
ഡിസ്റ്റോണിയ, പാർക്കിൻസൺസ് തുടങ്ങിയ ഗുരുതരമായ ചലന വൈകല്യങ്ങൾ ബാധിച്ച നിർദ്ധനരായ രോഗികൾക്ക് ശ്രീചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് സൗജന്യ ശസ്ത്രക്രിയ നിഷേധിക്കുന്നതായി റിപ്പോർട്ട്. ഒരു ഗ്ലാസ് വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാതെ നിരവധി രോഗികളാണ് ഇതിനാൽ കഷ്ടപ്പെടുന്നത്.
ശസ്ത്രക്രിയക്ക് 15 ലക്ഷം രൂപയോളം ചെലവ് വരുമെങ്കിലും, കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ ആരോഗ്യ നിധി പദ്ധതി പ്രകാരം ഈ ചികിത്സ മുമ്പ് സൗജന്യമായി നൽകിയിരുന്നു. എന്നാൽ, 2019-ന് ശേഷം അപേക്ഷകൾ ഓൺലൈനാക്കിയതോടെ കാര്യങ്ങൾ താളംതെറ്റി. ആശുപത്രി അപേക്ഷകൾ സമർപ്പിക്കുന്നുണ്ടെങ്കിലും കേന്ദ്രത്തിൽ നിന്ന് അനുമതി ലഭിക്കുന്നില്ലെന്ന് പറഞ്ഞ് ചികിത്സ നീട്ടിക്കൊണ്ടുപോകുന്നതായാണ് ആക്ഷേപം.
ആവശ്യമായ ഫണ്ട് കേന്ദ്രം അനുവദിക്കുന്നുണ്ടെന്നും, ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചയാണ് ചികിത്സ വൈകുന്നതിന് കാരണമെന്നുമാണ് പരാതി. ജീവൻ അപകടത്തിലാക്കുന്ന രോഗങ്ങൾക്കും ക്യാൻസറിനുമായി 2009-ലാണ് ഈ പദ്ധതി ആരംഭിച്ചത്. എയിംസ് ഉൾപ്പെടെ രാജ്യത്തെ ചുരുക്കം ചില ആശുപത്രികളിൽ മാത്രമാണ് ഈ പദ്ധതി വഴി ചികിത്സ ലഭിക്കുന്നത്.
സൂപ്രണ്ടിന് അധികാരമുണ്ടായിട്ടും...
പദ്ധതി പ്രകാരം പ്രതിവർഷം 50 ലക്ഷം രൂപ കേന്ദ്രം ആശുപത്രിക്ക് അനുവദിക്കുന്നുണ്ട്. ഇതിൽ നിന്ന് ആശുപത്രി സൂപ്രണ്ടിന് രണ്ട് ലക്ഷം രൂപ വരെ കേന്ദ്രാനുമതിയില്ലാതെ നൽകാൻ അധികാരമുണ്ടായിട്ടും സാങ്കേതിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഇത് അനുവദിക്കുന്നില്ലെന്നാണ് ആരോപണം.
തടസ്സപ്പെട്ട ചികിത്സ
ഗുരുതര ചലനവൈകല്യമുള്ള രോഗികൾക്ക് മരുന്ന് ഫലിച്ചില്ലെങ്കിൽ തലച്ചോറിലേക്ക് വൈദ്യുതി കടത്തിവിടുന്ന 'ന്യൂറോ സ്റ്റിമുലേഷൻ ശസ്ത്രക്രിയ'യാണ് ഏക പ്രതിവിധി. നെഞ്ചിനുള്ളിൽ ബാറ്ററി ഘടിപ്പിച്ച് വയർ തലച്ചോറിലേക്ക് കടത്തിവിട്ടാണ് ഈ ചികിത്സ നടത്തുന്നത്. ഇത് ശ്രീചിത്രയിൽ നിർദ്ധന രോഗികൾക്ക് സൗജന്യമായി നൽകിയിരുന്ന ചികിത്സയാണ്.
മുമ്പ് ചികിത്സ ലഭിച്ചവർ
പദ്ധതി കാര്യക്ഷമമായി നടന്ന 2019 വരെയുള്ള കണക്കുകൾ പ്രകാരം:
* 2018-2019: 137.65 കോടി രൂപ അനുവദിച്ചു, 33 പേർക്ക് ചികിത്സ ലഭിച്ചു.
* 2017-2018: 82.13 കോടി രൂപ അനുവദിച്ചു, 32 പേർക്ക് ചികിത്സ ലഭിച്ചു.
* 2016-2017: 147 കോടി രൂപ അനുവദിച്ചു, 34 പേർക്ക് ചികിത്സ ലഭിച്ചു.











