
കുസാറ്റ് സന്ദർശനത്തിനെത്തിയ സീഷെൽസ് പ്രതിനിധിസംഘം കുസാറ്റ് അധികൃതരോടൊപ്പം
കൊച്ചി: സീഷെൽസ് റിപ്പബ്ലിക്കിന്റെ മന്ത്രി വാലസ് കോസ്‌ഗ്രോയുടെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധിസംഘം കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സന്ദർശിച്ചു. മത്സ്യബന്ധനം, കൃഷി, ബ്ലൂ ഇക്കോണമി എന്നീ വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിയാണ് വാലസ് കോസ്‌ഗ്രോ. മത്സ്യബന്ധനം, സമുദ്രശാസ്ത്രം, ബ്ലൂ ഇക്കോണമി എന്നീ മേഖലകളിൽ അക്കാദമികവും സ്ഥാപനതലത്തിലുള്ളതുമായ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകൾ സംബന്ധിച്ച് കുസാറ്റ് അധികൃതരുമായി പ്രതിനിധിസംഘം ചർച്ച നടത്തി.കുസാറ്റ് രജിസ്ട്രാർ പ്രൊഫ. ഡോ. അരുൺ എ. യു. പ്രതിനിധിസംഘത്തെ സ്വാഗതം ചെയ്തു. സീഷെൽസ് ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ് പ്രിൻസിപ്പൽ സെക്രട്ടറി കെവൻ നാൻസി, ചീഫ് പോളിസി അനലിസ്റ്റ് ലിനെറ്റ ജോബർട്ട്, ബ്ലൂ ഇക്കോണമി ഡിപ്പാർട്ട്‌മെന്റ് പ്രിൻസിപ്പൽ സെക്രട്ടറി വെറോണിക് നിബുറെറ്റ്, സീനിയർ പ്രോഗ്രാം ഡെവലപ്‌മെന്റ് ഓഫീസർ സബ്രിന വെയ്ഡൗവർ, ഫിഷറീസ് ഡിവിഷൻ ഡയറക്ടർ ജനറൽ ഷെറീഫ മൊറൽ, സീഷെൽസ് ഫിഷറീസ് അതോറിറ്റിയിലെ അക്വാകൾച്ചർ അസിസ്റ്റന്റ് മാനേജർ വെറോണിക്ക അൽഫോൺസ്-ഉസീസ് എന്നിവരാണ് പ്രതിനിധിസംഘത്തിലുണ്ടായിരുന്നത്.ഇന്ത്യ–സീഷെൽസ് സഹകരണം കൂടുതൽ ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഇന്ത്യൻ സർവകലാശാലകളുമായും ഗവേഷണ സ്ഥാപനങ്ങളുമായും സഹകരണത്തിനുള്ള സാധ്യതകൾ കണ്ടെത്തുന്നതിനാണ് സന്ദർശനമെന്ന് മന്ത്രി വാലസ് കോസ്‌ഗ്രോ പറഞ്ഞു. മത്സ്യബന്ധനം, സമുദ്രശാസ്ത്രം, ബ്ലൂ ഇക്കോണമി എന്നീ മേഖലകളിൽ പരസ്പര അറിവ് പങ്കുവയ്ക്കുന്നതിനും സഹകരിക്കുന്നതിനും പ്രാധാന്യം നൽകുന്നതായും സ്ഥാപനങ്ങളുടെ ശക്തീകരണത്തിനും ശേഷിവികസനത്തിനും പ്രത്യേക ശ്രദ്ധ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കുസാറ്റിലെ സ്കൂൾ ഓഫ് മറൈൻ സയൻസസിന്റെ അക്കാദമിക-ഗവേഷണ ശേഷികൾ പ്രൊഫ. മുഹമ്മദ് ഹത്ത, എമിരിറ്റസ് പ്രൊഫസർ , അവതരിപ്പിച്ചു. സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിന്റെ വൈദഗ്ധ്യവും സഹകരണത്തിനുള്ള സാധ്യതകളും സ്കൂൾ ഡയറക്ടർ പ്രൊഫ. ഡോ. മിനി ശേഖരൻ അവതരിപ്പിച്ചു.ശേഷിവികസനത്തിനായിരുന്നു ചർച്ചകളിൽ പ്രധാനമായും ഊന്നൽ നൽകിയത്. അക്കാദമിക പരിശീലനത്തിനും ശേഷിവികസനത്തിനും ആവശ്യമായ പിന്തുണ നൽകുന്നതിനുള്ള സാധ്യതകൾ കുസാറ്റ് പ്രകടിപ്പിച്ചു. മത്സ്യബന്ധനം, അക്വാകൾച്ചർ, സമുദ്രോൽപ്പന്നങ്ങളുടെ മൂല്യവർധിത ഉൽപ്പന്ന നിർമ്മാണം, വിളവെടുപ്പാനന്തര സാങ്കേതികവിദ്യ, ഉൽപ്പന്ന വികസനം, കയറ്റുമതി, സമുദ്രശാസ്ത്രം, ബ്ലൂ ഇക്കോണമി തുടങ്ങിയ മേഖലകളിൽ രണ്ടോ മൂന്നോ ആഴ്ച ദൈർഘ്യമുള്ള തീവ്രപരിശീലന പരിപാടികൾ ഉൾപ്പെടെയുള്ള ഇഷ്ടാനുസൃത ഹ്രസ്വകാല, നോൺ-ക്രെഡിറ്റ് പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്തു. കുസാറ്റിന്റെ കൺസൾട്ടൻസി, സാങ്കേതിക സഹായം എന്നിവ ലഭ്യമാക്കുന്നതിനുള്ള സാധ്യതകളും പരിശോധിച്ചു.സീഷെൽസിലെ സ്ഥാപനങ്ങളുടെയും അക്കാദമിക മേഖലയിലെ ജീവനക്കാരുടെയും ശേഷി വികസിപ്പിക്കുന്നതിൽ പ്രതിനിധിസംഘം പ്രത്യേക താൽപര്യം പ്രകടിപ്പിച്ചു. യൂണിവേഴ്സിറ്റി ഓഫ് സീഷെൽസുമായി സഹകരിക്കുന്നതിനുള്ള സാധ്യതകളും അന്തരീക്ഷശാസ്ത്രം ഉൾപ്പെടെയുള്ള അന്തർവിഷയ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകളും ചർച്ച ചെയ്തു.അക്കാദമിക കൈമാറ്റം, പരിശീലനം, ശേഷിവികസനം, ഗവേഷണം, കൺസൾട്ടൻസി തുടങ്ങിയ മേഖലകളിലെ സഹകരണത്തിന് ചട്ടക്കൂടൊരുക്കുന്നതിനായി ഔപചാരിക ധാരണാപത്രം (MoU) ഒപ്പുവെച്ച് സഹകരണം മുന്നോട്ടുകൊണ്ടുപോകാമെന്ന് മന്ത്രി വാലസ് കോസ്‌ഗ്രോ നിർദേശിച്ചു.സ്കൂൾ ഓഫ് മറൈൻ സയൻസസിലെയും സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിലെയും അധ്യാപകരും സംവാദത്തിൽ പങ്കെടുത്തു. സഹകരണത്തിനുള്ള വിവിധ സാധ്യതകൾ അവർ അവതരിപ്പിച്ചു. കുസാറ്റ് ഓഫീസ് ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ഡയറക്ടർ ഡോ. ഹരീഷ് എൻ. രാമനാഥൻ സന്ദർശനത്തിന്റെ ഏകോപനം നിർവഹിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
Photo Courtesy - Google










