08:47pm 10 November 2026
NEWS
ബന്ധുവിന് നോട്ടീസ് അയച്ചത് തിരിച്ചടിയായി; ചെക്ക് മടങ്ങിയ കേസ് ഹൈക്കോടതി റദ്ദാക്കി
10/07/2025  01:18 PM IST
സുരേഷ് വണ്ടന്നൂർ
ബന്ധുവിന് നോട്ടീസ് അയച്ചത് തിരിച്ചടിയായി; ചെക്ക് മടങ്ങിയ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ചെക്ക് മടങ്ങിയ കേസിൽ കീഴ്‌ക്കോടതി വിധിച്ച ശിക്ഷാ നടപടികൾ റദ്ദാക്കി കേരള ഹൈക്കോടതി. പ്രതിക്ക് നേരിട്ട് നോട്ടീസ് നൽകാതെ ബന്ധുവിനാണ് നോട്ടീസ് അയച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഹൈക്കോടതിയുടെ ഈ നടപടി. സാജുവിന് എതിരായ കേസിന്റെ മുഴുവൻ നടപടികളും ഇതോടെ റദ്ദായി. ക്രിമിനൽ റിവിഷൻ ഹർജി നമ്പർ 1015/2024 (സാജു vs ഷാലിമാർ ഹാർഡ്‌വെയേഴ്സ് & മറ്റുള്ളവർ) പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിലെ സെക്ഷൻ 138 (ബി) പ്രകാരം പ്രതിക്ക് നേരിട്ട് നോട്ടീസ് ലഭിച്ചില്ലെങ്കിൽ അത് നിയമപരമായി നിലനിൽക്കില്ലെന്ന് വ്യക്തമാക്കി. പ്രതിക്ക് നോട്ടീസിനെക്കുറിച്ച് അറിവുണ്ടായിരുന്നു എന്ന് പ്രോസിക്യൂഷൻ തെളിയിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ, കുടുംബാംഗത്തിന് നൽകിയ നോട്ടീസ് അസാധുവാണെന്ന് കോടതി നിരീക്ഷിച്ചു.

പ്രതിയുടെ ഭാര്യക്ക് നോട്ടീസ് നൽകുന്നത് അസാധുവാണെന്ന് സുപ്രീം കോടതിയുടെ 2009-ലെ തോമസ് എം.ഡി. vs പി.എസ്. ജലീൽ കേസിലെ വിധി ഈ കേസിൽ ഹൈക്കോടതിക്ക് വഴികാട്ടിയായി. സാജുവിന് നോട്ടീസിനെക്കുറിച്ച് അറിവുണ്ടായിരുന്നു എന്നതിന് തെളിവുകളൊന്നും ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതുകൊണ്ട്, "മുഴുവൻ പ്രോസിക്യൂഷൻ നടപടികളും അസാധുവാണെന്ന്" കോടതി വിധിന്യായത്തിൽ വ്യക്തമാക്കി.

ഷാലിമാർ ഹാർഡ്‌വെയേഴ്സിന് സാജു നൽകിയ 92,500 രൂപയുടെ ചെക്ക് പണമില്ലാതെ മടങ്ങിയതിനെ തുടർന്നായിരുന്നു കേസ്. ഈ കേസിൽ കീഴ്‌ക്കോടതി സാജുവിനെ ശിക്ഷിക്കുകയും, പിന്നീട് അപ്പീലിൽ ഒരു മാസത്തെ തടവായി ശിക്ഷ കുറയ്ക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി വിധിയിലൂടെ ഈ ശിക്ഷാവിധി റദ്ദാക്കപ്പെട്ടതിനാൽ, കേസുമായി ബന്ധപ്പെട്ട് സാജു കോടതിയിൽ കെട്ടിവച്ച തുക തിരികെ നൽകാനും ഹൈക്കോടതി ഉത്തരവിട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img