
ന്യൂഡല്‍ഹി: സുപ്രിം കോടതി നിയമിച്ച ആര്‍ബിട്ട്രേറ്റര്‍ ജസ്റ്റിസ് ദാമ ശേഷാദ്രി നായിഡു പുറപ്പെടുവിച്ച വിധിയില്‍ ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ടി ടി എഫ് ഐ) കേരളാ ടേബിള്‍ ടെന്നീസ് അസോസിയേഷന്റെ അഫിലിയേഷന്‍ പുന:സ്ഥാപിക്കണമെന്ന് നിര്‍ദേശം. 2018 സെപ്റ്റംബര്‍ 29-ന് കേരള ടേബിള്‍ ടെന്നീസ് അസോസിയേഷനെ (കെ ടി ടി എ) നിയമവിരുദ്ധമായി അഫിലിയേഷനില്‍ നിന്ന് നീക്കം ചെയ്തതോടൊപ്പം ടേബിള്‍ ടെന്നീസ് അസോസിയേഷന്‍ ഓഫ് കേരള (ടി ടി എ കെ) എന്ന സമാന്തര സംഘടനയ്ക്ക് ഫെഡറേഷന്‍ അഫിലിയേഷന്‍ നല്‍കുകയും ചെയ്തു.
അറുപതിലധികം വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കെ ടി ടി എയുടെ ഏഴ് വര്‍ഷം നീണ്ടുനിന്ന നിയമ പോരാട്ടത്തിനൊടുവിലാണ് വിധി അനുകൂലമായത്.
ഡിസ്അഫിലിയേഷനു പിന്നാലെ കെ ടി ടി എയും താരങ്ങളും കേരള ഹൈക്കോടതിയില്‍ ഉള്‍പ്പെടെ വിവിധ കോടതികളില്‍ നിരവധി കേസുകള്‍ ഫയല്‍ ചെയ്തിരുന്നു. ഹൈക്കോടതി ചില സമയങ്ങളില്‍ ഇടക്കാല ആശ്വാസങ്ങള്‍ അനുവദിച്ചതിനാല്‍ ചില ദേശീയ മത്സരങ്ങളില്‍ താരങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ടി ടി എഫ് ഐയുടെ ബൈലോയിലെ 48-ാം വകുപ്പ് ചൂണ്ടിക്കാട്ടി ഇത്തരം തര്‍ക്കങ്ങള്‍ ആര്‍ബിട്ട്രേഷന്‍ മുഖാന്തരം മാത്രമേ പരിഹരിക്കാവൂ എന്ന നിബന്ധനയോടെ മത്സരത്തില്‍ പങ്കെടുക്കുന്നത് പൂര്‍ണമായും നിരോധിക്കുകയായിരുന്നു.
തുടര്‍ന്ന് ആര്‍ബിട്ട്രേറ്ററെ നിയമിക്കണമെന്നാവശ്യപ്പെട്ട് കെ ടി ടി എ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാല്‍ കെ ടി ടി എയെ കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ (കെ എസ് എസ് സി) തുടര്‍ച്ചയായി അംഗീകരിച്ചിരുന്നു. ഇതിന് ഹൈക്കോടതിയുടെ ഉത്തരവും പിന്തുണയായി നിന്നു.
കേരള സ്‌പോര്‍ട്‌സ് ആക്ട് പ്രകാരം ഒരു സംസ്ഥാനത്ത് ഒരു കായിക ഇനത്തിന് ഒരേയൊരു അസോസിയേഷനു മാത്രമേ നിയന്ത്രണാവകാശം ഉള്ളൂ. അതിനാല്‍ ടി ടി എ കെ പോലെയുള്ള സമാന്തര സംഘടനയുടെ രൂപീകരണവും പ്രവര്‍ത്തനവും നിയമപരമായി അസാധുവാണ്.
ആര്‍ബിട്ട്രേറ്ററുടെ വിധിയോടെ എല്ലാ ആശയക്കുഴപ്പങ്ങള്‍ക്കും വിരാമമായതായും കേരളത്തിലെ എല്ലാ ജില്ലകളിലെയും സംസ്ഥാനതലത്തെയും ദേശീയതലത്തെയും ടേബിള്‍ ടെന്നീസ് മത്സരങ്ങളില്‍ താരങ്ങള്‍ക്ക് സ്വതന്ത്രമായി പങ്കെടുക്കാനും അംഗീകൃത കായിക താരങ്ങള്‍ക്കുള്ള ഗ്രേസ് മാര്‍ക്കുകളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാനുള്ള വഴിയൊരുങ്ങിയതായും കെ ടി ടി എ സെക്രട്ടറി വിജയ് അര്‍ജന്ദാസിന് വേണ്ടി കേരള ടേബിള്‍ ടെന്നീസ് അസോസിയേഷന്‍ ലീഗല്‍ അഡൈ്വസര്‍ അഡ്വ. എസ് എ എസ് നവാസ് അറിയിച്ചു.
Photo Courtesy - Google











