമ്മിറ്റിയിലും ശരത് ഉണ്ട്. ഒന്നരവർഷം മുൻപാണു സഹകരണ ബാങ്കിൽ ശരത്തിന് പാർട്ടി ജോലി നൽകിയത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img