
ദോഹ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ ബിൻ അൽ ഹുസൈനും ചൊവ്വാഴ്ച ഉച്ചയ്ക്ക് അമീരി ദിവാനിൽ വെച്ച് കൂടിക്കാഴ്ച നടത്തി. മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയും ഖത്തർ, ജോർദാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നേരെയുണ്ടാകുന്ന ഇറാൻ്റെ നിരന്തരമായ ആക്രമണങ്ങളും ചർച്ചയിൽ പ്രധാന വിഷയമായി.സ്വന്തം പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി ജോർദാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും അമീർ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. തിരിച്ചും ഖത്തറിൻ്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കുമായി രാജ്യം സ്വീകരിക്കുന്ന നീക്കങ്ങൾക്ക് ജോർദാൻ രാജാവ് ഐക്യദാർഢ്യം രേഖപ്പെടുത്തി.മേഖലയിലെ സുരക്ഷ അപകടത്തിലാക്കുന്ന ഇത്തരം ആക്രമണങ്ങളെ ഇരു നേതാക്കളും അപലപിച്ചു. സംഘർഷം പടരാതിരിക്കാൻ എല്ലാ സൈനിക നടപടികളും ഉടനടി നിർത്തലാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.പ്രതിസന്ധികൾ പരിഹരിക്കുന്നതിന് നയതന്ത്ര ചാനലുകളും ചർച്ചകളും ഉപയോഗപ്പെടുത്തണമെന്നും സംഘർഷം ലഘൂകരിക്കാൻ അന്താരാഷ്ട്ര തലത്തിൽ ശ്രമങ്ങൾ ഊർജ്ജിതമാക്കണമെന്നും ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.പ്രാദേശിക വിഷയങ്ങൾക്ക് പുറമെ, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും ആഗോള സമാധാനത്തെ ബാധിക്കുന്ന നിലവിലെ പ്രതിസന്ധികളെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും ജോർദാൻ പ്രതിനിധി സംഘവും ചർച്ചയിൽ പങ്കെടുത്തു.











