12:09pm 24 September 2026
NEWS
പിടിച്ചെടുത്ത വാഹനങ്ങൾ പരസ്യലേലത്തിന്: ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് പ്രഖ്യാപനം; ലേലം ഒക്ടോബർ 4 മുതൽ
24/09/2026  09:45 AM IST
nila
പിടിച്ചെടുത്ത വാഹനങ്ങൾ പരസ്യലേലത്തിന്: ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് പ്രഖ്യാപനം; ലേലം ഒക്ടോബർ 4 മുതൽ

 

 

​ദോഹ: ട്രാഫിക് അധികൃതർ വിവിധ ലംഘനങ്ങൾക്ക് പിടിച്ചെടുത്ത വാഹനങ്ങൾ പരസ്യലേലം (Public Auction) ചെയ്യാൻ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് തീരുമാനിച്ചു. ഇൻഡസ്ട്രിയൽ ഏരിയയിലെ (സ്ട്രീറ്റ് 52) വെഹിക്കിൾ ഇംപൗണ്ട് യാർഡിൽ വെച്ച് 2026 ഒക്ടോബർ 4 ഞായറാഴ്ച മുതൽ ലേല നടപടികൾ ആരംഭിക്കും.
​രണ്ട് ആഴ്ച നീണ്ടുനിൽക്കുന്ന ലേലം ദിനവും വൈകുന്നേരം 3:00 മണി മുതൽ 6:00 മണി വരെയായിരിക്കും നടക്കുക. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് കർശന നിബന്ധനകളും വ്യവസ്ഥകളും പുറപ്പെടുവിച്ചിട്ടുണ്ട്.
ലേലത്തിൽ പങ്കെടുക്കുന്നവർ യാർഡിൽ നിന്ന് 3,000 ഖത്തർ റിയാൽ റീഫണ്ടബിൾ ഡെപ്പോസിറ്റ് നൽകി ബിഡ്ഡിംഗ് കാർഡ് കൈപ്പറ്റണം. ലേലത്തിൽ വാഹനം ലഭിച്ചില്ലെങ്കിൽ ഓരോ ദിവസത്തെയും ലേലത്തിനൊടുവിൽ ഈ തുക തിരികെ ലഭിക്കും. ഈ കാർഡ് ലേലം പൂർത്തിയാകുന്നതുവരെ കൈവശം വെച്ച് ഒന്നിലധികം ഇടപാടുകൾക്കായി ഉപയോഗിക്കാവുന്നതാണ്.ലേലം ഉറപ്പിച്ച ഉടൻ തന്നെ വാഹനത്തിന്റെ വിലയുടെ 20 ശതമാനം തുക മുൻകൂറായി (Non-refundable deposit) അടയ്ക്കണം. ബാക്കി തുക അടുത്ത ദിവസത്തിനുള്ളിൽ മുഴുവനായും അടച്ചുതീർക്കേണ്ടതാണ്. ലേലം ഉറപ്പിച്ചയുടൻ മുഴുവൻ തുകയും അടയ്ക്കാനും സൗകര്യമുണ്ടാകും.ലേലം ഉറപ്പിച്ചു 24 മണിക്കൂറിനകം മുഴുവൻ തുകയും അടച്ചില്ലെങ്കിൽ, ബന്ധപ്പെട്ട കമ്മിറ്റിക്ക് വാഹനം വീണ്ടും ലേലത്തിൽ വെക്കാൻ അവകാശമുണ്ടായിരിക്കും. ഇത്തരക്കാരിൽ നിന്ന് ഈടാക്കിയ അഡ്വാൻസ് തുക തിരികെ നൽകില്ല.മുഴുവൻ തുകയും അടച്ചുതീർക്കുന്നതുവരെ ഡെപ്പോസിറ്റ് റെസീപ്റ്റിലെ പേര് മറ്റൊരാളിലേക്ക് മാറ്റാൻ അനുവാദമില്ല. പേര് മാറ്റേണ്ടിവന്നാൽ 200 റിയാൽ ഫീസ് നൽകേണ്ടിവരും. ലേലം ഉറപ്പിച്ചു കഴിഞ്ഞാൽ രജിസ്ട്രേഷൻ നടപടികൾക്കായി വ്യക്തിഗത തിരിച്ചറിയൽ രേഖകൾ (QID) ഹാജരാക്കണം.മുൻ ദിവസങ്ങളിൽ ലേലത്തുക കുടിശ്ശിക വരുത്തിയവരെയും ലേല നടപടികൾക്ക് തടസ്സം സൃഷ്ടിക്കുന്നവരെയും ലേലത്തിൽ നിന്ന് ഒഴിവാക്കാൻ കമ്മിറ്റിക്ക് പൂർണ്ണ അവകാശമുണ്ടായിരിക്കും. വാഹനങ്ങൾ നിലവിലുള്ള അവസ്ഥയിൽ തന്നെയാണ് ലേലത്തിന് വെക്കുന്നതെന്നും അപേക്ഷകർ വ്യവസ്ഥകൾ പാലിക്കാൻ ബാധ്യസ്ഥരാണെന്നും അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img