09:34pm 09 November 2026
NEWS
തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു
06/06/2025  11:18 AM IST
nila
തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു. 95 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയവെ തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. മൂന്നു തവണ രാജ്യസഭാ എംപി, രണ്ടു തവണ നിയമസഭാംഗം, രണ്ടു തവണ കെപിസിസി പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ ശൂരനാട് സ്വദേശിയായ തെന്നല ബാലകൃഷ്ണപിള്ള മികച്ച സഹകാരി കൂടിയായിരുന്നു. 

സൗമ്യനും മിതഭാഷിയും കളങ്കമേൽക്കാത്ത രാഷ്ട്രീയ ജിവിതത്തിനുടമയുമായിരുന്നു തെന്നല. ഗ്രൂപ്പുകൾക്കതീതനായ കോൺഗ്രസുകാരനായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. 

1931 മാർച്ച് 11ന് ശൂരനാട് തെന്നല വീട്ടിൽ എൻ ഗോവിന്ദപ്പിള്ളയുടേയും ഈശ്വരിയമ്മയുടേയും പുത്രനായി ജനിച്ചു. തിരുവനന്തപുരം എംജി കോളജിൽനിന്ന് ബിഎസ്‌സി നേടി. ശൂരനാട് വാർഡ് കമ്മറ്റിയംഗമായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. ബ്ലോക്ക് കമ്മറ്റി അധ്യക്ഷനും കൊല്ലം ഡിസിസി ട്രഷററുമായിരുന്ന തെന്നല 1972 മുതൽ അഞ്ചുവർഷത്തോളം കൊല്ലം ഡിസിസി അധ്യക്ഷനുമായി പ്രവർത്തിച്ചു. ദീർഘകാലം കെപിസിസി സെക്രട്ടറിയായിരുന്ന അദ്ദേഹം 1998 ലും 2004ലും കെപിസിസി അധ്യക്ഷനുമായി. ഒരിക്കൽപോലും മത്സരത്തിലൂടെയല്ല പാർട്ടി സ്ഥാനങ്ങളിലെത്തിയത്. അടൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് 1977ലും 1982ലും നിയമസഭയിലെത്തി. 1967, 80, 87 വർഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടു. 1991ലും 1992ലും 2003ലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഭാര്യ: സതീദേവി. മകൾ: നീത.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img