03:15am 24 July 2026
NEWS
നാളെ രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദിന് എസ്‌എഫ്‌ഐയുടെ ആഹ്വാനം
23/07/2026  09:17 PM IST
nila
നാളെ രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദിന് എസ്‌എഫ്‌ഐയുടെ ആഹ്വാനം

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് എസ്‌എഫ്‌ഐ ജൂലൈ 24 (വെള്ളിയാഴ്ച) രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭത്തിനിടെ പോലീസ് നടത്തിയ ലാത്തിച്ചാർജിനെതിരെയും നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ രാഷ്ട്രീയ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്രമന്ത്രി സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ടുമാണ് പഠിപ്പ് മുടക്ക് സമരം സംഘടിപ്പിക്കുന്നത്. ജൂലൈ 25, 26 തീയതികളിൽ രാജ്യത്തെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും 'മെലഡി' ചോക്ലേറ്റ് വിതരണം ചെയ്യുമെന്നും എസ്‌എഫ്‌ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ അറിയിച്ചു.

കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും വെള്ളിയാഴ്ച പഠിപ്പ് മുടക്ക് വിജയിപ്പിക്കുമെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് വ്യക്തമാക്കി. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു ഇന്ന് വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നതിനിടെ, ഫ്രറ്റേണിറ്റി മൂവ്മെന്റും വെള്ളിയാഴ്ച ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രതിഷേധത്തിന്റെ ഭാഗമാകും.

ഡൽഹിയിലെ ജന്തർമന്തറിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് 100 എസ്‌എഫ്‌ഐ പ്രവർത്തകർ ശനിയാഴ്ച യാത്രതിരിക്കും. സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വെള്ളിയാഴ്ച വൈകിട്ട് ഏഴ് മുതൽ ശനിയാഴ്ച രാവിലെ ആറ് വരെ തിരുവനന്തപുരം മാനവീയം വീഥിയിൽ സാംസ്‌കാരിക സംഗമവും സംഘടിപ്പിക്കും.

ഇതിനിടെ, എസ്‌എഫ്‌ഐ നേതാക്കൾ മുഖ്യമന്ത്രിയെ സന്ദർശിച്ച് 102 ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന അവകാശപത്രിക കൈമാറി. ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് അവകാശപത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img