
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ കോൺഗ്രസ് കേരള ഘടകത്തിന്റെ (കെ.പി.സി.സി) ഔദ്യോഗിക എക്സ് അക്കൗണ്ടിൽ വന്ന വിവാദ ട്വീറ്റിൽ നിയമനടപടികൾ കനക്കുന്നു. ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റ് ചെയ്ത ട്വീറ്റിനെതിരെ സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യാൻ അഭിഭാഷകയായ സവിത സിംഗ് അറ്റോർണി ജനറലിന്റെ (എ.ജി) അനുമതി തേടി. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, സോഷ്യൽ മീഡിയ അഡ്മിനിസ്ട്രേറ്റർ എന്നിവർക്കെതിരെയാണ് നടപടിക്ക് നീക്കം നടക്കുന്നത്.
നീതിന്യായ വ്യവസ്ഥയ്ക്ക് നേതെയുള്ള വെല്ലുവിളി
നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്ര സ്വഭാവത്തെയും പരമോന്നത നീതിപീഠത്തിന്റെ അധ്യക്ഷനായ ചീഫ് ജസ്റ്റിസിന്റെ പദവിയെയും നേരിട്ട് ഭീഷണിപ്പെടുത്താനും സമ്മർദ്ദത്തിലാക്കാനുമുള്ള ബോധപൂർവ്വമായ ശ്രമമാണ് ഈ ട്വീറ്റിലൂടെ നടന്നിരിക്കുന്നതെന്ന് അറ്റോർണി ജനറലിന് നൽകിയ പരാതിയിൽ അഭിഭാഷക ചൂണ്ടിക്കാണിക്കുന്നു. ജുഡീഷ്യറിയുടെ അന്തസ്സിനെ ഇടിച്ചുതാഴ്ത്തുന്നതും കോടതിയുടെ അധികാരം ചോദ്യം ചെയ്യുന്നതുമാണ് ഇത്തരം പ്രസ്താവനകളെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
വിവാദമായതോടെ പിൻവലിച്ചെങ്കിലും രക്ഷയില്ല
സമൂഹമാധ്യമങ്ങളിൽ കടുത്ത പ്രതിഷേധം ഉയരുകയും വലിയ വിവാദമാകുകയും ചെയ്തതിന് പിന്നാലെ കെ.പി.സി.സി ഈ ട്വീറ്റ് അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്തിരുന്നു. എന്നാൽ ട്വീറ്റ് ഡിലീറ്റ് ചെയ്തതുകൊണ്ട് മാത്രം കോടതിയലക്ഷ്യ കുറ്റത്തിൽ നിന്ന് ഒഴിവാകാനാകില്ലെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ. പരസ്യമായി നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ പങ്കുവെച്ചതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ മാതൃകാപരമായ നടപടി വേണമെന്നാണ് ഹർജിക്കാരിയുടെ ആവശ്യം. അറ്റോർണി ജനറലിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തും.










