
ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ (റിസർച്ച് ആൻഡ് അനാലിസിസ് വിങ്) അടുത്ത മേധാവിയാകുക മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ പരാഗ് ജെയിൻ. നിലവിലെ സെക്രട്ടറി രവി സിൻഹ വിരമിക്കുന്നതോടെയാണ് പരാഗ് ജെയിൻ റോ മേധാവിയായി സ്ഥാനമേൽക്കുക. ജൂൺ മുപ്പതിനാണ് രവി സിൻഹ വിരമിക്കുന്നത്.
ജൂലായ് ഒന്നിനാണ് റോ മേധാവിയായി പരാഗ് ജെയിൻ ചുമതലയേറ്റെടുക്കുക. രണ്ടു വർഷമാണ് റോ മേധാവിയായി പരാഗിന്റെ സേവന കാലയളവ്.
1989 ബാച്ച് പഞ്ചാബ് കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ് പരാഗ് ജെയിൻ. കേന്ദ്രസർവീസിൽ ഡെപ്യൂട്ടേഷനിലുള്ള പരാഗ് നിലവിൽ ഏവിയേഷൻ റിസർച്ച് സെന്ററിന്റെ തലവനാണ്. ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിയുടെ ഭാഗമായി പാകിസ്താനി സൈന്യവുമായും ഭീകരകേന്ദ്രങ്ങളുമായും ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ശേഖരിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വിഭാഗമായിരുന്നു പരാഗ് നയിച്ച ഏവിയേഷൻ റിസർച്ച് സെന്റർ. മുൻപ് ചണ്ഡീഗഢ് എസ്എസ്പിയായി സേവനം അനുഷ്ഠിച്ചിട്ടുള്ള പരാഗ്, ജമ്മു കശ്മീരിൽ ഭീകരവിരുദ്ധ നടപടികളുടെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്.











