03:45pm 06 November 2026
NEWS
ഭാര്യ ഉൾപ്പെടെ ഏഴുപേരുടെ കൊലപ്പെടുത്തി മൃതദേഹങ്ങൾ വിവിധയിടങ്ങളിൽ ഉപേക്ഷിച്ചു; ഇന്ദു ശേഖറിന് കൂട്ടാളിയുണ്ടെന്ന് സംശയം
06/11/2026  11:38 AM IST
nila
ഭാര്യ ഉൾപ്പെടെ ഏഴുപേരുടെ കൊലപ്പെടുത്തി മൃതദേഹങ്ങൾ വിവിധയിടങ്ങളിൽ ഉപേക്ഷിച്ചു; ഇന്ദു ശേഖറിന് കൂട്ടാളിയുണ്ടെന്ന് സംശയം

ബെംഗളൂരു: രാജാജിനഗറിൽ ഭാര്യയെയും ഭാര്യയുടെ കുടുംബാംഗങ്ങളായ ആറുപേരെയും കൊലപ്പെടുത്തിയ കേസിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേസിൽ അറസ്റ്റിലായ 45കാരനായ ക്യാബ് ഡ്രൈവർ ഇന്ദു ശേഖർ കൊലപാതകങ്ങൾ നടപ്പാക്കാൻ മറ്റൊരാളുടെ സഹായം തേടിയിരുന്നതായാണ് പൊലീസിന്റെ സംശയം. എന്നാൽ ഇയാൾക്കൊപ്പം പ്രവർത്തിച്ചുവെന്ന് കരുതുന്നയാളെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.

ഒക്ടോബർ 16 മുതൽ നവംബർ 3 വരെയുള്ള ദിവസങ്ങളിലാണ് ഏഴുപേരും കൊല്ലപ്പെട്ടതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപ്പെടുത്തിയവരുടെ മൃതദേഹങ്ങൾ ബെംഗളൂരുവിന്റെ വിവിധ നഗരപ്രാന്ത പ്രദേശങ്ങളിലും ചിക്കബെല്ലാപ്പൂരിലെ നന്ദി ഹിൽസിന് സമീപത്തെ താഴ്‌വരയിലുമാണ് ഉപേക്ഷിച്ചത്. ശ്രീരാംപുര പൊലീസ് സ്റ്റേഷനിൽ ലഭിച്ച കാണാതായെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചതോടെയാണ് കൂട്ടക്കൊലയുടെ ചുരുളഴിഞ്ഞത്.

മാസങ്ങൾ നീണ്ട ആസൂത്രണം

ഭാര്യയുടെ അമ്മയും കുടുംബാംഗങ്ങളും നിരന്തരം അപമാനിക്കുകയും തന്റെ ദാമ്പത്യജീവിതത്തിൽ ഇടപെടുകയും ചെയ്തതാണ് കൊലപാതകങ്ങൾക്ക് കാരണമെന്നാണ് ഇന്ദു ശേഖർ പൊലീസിന് നൽകിയ മൊഴി. സെപ്റ്റംബർ പകുതിയോടെ അമ്മായിയമ്മ വീട്ടിലെത്തി വീണ്ടും അധിക്ഷേപിച്ചതോടെയാണ് കൂട്ടക്കൊല ആസൂത്രണം ചെയ്തതെന്നാണ് ഇയാൾ പറയുന്നത്.

ആട്ടുകല്ല് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി

ഓരോരുത്തരെയും വ്യത്യസ്ത ദിവസങ്ങളിൽ രാജാജിനഗറിലെ വീട്ടിലേക്ക് വിളിച്ചുവരുത്തിയായിരുന്നു കൊലപാതകമെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. വീട്ടിലെ ആട്ടുകല്ല് ഉപയോഗിച്ച് തലയ്ക്കടിച്ചാണ് ഇവരെ കൊലപ്പെടുത്തിയത്. ഭാര്യയെയും അമ്മായിയമ്മയെയുമാണ് ആദ്യം വകവരുത്തിയത്.

കൊല്ലപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനും കൊലപാതകങ്ങളിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനുമായി പ്രത്യേക പൊലീസ് സംഘം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതിക്ക് ലഭിച്ചുവെന്ന് സംശയിക്കുന്ന സഹായത്തെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img