01:47am 30 April 2026
NEWS
ഓട്ടോഗ്യാസിന് കടുത്ത ക്ഷാമം, അനധികൃത വിലവർധനയും; ബംഗളുരുവിൽ പ്രതിസന്ധി രൂക്ഷം
06/04/2026  11:22 AM IST
വിഷ്ണുമംഗലം കുമാർ
ഓട്ടോഗ്യാസിന് കടുത്ത ക്ഷാമം, അനധികൃത വിലവർധനയും; ബംഗളുരുവിൽ പ്രതിസന്ധി രൂക്ഷം

 ബംഗളുരു  : അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പാചകവാതക പ്രതിസന്ധിയ്ക്ക് പുറമെ മറ്റൊരു ഗൗരവ പ്രശ്നം കൂടി ബംഗളുരു നഗരം അഭിമുഖീകരിക്കുന്നുണ്ട്. അതാകട്ടെ ക്രമസമാധാന പ്രശ്നമായി വളരുകയും ചെയ്തിരിക്കുന്നു. നഗരത്തിൽ നാലുലക്ഷത്തോളം ഓട്ടോറിക്ഷകളുണ്ട്. അതിൽ ഭൂരിഭാഗവും ഓടുന്നത് എൽപിജി ഗ്യാസിലാണ്. ഒരു ചെറിയ ശതമാനം ഓട്ടോറിക്ഷകൾ സി എൻ ജിയും  ഉപയോഗിക്കുന്നുണ്ട്. ഓട്ടോറിക്ഷകളേറേയും മൂന്നും നാലും ഓൺലൈൻ ആപ്പുകൾ ഡൌൺലോഡ് ചെയ്ത് രാപ്പകൽ വ്യത്യാസമില്ലാതെ നിരന്തരം ഓടുന്നവയാണ്. നഗരത്തിൽ നാൽപത്തഞ്ചോളം ഓട്ടോഗ്യാസ് സർവീസ് സ്റ്റേഷനുകളും ഇരുപത് സി എൻ ജി സർവീസ് സ്റ്റേഷനുകളുമുണ്ട്. ദിവസവും ഫുൾടാങ്ക് ഗ്യാസ് അടിച്ചാണ് ഓട്ടോകൾ ഓടിക്കൊണ്ടിരുന്നത്. ഇപ്പോൾ സ്ഥിതിഗതികൾ മാറിയിരിക്കുന്നു. ഇന്ധനക്ഷാമം മൂലം അഞ്ഞൂറു രൂപയ്ക്കുള്ള ഗ്യാസേ പല സ്റ്റേഷനുകളിൽ നിന്നും ലഭിക്കുന്നുള്ളൂ.അതിനാകട്ടെ മണിക്കൂറുകളോളം ഓട്ടോറിക്ഷകൾ ഓട്ടമുപേക്ഷിച്ച് ക്യു നിൽക്കുകയും വേണം. അഞ്ഞൂറു രൂപയ്ക്ക് കഷ്ടിച്ച് ഇരുനൂറ് കിലോമീറ്റർ മൈലേജ് കിട്ടുന്ന അഞ്ചു ലിറ്റർ ഓട്ടോ ഗ്യാസേ ലഭിക്കുകയുള്ളൂ.പ്രതിസന്ധിയ്ക്ക് മുമ്പ് ഓട്ടോഗ്യാസിന് ലിറ്ററിന് 55 രൂപയായിരുന്നു. അത് 120-130 രൂപയായി വർധിച്ചിട്ടുണ്ട്. ഇന്ധന ക്ഷാമവും സ്റ്റേഷനുകളിൽ മണിക്കൂറുകളോളം ക്യു നിൽക്കേണ്ടി വരുന്നതും കാരണം ഓട്ടോറിക്ഷ ഡ്രൈവർ മാരുടെ ദിവസവരുമാനം ഏതാണ്ട് പകുതിയായി കുറഞ്ഞിരിക്കുന്നു. ഒരു ദിവസം ശരാശരി 1500 രൂപയുടെ ഓട്ടം പോയിരുന്നവർക്ക് ഇപ്പോൾ 700 രൂപയുടെ ഓട്ടം പോകാൻ പോലും കഴിയുന്നില്ല . വായ്പാ ഗഡു അടക്കേണ്ടവരെയും മറ്റു സാമ്പത്തിക സാധ്യതകൾ ഉള്ളവരെയും ഇത് കടുത്ത പ്രതിസന്ധിയിലേക്ക്‌ തള്ളിവിട്ടിരിക്കുകയാണ്. യാത്രക്കാരിൽ നിന്ന് അധിക ചാർജ്ജ് ഈടാക്കാൻ ഓട്ടോ റിക്ഷ ഡ്രൈമാർക്ക് സാധിക്കുകയുമില്ല. ഓൺലൈൻ സംവിധാനത്തിൽ ചാർജ്ജുകൾ ഗവണ്മെന്റ് നിർദ്ദേശപ്രകാരം മുൻകൂട്ടി നിശ്ചയിക്കപ്പെടുന്നതാണ്. ഓട്ടം ആരംഭിക്കുന്നതിന് മുമ്പുതന്നെ യാത്രക്കാർക്ക് അതറിയാനും സാധിക്കും. പല സ്റ്റേഷനുകളിലും ഗ്യാസ് സ്റ്റോക്കില്ല എന്ന ബോർഡ് കാണാം. സ്റ്റോക്ക് ഉള്ള സ്റ്റേഷനുകൾക്ക് മുന്നിലാകട്ടെ സ്ഥാനം പിടിക്കുന്ന ഓട്ടോ റിക്ഷകളുടെ ക്യു സ്റ്റേഷൻ പരിസരം കടന്ന് റോഡിലേക്ക് നീണ്ട് മണിക്കൂറുകളോളം കിടക്കുന്നത് ഗതാഗതക്കുരുക്കുകൾക്ക് കാരണമാകുന്നു. ഗതാഗതത്തിരക്കേറിയ രാവിലെ 8 മുതൽ 11 വരെയും വൈകീട്ട് 5 മുതൽ 8 വരെയും പ്രധാന റോഡുകളിലുള്ള ഗ്യാസ് സ്റ്റേഷനുകൾ അടച്ചിടാൻ ട്രാഫിക് പോലീസ് നിർദ്ദേശം നൽകിയത് ഓട്ടോറിക്ഷ ഡ്രൈവർമാരെ ഇടിവെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥയിൽ ആക്കിയിട്ടുണ്ട്. രോഷാകുലരായ ഓട്ടോ ഡ്രൈവർമാർ അക്രമാസ ക്തരാകുന്ന വാർത്തയാണ് നഗരത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വരുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img