01:00am 06 July 2026
NEWS
സെപ്റ്റിക് ടാങ്കിൽ വീണ് കുടുങ്ങിയ സീരിയൽ നടി വസന്തകുമാരിയമ്മയെ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ പുറത്തെടുത്തു
05/07/2026  07:48 PM IST
NILA
സെപ്റ്റിക് ടാങ്കിൽ വീണ് കുടുങ്ങിയ സീരിയൽ നടി വസന്തകുമാരിയമ്മയെ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ പുറത്തെടുത്തു

 

 

തിരുവനന്തപുരം: കല്ലിയൂരിൽ വീട്ടുപറമ്പിലെ പഴകിയ സെപ്റ്റിക് ടാങ്കിൻ്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് 15 അടിയോളം താഴ്ചയുള്ള കുഴിയിലേക്ക് വീണ സീരിയൽ നടി വസന്തകുമാരിയമ്മ (75)യെ വിഴിഞ്ഞം അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം.

ബക്കറ്റിൽ വെള്ളവുമായി വീട്ടുമുറ്റത്തുകൂടി നടക്കുന്നതിനിടെ കാലപ്പഴക്കം കാരണം ദുർബലമായിരുന്ന സെപ്റ്റിക് ടാങ്കിൻ്റെ സ്ലാബ് തകർന്നു. ഇതോടെ വസന്തകുമാരിയമ്മ നേരെ ടാങ്കിനുള്ളിലേക്ക് പതിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ ഉടൻ വിഴിഞ്ഞം ഫയർഫോഴ്സിനെ വിവരം അറിയിച്ചു.

രക്ഷാസംഘം സ്ഥലത്തെത്തിയപ്പോൾ വീട്ടുകാർ ഇറക്കിക്കൊടുത്ത ഏണിയിലൂടെ കയറാൻ ശ്രമിച്ചെങ്കിലും പരിക്കേറ്റതിനാൽ അതിന് സാധിക്കാതെ ഒരു കൈകൊണ്ട് തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു വയോധിക. ശരീരത്തിന്റെ ഭൂരിഭാഗവും വെള്ളത്തിൽ മുങ്ങിക്കിടന്നിരുന്നു. വീഴ്ചയിൽ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ പിടിവിട്ടാൽ പൂർണമായും വെള്ളത്തിലേക്ക് താഴ്ന്നുപോകുന്ന അപകടാവസ്ഥയുമുണ്ടായിരുന്നു.

സെപ്റ്റിക് ടാങ്കിന് ചുറ്റുമുള്ള മറ്റ് കോൺക്രീറ്റ് സ്ലാബുകളും ബലക്ഷയം സംഭവിച്ചിരുന്നതും ടാങ്കിനുള്ളിലെ ഇടുങ്ങിയ സാഹചര്യമുമാണ് രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമാക്കിയത്. തുടർന്ന് അഗ്നിരക്ഷാസേനാംഗങ്ങൾ ടാങ്കിനുള്ളിലേക്ക് ഇറങ്ങി വസന്തകുമാരിയമ്മയെ താങ്ങിനിർത്തി. നെറ്റ്, കയർ, ഏണി എന്നിവയുടെ സഹായത്തോടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് സുരക്ഷിതമായി പുറത്തെടുത്തത്.

രക്ഷപ്പെടുത്തിയ ഉടൻ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

വിഴിഞ്ഞം ഫയർ സ്റ്റേഷനിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുനിൽ കുമാറിൻ്റെ നേതൃത്വത്തിൽ സന്തോഷ് കുമാർ, പ്രണവ്, സനൽകുമാർ, ഹരികൃഷ്ണൻ, രാജേഷ്, ജിബിൻ, വിജയരാജ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img