07:28am 28 October 2026
NEWS
അർണബ് ചുഴലിക്കാറ്റ്: ആന്ധ്രയിൽ അതീവ ജാഗ്രത; ഒരു ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു; 72 ട്രെയിനുകൾ റദ്ദാക്കി
28/10/2026  06:39 AM IST
nila
അർണബ് ചുഴലിക്കാറ്റ്: ആന്ധ്രയിൽ അതീവ ജാഗ്രത; ഒരു ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു; 72 ട്രെയിനുകൾ റദ്ദാക്കി

അമരാവതി: അർണബ് അതിതീവ്ര ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ ആന്ധ്രാപ്രദേശിൽ കനത്ത മഴയും ശക്തമായ കാറ്റും. ചുഴലിക്കാറ്റ് ഭീഷണി നിലനിൽക്കുന്ന തീരമേഖലകളിൽ നിന്ന് ഏകദേശം ഒരു ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായി ഒക്ടോബർ 27, 28 തീയതികളിലായി 72 ട്രെയിൻ സർവീസുകൾ റദ്ദാക്കിയതിനു പിന്നാലെ വിമാന സർവീസുകളും തടസ്സപ്പെട്ടു.

ചൊവ്വാഴ്ച പുലർച്ചെയോടെ ചുഴലിക്കാറ്റ് കരതൊടുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ബാപ്പറ്റ്‌ല–വിശാഖപട്ടണം തീരമേഖലയ്ക്കിടയിൽ യാനത്തിന് സമീപം ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കുമെന്നാണ് അറിയിച്ചിരുന്നത്. മണിക്കൂറിൽ 125 മുതൽ 150 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും അതിശക്തമായ മഴ പെയ്യാനും സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിൽ ജാഗ്രത ശക്തമാക്കി.

ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ദക്ഷിണ മധ്യ റെയിൽവേയും ഈസ്റ്റ് കോസ്റ്റ് റെയിൽവേയും ചേർന്ന് 72 ട്രെയിൻ സർവീസുകൾ പൂർണമായോ ഭാഗികമായോ റദ്ദാക്കി. ആന്ധ്രാപ്രദേശ്, ഒഡീഷ, തെലങ്കാന എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന സർവീസുകളെയാണ് തീരുമാനം പ്രധാനമായും ബാധിച്ചത്.

സെക്കന്തരാബാദ്–ഹൗറ ഫലക്‌നുമ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്, ഹൈദരാബാദ്–വിശാഖപട്ടണം ഗോദാവരി എക്‌സ്പ്രസ്, സെക്കന്തരാബാദ്–ഭുവനേശ്വർ വിശാഖ എക്‌സ്പ്രസ്, സെക്കന്തരാബാദ്–വിശാഖപട്ടണം ഗരീബ് രഥ്, ലിംഗമ്പള്ളി–കാക്കിനാഡ ഗൗതമി എക്‌സ്പ്രസ് എന്നിവ റദ്ദാക്കിയ സർവീസുകളിൽ ഉൾപ്പെടുന്നു. നിരവധി പാസഞ്ചർ ട്രെയിനുകളും സർവീസ് നടത്തില്ല.

വിമാന സർവീസുകളും താറുമാറായി

വിശാഖപട്ടണം, വിജയവാഡ വിമാനത്താവളങ്ങളിലേക്കും അവിടെനിന്നുമുള്ള സർവീസുകളെയും ചുഴലിക്കാറ്റ് ബാധിച്ചു. ഡൽഹി, ഹൈദരാബാദ്, ബെംഗളൂരു, കൊൽക്കത്ത, ചെന്നൈ, തിരുപ്പതി തുടങ്ങിയ നഗരങ്ങളിലേക്കുള്ള 32 ഓളം വിമാന സർവീസുകൾ ചൊവ്വാഴ്ച റദ്ദാക്കിയിരുന്നു.

ഒക്ടോബർ 28-ന് വിജയവാഡയിൽ നിന്നുള്ള എല്ലാ സർവീസുകളും ഇൻഡിഗോ റദ്ദാക്കിയിട്ടുണ്ട്. എയർ ഇന്ത്യയുടെ ഡൽഹി സർവീസും ഫ്ലൈ91-ന്റെ ഹൈദരാബാദ് സർവീസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു.

എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ യാത്രക്കാരോട് യാത്ര പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ നിലവിലെ സ്ഥിതി പരിശോധിക്കാൻ നിർദേശിച്ചു. കാലാവസ്ഥാ സാഹചര്യങ്ങൾക്കനുസരിച്ച് സർവീസുകളിൽ മാറ്റമുണ്ടാകാമെന്നും അറിയിച്ചിട്ടുണ്ട്.

11 തീരദേശ ജില്ലകളിൽ റെഡ് അലർട്ട്

ആന്ധ്രാപ്രദേശിലെ 11 തീരദേശ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്തനിവാരണ സേനയുടെയും (എൻഡിആർഎഫ്) സംസ്ഥാന ദുരന്തനിവാരണ സേനയുടെയും (എസ്ഡിആർഎഫ്) സംഘങ്ങളെ തീരമേഖലകളിൽ വിന്യസിച്ചു. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനും അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുമുള്ള നടപടികൾ തുടരുകയാണ്.

ചുഴലിക്കാറ്റിന്റെ സഞ്ചാരപഥവും കാറ്റിന്റെ തീവ്രതയും കണക്കിലെടുത്ത് തീരദേശ മേഖലകളിൽ അധികൃതർ ജാഗ്രതാ നിർദേശങ്ങൾ തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img