12:56pm 31 August 2026
NEWS
മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന ബിജെപി നേതാവ് മുരളീ മനോഹർ ജോഷി
31/08/2026  07:44 AM IST
nila
മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന ബിജെപി നേതാവ് മുരളീ മനോഹർ ജോഷി

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന ബി.ജെ.പി. നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഡോ. മുരളീ മനോഹർ ജോഷി. രാജ്യത്തെ വിദ്യാഭ്യാസ മേഖല കേന്ദ്രസർക്കാരിന്റെ മുൻഗണനയിൽനിന്ന് പിന്നോട്ടുപോയെന്നും വിദ്യാഭ്യാസത്തിനുള്ള ബജറ്റ് വിഹിതം കുറഞ്ഞുവരികയാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു ഹിന്ദി ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ജോഷിയുടെ വിമർശനം. സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടപ്പെടുന്നുവെന്നും പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്കരണം വർധിക്കുന്നത് സാധാരണക്കാരെയും പാവപ്പെട്ട കുടുംബങ്ങളെയും കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നും ജോഷി പറഞ്ഞു.

ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളിലും അദ്ദേഹം സർക്കാരിനെതിരെ വിമർശനമുന്നയിച്ചു. വാജ്‌പേയി സർക്കാർ അധികാരത്തിലിരുന്ന കാലത്ത് ഇത്തരം ചോദ്യപേപ്പർ ചോർച്ചകൾ എന്തുകൊണ്ട് ഉണ്ടായില്ലെന്ന് താൻ ആലോചിക്കാറുണ്ടെന്ന് ജോഷി പറഞ്ഞു. അന്നത്തെ ഭരണത്തിൽ അടിസ്ഥാന തത്ത്വങ്ങൾക്കും മൂല്യങ്ങൾക്കുമായിരുന്നു കൂടുതൽ പ്രാധാന്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോൾ ബാങ്കിങ്, ബിസിനസ് തുടങ്ങി വിവിധ മേഖലകളിൽ അഴിമതി വ്യാപകമാണെന്നും സർക്കാർ തന്നെ അഴിമതിയുടെ ആരോപണങ്ങളിൽ കുടുങ്ങിയിരിക്കുകയാണെന്നും ജോഷി ആരോപിച്ചു. അത്തരമൊരു സാഹചര്യത്തിൽ പാവപ്പെട്ട വിദ്യാർഥികളെ മാത്രം കുറ്റപ്പെടുത്തുന്നതിന്റെ യുക്തി എന്താണെന്നും അദ്ദേഹം ചോദിച്ചു.

മന്ത്രിമാർക്കും ഉന്നതതലത്തിലുള്ളവർക്കുമെതിരെ മാത്രമല്ല, ജുഡീഷ്യറിക്കെതിരേ പോലും ആരോപണങ്ങൾ ഉയരുന്ന സാഹചര്യമാണുള്ളത്. ഇതെല്ലാം കാണുന്നവർ തെറ്റായ കാര്യങ്ങൾ ചെയ്യുന്നതും സാധാരണമാണെന്ന് കരുതുന്ന സാഹചര്യം ഉണ്ടാകുന്നുവെന്നും ജോഷി അഭിപ്രായപ്പെട്ടു.

അതേസമയം, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കാലത്ത് രൂപം നൽകിയ വിദ്യാഭ്യാസ നയമാണെന്ന കാരണത്താൽ മാത്രം അതിൽ മാറ്റം വരുത്തിയത് ശരിയായ നടപടിയായിരുന്നില്ലെന്നും ജോഷി പറഞ്ഞു.

മോദി സർക്കാരിന്റെ വിവിധ നയങ്ങൾക്കെതിരെ അടുത്തകാലത്തായി പരസ്യമായി രംഗത്തെത്തുന്ന ബി.ജെ.പി. നേതാക്കളിൽ പ്രധാനിയാണ് മുരളീ മനോഹർ ജോഷി. ജന്തർമന്തറിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധം സർക്കാർ കൈകാര്യം ചെയ്ത രീതിയെയും അദ്ദേഹം നേരത്തെ വിമർശിച്ചിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img