
പാസ്റ്റർ സ്ത്രീയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പഞ്ചാബിലാണ് സംഭവം. പഞ്ചാബ് ആസ്ഥാനമായുള്ള സ്വയം പ്രഖ്യാപിത മതപ്രഭാഷകൻ ബജീന്ദർ സിംഗ് ആണ് ഒരു സ്ത്രീയെ ആക്രമിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. നേരത്തേ, നിരവധി ലൈംഗിക പീഡന കേസുകളിൽ ഉൾപ്പെട്ടയാളാണ് ബജീന്ദർ സിംഗ്.
തന്റെ ഓഫീസിൽ കുട്ടിയുമായി ഇരിക്കുന്ന ഒരു സ്ത്രീക്ക് നേരെ ബജീന്ദർ സിംഗ് കടലാസുകൾ എടുത്തെറിയുന്നത് ദൃശ്യങ്ങളിൽ കാണാം. തുടർന്ന് സ്ത്രീ പാസ്റ്ററുടെ അടുത്തേക്ക് വരുമ്പോൾ, അയാൾ തള്ളുകയും മർദ്ദിക്കുകയുമായിരുന്നു. രംഗം വഷളായതോടെ മുറിയിലുണ്ടായിരുന്ന മറ്റുള്ളവർ ഇടപെട്ടാണ് ഇരുവരെയും പിടിച്ചുമാറ്റിയത്.
നേരത്തേയും നിരവധി വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ് ഈ മതപ്രഭാഷകൻ. മജ്രിയിൽ ഇയാൾ സ്വന്തമായി ഒരു പള്ളിയും സഭയും സ്ഥാപിച്ചിട്ടുണ്ട്. 2018 ജൂലൈ 20 ന് ഡൽഹി വിമാനത്താവളത്തിത്തിനായിരുന്നു ആദ്യ അറസ്റ്റ്. 2017 ൽ സിംഗ് തന്നെ അയാളുടെ മതത്തിലേക്ക് ആകർഷിച്ചുവെന്നും തുടർന്ന് മൊഹാലിയിലെ തന്റെ വസതിയിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നുമായിരുന്നു യുവതിയുടെ പരാതി. ഈ കേസിൽ മറ്റ് ആറ് പേർക്കൊപ്പം മൊഹാലി കോടതിയിൽ സിംഗ് ഹാജരായി ഒരാഴ്ച കഴിഞ്ഞാണ് പുതിയ വീഡിയോ പുറത്തുവന്നത്.