
അമേരിക്കയിൽ ഒക്ടോബർ ഒന്നിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ഷട്ട് ഡൗൺ നീളുമെന്ന് റിപ്പോർട്ട്. സെനറ്റിൽ ധനകാര്യബിൽ പാസാക്കാനാകാത്തതാണ് ഭരണകൂടത്തിന് പ്രതിസന്ധിയാകുന്നത്. സെനറ്റിൽ അവതരിപ്പിച്ച ധനബില്ലിനെ ഡെമോക്രാറ്റുകൾ എതിർത്തതോടെയാണ് പ്രതിസന്ധി നീളുമെന്ന് ഉറപ്പായത്. ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് പണം നൽകില്ലെന്ന ട്രംപിന്റെ നിലപാടാണ് ഡെമോക്രാറ്റുകളുടെ എതിർപ്പിന് കാരണം.
സർക്കാർ സേവനങ്ങൾ നിർത്തിവെയ്ക്കുന്ന സാഹചര്യത്തെയാണ് ഷട്ട്ഡൗൺ എന്ന് വിശേഷിപ്പിക്കുന്നത്.1981 ന് ശേഷം അമേരിക്കയിൽ നിലവിൽ വന്ന പതിനഞ്ചാം ഷട്ട്ഡൗൺ ആണിത്. ഷട്ട് ഡൗണിനെ തുടർന്ന് അമേരിക്കയിൽ പ്രതിസന്ധി രൂക്ഷമാണ്. അടച്ചുപൂട്ടൽ തുടർന്നാൽ ഏഴര ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാരെ പിരിച്ചുവിടുമെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്.
സർക്കാർ സേവനങ്ങൾ മൂന്നാം ദിനവും നിലച്ചതോടെ സാധാരണക്കാരെയും ബാധിച്ചിട്ടുണ്ട്. അമേരിക്കയിലെ ഷട്ട്ഡൗൺ നാസയുടെ പ്രവർത്തനത്തെയും ബാധിച്ചതായാണ് റിപ്പോർട്ട്. സർക്കാരിൽ നിന്നുള്ള ധനസഹായം തടസ്സപ്പെട്ടതോടെ നാസയുടെ പ്രവർത്തനം നിർത്തിവെച്ചു. നാസയുടെ വിവിധ ബഹിരാകാശ ദൗത്യങ്ങളെ നടപടി സാരമായി ബാധിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.











