
കർണാടക :മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മിൽ കുറേക്കാലമായി തുടർന്നുപോരുന്ന ശീതസമരം മറനീക്കി പുറത്തുവരികയാണ്. മുഖ്യമന്ത്രിപദവിയാണ് ശിവകുമാറിന്റെ ലക്ഷ്യം. എന്നാൽ സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനത്ത് തുടരണമെന്നാണ് മുതിർന്ന മന്ത്രിമാരും നല്ലൊരു വിഭാഗം കോൺഗ്രസ് എം എൽ എമാരും ആഗ്രഹിക്കുന്നത്. ശിവകുമാറിനെ മുഖ്യമന്ത്രിയായി അംഗീകരിക്കാൻ അവരാരും തയ്യാറല്ല. അതുകൊണ്ടുതന്നെ സിദ്ധരാമയ്യയെ മാറ്റി ശിവകുമാറിനെ മുഖ്യമന്ത്രിക്കസേരയിൽ പ്രതിഷ്ഠിക്കാൻ ഹൈക്കമാണ്ട് വിചാരിച്ചാലും തൽക്കാലം സാധ്യമാവുകയില്ല. ഈ യാഥാർഥ്യം ശിവകുമാറിനെ വല്ലാതെ ചൊടിപ്പിക്കുന്നുണ്ടെങ്കിലും അദ്ദേഹം മുഖ്യമന്ത്രിസ്ഥാനത്തിന് വേണ്ടി പരസ്യമായി വാദിക്കുന്നില്ല. "സിദ്ധരാമയ്യയാണ് ഞങ്ങളുടെ മുഖ്യമന്ത്രി. കോൺഗ്രസ് അഞ്ചുകൊല്ലം തികച്ചു ഭരിക്കും. ആരും ആരുടെയും രാഷ്ട്രീയ ഭാവി പ്രവചിക്കേണ്ടതില്ല. അധികാരം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ആരും പ്രസ്താവന ഇറക്കുകയുമരുത്" പിസിസി അധ്യക്ഷപദവിയും ഉപമുഖ്യമന്ത്രിസ്ഥാനവും ഒന്നിച്ചുവഹിക്കുന്ന ശിവകുമാർ വ്യക്തമാക്കി. ശിവകുമാർ വിദേശത്തായിരിക്കെ ഏതാനും ദിവസംമുമ്പ് സിദ്ധരാമയ്യയെ ശക്തമായി പിന്തുണക്കുന്ന മന്ത്രിമാരും ഏതാനും എംഎൽ എമാരും മന്ത്രി സതീഷ് ജാർക്കിഹോളിയുടെ വസതിയിൽ ഒത്തുചേർന്നിരുന്നു. ആ അത്താഴവിരുന്നിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും പങ്കെടുത്തിരുന്നു. ഒരാഴ്ച കഴിഞ്ഞ് ആഭ്യന്തരമന്ത്രി ഡോക്ടർ ജി പരമേശ്വരയും എസ് സി, എസ് ടി വിഭാഗത്തിൽ പെട്ട മന്ത്രിമാരുടെയും എം എൽ എ മാരുടെയും യോഗം വിളിച്ചു. അതിനിടയിൽ വിദേശത്തുനിന്ന് തിരിച്ചെത്തിയ ശിവകുമാർ എ ഐ സിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ കണ്ട് പരാതിപ്പെട്ടതിനെ തുടർന്ന് ആഭ്യന്തരമന്ത്രിയുടെ വസതിയിൽ കൂടാൻ തീരുമാനിച്ച യോഗം മാറ്റിവെക്കുകയായിരുന്നു. രണ്ടു യോഗത്തിന്റെയും ലക്ഷ്യം ശിവകുമാർ മുഖ്യമന്ത്രിയാകുന്നത് തടയുക എന്നത് തന്നെയായിരുന്നു. "2023 ൽ സിദ്ധരാമയ്യയും ശിവകുമാറും ചേർന്നാണ് കോൺഗ്രസിനെ വിജയത്തിലെത്തിച്ചത്. ഹൈക്കമാണ്ട് താല്പര്യപ്രകാരം എംഎൽഎമാർ സിദ്ധരാമയ്യയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. അഞ്ചുകൊല്ലം അദ്ദേഹം ഭരിക്കട്ടെ. രണ്ടരകൊല്ലം മുഖ്യമന്ത്രിയാകാൻ ശിവകുമാർ പരിശ്രമിക്കുന്നതെന്തിന്? അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടിയെ ജയിപ്പിച്ച് അദ്ദേഹം അഞ്ചുകൊല്ലം മുഖ്യമന്ത്രിയാകട്ടെ" മുതിർന്ന നേതാവും സഹകരണ മന്ത്രിയുമായ കെ എൻ രാജണ്ണ അഭിപ്രായപ്പെട്ടു. സിദ്ധരാമയ്യയുമായി ആത്മബന്ധമുള്ള നേതാവാണ് രാജണ്ണ. ഹൈക്കമാണ്ട് താല്പര്യപ്പെട്ടാലും ശിവകുമാറിന് മുഖ്യമന്ത്രിയാകാൻ സാധിക്കാത്ത രാഷ്ട്രീയ സാഹചര്യമാണ് കർണാടകത്തിലെ കോൺഗ്രസ്സിൽ നിലനിൽക്കുന്നത്. പിസിസി അധ്യക്ഷപദവി ശിവകുമാർ മറ്റൊരു നേതാവിന് വിട്ടുകൊടുക്കേണ്ടി വരുമോ എന്ന സംശയം അവശേഷിക്കുന്നുമുണ്ട്.











