
തിരുവനന്തപുരം: എസ്എഫ്ഐ സെക്രട്ടേറിയറ്റ് മാർച്ചിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.എ. നന്ദനെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. സമരത്തിനിടെ പൊലീസിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്നാണ് നടപടി.
പ്രകടനം തടയാൻ പൊലീസ് സ്ഥാപിച്ചിരുന്ന കയർ ബ്ലേഡ് ഉപയോഗിച്ച് മുറിക്കാൻ ശ്രമിച്ചുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. സമരസ്ഥലത്ത് നിന്ന് ബ്ലേഡുകൾ കണ്ടെത്തിയതിനെ തുടർന്ന്, മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണശ്രമമാണ് ഉണ്ടായതെന്ന ആരോപണവും പൊലീസ് ഉന്നയിച്ചു. ഇതിന് പിന്തുണ നൽകുന്ന വീഡിയോ ദൃശ്യങ്ങൾ ലഭിച്ചതായും പൊലീസ് അവകാശപ്പെടുന്നു.
അതേസമയം, ബ്ലേഡുകൾ കൊണ്ടുവന്നത് പൊലീസാണെന്നും എസ്എഫ്ഐ പ്രവർത്തകരെതിരെ കെട്ടിച്ചമച്ച ആരോപണമാണ് ഉയർത്തുന്നതെന്നും സംഘടന പ്രതികരിച്ചു.
പൊലീസിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു. കലാപശ്രമം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടെയുള്ള വകുപ്പുകളാണ് എം.എ. നന്ദനെതിരെ ചുമത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.











