11:09am 08 September 2026
NEWS
നിത്യയൗവനത്തിന്റെ ഏഴര പതിറ്റാണ്ട്; മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ
07/09/2026  06:21 AM IST
nila
നിത്യയൗവനത്തിന്റെ ഏഴര പതിറ്റാണ്ട്; മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ

കൊച്ചി: മലയാള സിനിമയുടെ അഭിനയചരിത്രത്തിൽ അഞ്ച് പതിറ്റാണ്ടിലേറെ നീണ്ടുനിൽക്കുന്ന വിസ്മയയാത്രയ്ക്ക് ഇന്ന് 75 വയസ്സ്. മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറിയ മഹാനടൻ മമ്മൂട്ടിയുടെ പിറന്നാളാണ് സെപ്റ്റംബർ ഏഴ്. 1971-ൽ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ പി.ഐ. മുഹമ്മദ് കുട്ടി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട മമ്മൂട്ടിയായി മാറുകയായിരുന്നു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തിൽ 425-ലേറെ ചിത്രങ്ങളിൽ വേഷമിട്ട അദ്ദേഹം താരമെന്ന നിലയിലും നടനെന്ന നിലയിലും തലമുറകളെ ഒരുപോലെ വിസ്മയിപ്പിച്ചു.

കോട്ടയം വൈക്കത്തെ ചെമ്പ് ഗ്രാമത്തിൽ 1951 സെപ്റ്റംബർ ഏഴിനാണ് ഇസ്മായിലിന്റെയും ഫാത്തിമയുടെയും മകനായി മമ്മൂട്ടി ജനിച്ചത്. ചെമ്പ്, ചന്തിരൂർ കുലശേഖരമംഗലം എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തേവര സേക്രഡ് ഹാർട്ട് കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും തുടർന്ന് ലോ കോളേജിലുമായി ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് മഞ്ചേരിയിൽ ക്രിമിനൽ അഭിഭാഷകനായും പ്രവർത്തിച്ചു.

സമാന്തര സിനിമയിലും വാണിജ്യ സിനിമയിലും ഒരുപോലെ തിളങ്ങാൻ കഴിഞ്ഞ അപൂർവ നടന്മാരിലൊരാളാണ് മമ്മൂട്ടി. മലയാളിയുടെ നായകസങ്കൽപ്പങ്ങൾക്ക് പുതിയ രൂപവും ഭാവവും നൽകിയ അദ്ദേഹം നിരവധി തലമുറകളുടെ ആരാധന സ്വന്തമാക്കി.

അഭിനയ മികവിനുള്ള അംഗീകാരങ്ങളും മമ്മൂട്ടിയുടെ കരിയറിനെ സമ്പന്നമാക്കുന്നു. 1998-ൽ പത്മശ്രീ ലഭിച്ച മമ്മൂട്ടിയെ 75-ാം പിറന്നാൾ വർഷത്തിൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. മികച്ച നടനുള്ള നാല് ദേശീയ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. മികച്ച നടൻ, മികച്ച രണ്ടാമത്തെ നടൻ, പ്രത്യേക പരാമർശം എന്നിവ ഉൾപ്പെടെ ഒൻപത് സംസ്ഥാന പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കേരള, കാലിക്കറ്റ്, എം.ജി. സർവകലാശാലകൾ ഡി.ലിറ്റ് നൽകി ആദരിച്ചു. കേരള സർക്കാരിന്റെ പരമോന്നത ബഹുമതിയായ കേരള പ്രഭ പുരസ്‌കാരത്തിനും മമ്മൂട്ടി അർഹനായി.

1971-ൽ തുടങ്ങിയ അഭിനയയാത്ര 55 വർഷം പിന്നിടുമ്പോഴും തിരക്കേറിയ താരമാണ് മമ്മൂട്ടി. ഈ വർഷം ഇതുവരെ രണ്ട് ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി തിയേറ്ററിലെത്തിയത്. യുവതാരങ്ങൾ അണിനിരന്ന ചത്താ പച്ചയിൽ അതിഥിവേഷത്തിലെത്തിയ മമ്മൂട്ടി, വർഷങ്ങൾക്കുശേഷം മോഹൻലാലിനൊപ്പം പേട്രിയറ്റ് എന്ന ചിത്രത്തിലും ഒന്നിച്ചു.

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ ആണ് പുറത്തിറങ്ങാനിരിക്കുന്ന മമ്മൂട്ടി ചിത്രം. 2004-ൽ പുറത്തിറങ്ങിയ ബ്ലാക്ക് എന്ന സിനിമയിലെ കാരിക്കാമുറി ഷണ്മുഖൻ എന്ന കഥാപാത്രമായി അതിഥി വേഷത്തിലാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. ഇതിന് പുറമെ നിരവധി മലയാളം, അന്യഭാഷാ ചിത്രങ്ങളും താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

75-ാം വയസ്സിലും അഭിനയത്തിന്റെ പുതുവഴികൾ തേടുന്ന മമ്മൂട്ടിക്ക് കേരളശബ്ദത്തിന്റെ പിറന്നാൾ ആശംസകൾ.. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img