
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലേക്കുള്ള മിൽമയുടെ നെയ് വിതരണവുമായി ബന്ധപ്പെട്ട ഇടപാടിൽ ഗുരുതര ക്രമക്കേടുകളും ചട്ടലംഘനങ്ങളും കണ്ടെത്തിയതായി ക്ഷീരവികസന വകുപ്പ് ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട്. നെയ് വിതരണം നടത്താൻ 70 ദിവസത്തെ സമയം ലഭ്യമായിരുന്നിട്ടും തുറന്ന ടെൻഡർ നടപടികൾ പാലിക്കാതെ നിയമങ്ങൾ ലംഘിച്ചെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.
നെയ് സപ്ലൈക്കായുള്ള അപേക്ഷ ക്ഷണിച്ചത് നിയമാനുസൃതമല്ലെന്നും, കൂടുതൽ അപേക്ഷകരെ പങ്കെടുപ്പിക്കാനാണ് ടെൻഡർ ഒഴിവാക്കിയതെന്ന വിശദീകരണം അംഗീകരിക്കാനാകില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രണ്ട് തവണ തുറന്ന ടെൻഡർ നടപടികൾ ഒഴിവാക്കി സീൽഡ് ടെൻഡർ സ്വീകരിച്ചതും അന്വേഷണത്തിൽ ചൂണ്ടിക്കാണിക്കുന്നു.
വിലനിർണയത്തിലും അസാധാരണമായ വ്യത്യാസമാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. ഒരു ടിൻ നെയ് എത്തിക്കുന്നതിനുള്ള ചെലവായി മറ്റ് സ്ഥാപനങ്ങൾ 81 രൂപയും 48 രൂപയും ക്വോട്ട് ചെയ്തപ്പോൾ, കരാർ നേടിയ കമ്പനി വെറും 18 രൂപ മാത്രമാണ് രേഖപ്പെടുത്തിയത്. ഈ അസാധാരണ വിലക്കുറവ് ഇടപാടിൽ ദുരൂഹത വർധിപ്പിക്കുന്നതായി റിപ്പോർട്ട് വിലയിരുത്തുന്നു.
കരാർ പ്രകാരം 1,65,000 ലിറ്റർ നെയ് വിതരണം ചെയ്യാനായിരുന്നു ഓർഡർ നൽകിയിരുന്നത്. എന്നാൽ വിതരണം ചെയ്തത് 1,56,010 ലിറ്റർ മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, ശബരിമലയിലേക്ക് ആകെ 30 ബാച്ച് നെയ് തയ്യാറാക്കേണ്ട സാഹചര്യത്തിൽ രേഖകളിൽ ആറ് ബാച്ച് നമ്പറുകൾ മാത്രമാണ് ഉൾപ്പെട്ടിരിക്കുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.











