
കൊച്ചി: ചെക്ക് മടങ്ങിയ കേസിൽ കീഴ്ക്കോടതി വിധിച്ച ശിക്ഷാ നടപടികൾ റദ്ദാക്കി കേരള ഹൈക്കോടതി. പ്രതിക്ക് നേരിട്ട് നോട്ടീസ് നൽകാതെ ബന്ധുവിനാണ് നോട്ടീസ് അയച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഹൈക്കോടതിയുടെ ഈ നടപടി. സാജുവിന് എതിരായ കേസിന്റെ മുഴുവൻ നടപടികളും ഇതോടെ റദ്ദായി. ക്രിമിനൽ റിവിഷൻ ഹർജി നമ്പർ 1015/2024 (സാജു vs ഷാലിമാർ ഹാർഡ്വെയേഴ്സ് & മറ്റുള്ളവർ) പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിലെ സെക്ഷൻ 138 (ബി) പ്രകാരം പ്രതിക്ക് നേരിട്ട് നോട്ടീസ് ലഭിച്ചില്ലെങ്കിൽ അത് നിയമപരമായി നിലനിൽക്കില്ലെന്ന് വ്യക്തമാക്കി. പ്രതിക്ക് നോട്ടീസിനെക്കുറിച്ച് അറിവുണ്ടായിരുന്നു എന്ന് പ്രോസിക്യൂഷൻ തെളിയിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ, കുടുംബാംഗത്തിന് നൽകിയ നോട്ടീസ് അസാധുവാണെന്ന് കോടതി നിരീക്ഷിച്ചു.
പ്രതിയുടെ ഭാര്യക്ക് നോട്ടീസ് നൽകുന്നത് അസാധുവാണെന്ന് സുപ്രീം കോടതിയുടെ 2009-ലെ തോമസ് എം.ഡി. vs പി.എസ്. ജലീൽ കേസിലെ വിധി ഈ കേസിൽ ഹൈക്കോടതിക്ക് വഴികാട്ടിയായി. സാജുവിന് നോട്ടീസിനെക്കുറിച്ച് അറിവുണ്ടായിരുന്നു എന്നതിന് തെളിവുകളൊന്നും ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതുകൊണ്ട്, "മുഴുവൻ പ്രോസിക്യൂഷൻ നടപടികളും അസാധുവാണെന്ന്" കോടതി വിധിന്യായത്തിൽ വ്യക്തമാക്കി.
ഷാലിമാർ ഹാർഡ്വെയേഴ്സിന് സാജു നൽകിയ 92,500 രൂപയുടെ ചെക്ക് പണമില്ലാതെ മടങ്ങിയതിനെ തുടർന്നായിരുന്നു കേസ്. ഈ കേസിൽ കീഴ്ക്കോടതി സാജുവിനെ ശിക്ഷിക്കുകയും, പിന്നീട് അപ്പീലിൽ ഒരു മാസത്തെ തടവായി ശിക്ഷ കുറയ്ക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി വിധിയിലൂടെ ഈ ശിക്ഷാവിധി റദ്ദാക്കപ്പെട്ടതിനാൽ, കേസുമായി ബന്ധപ്പെട്ട് സാജു കോടതിയിൽ കെട്ടിവച്ച തുക തിരികെ നൽകാനും ഹൈക്കോടതി ഉത്തരവിട്ടു.











