
കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് കേരളത്തിലെ കോൺഗ്രസിനുള്ളിൽ അമർഷം പുകയുന്നതിനിടെ ദേശീയ തലത്തിൽ കോൺഗ്രസിനുള്ളിൽ പുതിയ പോർമുഖം തുറക്കുകയാണ് തിരുവനന്തപുരത്തുനിന്നുള്ള ലോക്സഭാംഗം ശശി തരൂർ. ഇന്ത്യ-പാക് സംഘർഷത്തിൽ പാർട്ടി നിലപാടിന് വിരുദ്ധമായി പരസ്യപ്രതികരണം നടത്തിയതിന് കോൺഗ്രസ് നേതൃത്വം തരൂരിനെ താക്കീത് ചെയ്തിരുന്നു. എന്നാൽ, കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ താക്കീതിൽ വഴങ്ങാതെ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ശശി തരൂർ.
1971 ലെ ഇന്ദിരാഗാന്ധിയുടെയും നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നിലപാടുകളെ താരതമ്യം ചെയ്യരുതെന്ന് തരൂർ പ്രതികരിച്ചിരുന്നു. ഇന്ദിരാഗാന്ധിയുടെ ധീരമായ നിലപാടുകൾ കോൺഗ്രസ് പാർട്ടി ആവർത്തിക്കുമ്പോഴായിരുന്നു തരൂരിന്റെ പ്രതികരണം. ഇത് കോൺഗ്രസിന് ചെറുതല്ലാത്ത പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തിരുന്നു.
ഓപ്പറേഷൻ സിന്ദൂറിനെ പരോക്ഷമായി ചോദ്യം ചെയ്തായിരുന്നു കോൺഗ്രസ് ദേശീയ നേതൃത്വം ഇന്ദിരാഗാന്ധിയുടെ നിലപാടുകളെ ചർച്ചയാക്കിയത്. ഇന്ദിരഗാന്ധിയായിരുന്നു ഇപ്പോഴെങ്കിലെന്ന ചർച്ച കോൺഗ്രസ് സജീവമാക്കിയ ഘട്ടത്തിലാണ് , ആ ചർച്ചക്ക് തരൂർ ആദ്യ കത്തി വച്ചത്. 1971ലെ സാഹചര്യമല്ല ഇപ്പോഴെന്നും പാകിസ്ഥാൻറെ ആയുധ ശേഖരം, സാങ്കേതിക വിദ്യ,നാശ നഷ്ടങ്ങളുണ്ടാക്കാനുള്ള ശേഷി ഇതെല്ലാം മാറിക്കഴിഞ്ഞെന്നും തരൂർ നേതൃത്വത്തെ തിരുത്തി. പഹൽഗാമിൽ കേന്ദ്രത്തിന് ഇൻറലിജൻസ് വീഴ്ചയുണ്ടായെന്ന കോൺഗ്രസ് വിമർശനത്തെ തള്ളി ഏത് രാജ്യത്തിനും രഹസ്യാന്വേഷണ വീഴ്തയുണ്ടാകാമെന്ന തരൂരിൻറെ പ്രസ്താവനയും നേതൃത്വത്തെ വെട്ടിലാക്കി.
ഇതോടെ തരൂരിനെ ശാസിക്കാൻ എഐസിസി തീരുമാനിക്കുകയായിരുന്നു. വ്യക്തിപരമായ അഭിപ്രായങ്ങൾ പറയാനുള്ള സമയമല്ലിതെന്നായിരുന്നു കോൺഗ്രസ് നേതൃത്വം തരൂരിന് നൽകിയ നിർദ്ദേശം. പാർട്ടിയുടെ അഭിപ്രായം പൊതുസമൂഹത്തിൽ അവതരിപ്പിക്കണം. ശശി തരൂർ പരിധി മറികടന്നെന്നും ഇന്നലെ ചേർന്ന മുതിർന്ന നേതാക്കളുടെ യോഗത്തിൽ വിമർശനമുയർന്നു. എന്നാൽ, അതിനുശേഷവും തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് തരൂർ.
തന്റെ ബോധ്യങ്ങളാണ് താൻ പറയുന്നത് എന്നാണ് തരൂരിന്റെ നിലപാട്. ഇതോടെ തരൂരിനെതിരെ പാർട്ടി ശക്തമായ നടപടി എടുക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ഒരുവിഭാഗം ഉയർത്തിക്കഴിഞ്ഞു. എന്നാൽ, തരൂരിനെതിരായ ഏതു നീക്കവും വളരെ ജാഗ്രതയോടെ വേണമെന്ന നിലപാടാണ് ഒരുവിഭാഗം നേതാക്കൾ സ്വീകരിക്കുന്നത്. പാർട്ടിയിൽ കലഹമുണ്ടാക്കി പുറത്തുപോകാനാണോ തരൂർ ലക്ഷ്യമിടുന്നത് എന്ന സംശയം ഇക്കൂട്ടർ പങ്കുവെക്കുന്നുണ്ട്. പാർട്ടി നടപടിയുടെ പേരിൽ തരൂർ കോൺഗ്രസ് വിടുന്ന സാഹചര്യമുണ്ടായാൽ തരൂരിനൊപ്പം ഒരുസംഘം നേതാക്കളും പോയേക്കാം എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. ഫലത്തിൽ തരൂരിനെ തള്ളാനും കൊള്ളാനും മേലാത്ത അവസ്ഥയിലാണ് കോൺഗ്രസ് പാർട്ടി.











