
ന്യൂഡൽഹി: പരീക്ഷാ തട്ടിപ്പുകളും ചോദ്യപേപ്പർ ചോർച്ചയും കർശനമായി തടയാൻ ലക്ഷ്യമിട്ട് തയ്യാറാക്കിയ 'പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ, 2026'-ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ബിൽ അടിയന്തര പ്രാധാന്യത്തോടെ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കാനും പ്രധാനമന്ത്രി നിർദേശിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
പുതിയ ഭേദഗതിയിലൂടെ പരീക്ഷാ ക്രമക്കേടുകൾക്ക് നിലവിലുള്ളതിനേക്കാൾ കർശനമായ ശിക്ഷയാണ് നിർദേശിച്ചിരിക്കുന്നത്. 2024-ലെ നിയമപ്രകാരം മൂന്ന് വർഷമായിരുന്ന കുറഞ്ഞ തടവുശിക്ഷ അഞ്ച് വർഷമാക്കും. പരമാവധി ശിക്ഷ അഞ്ച് വർഷത്തിൽ നിന്ന് പത്ത് വർഷമായി ഉയർത്തും. പിഴത്തുകയും 10 ലക്ഷം രൂപയിൽ നിന്ന് 50 ലക്ഷം രൂപയായി വർധിപ്പിക്കും.
സംഘടിത പരീക്ഷാ തട്ടിപ്പുകൾക്ക് കൂടുതൽ കടുത്ത നടപടികളാണ് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കുറഞ്ഞത് ഏഴ് വർഷം തടവും 10 കോടി രൂപ വരെ പിഴയും ലഭിക്കും. പരീക്ഷാ നടത്തിപ്പിൽ വീഴ്ച വരുത്തുന്ന സർവീസ് പ്രൊവൈഡർമാർക്ക് അഞ്ച് കോടി രൂപ വരെ പിഴ ചുമത്താനും, എട്ട് വർഷത്തേക്ക് പരീക്ഷാ നടത്തിപ്പിൽ നിന്ന് വിലക്കാനും വ്യവസ്ഥയുണ്ട്. അതേസമയം, ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ ഡയറക്ടർമാർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർക്ക് കുറഞ്ഞത് അഞ്ച് വർഷം തടവും അഞ്ച് കോടി രൂപ വരെ പിഴയും നേരിടേണ്ടിവരും.
അന്വേഷണ നടപടികൾ വേഗത്തിലാക്കാൻ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിക്കാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്നതും ഭേദഗതിയുടെ പ്രധാന സവിശേഷതയാണ്. ആവശ്യമായ സാഹചര്യങ്ങളിൽ കേസുകൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറാനും വ്യവസ്ഥയുണ്ട്. രജിസ്റ്റർ ചെയ്യുന്ന ഓരോ കേസിന്റെയും അന്വേഷണം രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നാണ് ബിൽ നിർദേശിക്കുന്നത്.
വിചാരണ വേഗത്തിലാക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. കുറ്റപത്രം സമർപ്പിച്ചതിന് ശേഷം മൂന്ന് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും, നിലവിൽ പരിഗണനയിലുള്ള കേസുകളും ഈ കോടതികളിലേക്ക് മാറ്റണമെന്നും നിർദേശിക്കുന്നു. ഫാസ്റ്റ് ട്രാക്ക് കോടതികളുടെ വിധിക്കെതിരായ അപ്പീലുകൾ ഹൈക്കോടതിയിലെ ഡിവിഷൻ ബെഞ്ച് മൂന്ന് മാസത്തിനകം തീർപ്പാക്കണമെന്നും ബില്ലിൽ വ്യക്തമാക്കുന്നു.











