01:47pm 13 November 2026
NEWS
കളമശേരി മാർത്തോമ ഭവനത്തിന്റെ ഭൂമിയിലെ കൈയേറ്റം സുരക്ഷയും നീതിയും ഉറപ്പാക്കണം. കെസിബിസി
27/09/2025  04:58 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കളമശേരി മാർത്തോമ  ഭവനത്തിന്റെ ഭൂമിയിലെ കൈയേറ്റം സുരക്ഷയും നീതിയും ഉറപ്പാക്കണം. കെസിബിസി

കൊച്ചി: 45 വർഷമായി കളമശേരി മാർത്തോമ ഭവനത്തിന്റെ  കൈവശമുള്ള ഭൂമിയിൽ, കോടതി വിധിയെ മറികടന്ന് 2025 സെപ്തംബർ  4-ന് അര്‍ധരാത്രിക്കുശേഷം ചില സാമൂഹ്യവിരുദ്ധർ   ആസൂത്രിതമായി ചുറ്റുമതില്‍ തകർത്ത് അതിക്രമിച്ചു കയറുകയും അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയും വൈദികരെയും സന്യാസിനികളെയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം തികച്ചും അപലപനീയവും രാജ്യത്തിന്റെ നിയമ വ്യവസ്ഥിതിക്ക് കളങ്കവുമാണ്. വൃദ്ധരും രോഗികളുമുൾപ്പെടെയുള്ള സന്യാസിനിമാർ താമസിക്കുന്ന മഠത്തിലേക്കുള്ള  വഴി തടഞ്ഞ് സഞ്ചാരസ്വാതന്ത്രം നിഷേധിച്ചിരിക്കുകയാണ്. ഗൗരവമേറിയ വിഷയമായിരുന്നിട്ടും മാർത്തോമ ഭവനാധികാരികളും കത്തോലിക്കാ സഭാ നേതൃത്വവും ഇതുവരെ പരസ്യമായി പ്രതികരിക്കാതിരുന്നത് പോലീസ് സത്വര നടപടികൾ ഉടനടി കൈക്കൊള്ളും എന്നുള്ള പ്രതീക്ഷയിൽ  ആയിരുന്നു. അതോടൊപ്പം ഈ വിഷയം കേരളത്തിന്റെ സാമുദായിക സാമൂഹ്യ ഐക്യത്തിനു വിഘാതം സൃഷ്ടിക്കാതിരിക്കാനും സഭാ നേതൃത്വം പ്രത്യേക കരുതലെടുത്തു. എന്നിട്ടും, മൂന്നാഴ്ചകൾക്ക്  ശേഷവും അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കുകയോ, കൈയ്യേറ്റത്തിന് പിന്നിലുള്ള 70 പേരോളം വരുന്ന സംഘത്തെകുറിച്ച് കൃത്യമായ അന്വേഷണം നടത്തുകയോ, കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയോ ചെയ്യാത്ത പോലീസ്, വിമർശനങ്ങൾ ഉയർന്നു വന്നപ്പോൾ മുഖം രക്ഷിക്കാനായി 4 പേരെ അറസ്റ്റ് ചെയ്ത് ഉടനെ  ജാമ്യത്തിൽ വിട്ടതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സാമൂഹിക ഐക്യം ലക്ഷ്യമാക്കി സഭ പുലർത്തുന്ന സഹിഷ്ണുതയെ മുതലെടുക്കുന്ന നിലപാടുകൾക്ക് അധികാരികൾ  കൂട്ടുനില്‍ക്കരുത്. മാർത്തോമ ഭവനത്തിന്റെമേൽ നടന്ന ഈ അതിക്രമത്തിന് കാരണക്കാരായവരെയെല്ലാം നിയമത്തിന് മുമ്പിൽ  കൊണ്ടുവരികയും എല്ലാ കയ്യേറ്റങ്ങളും പൂർണമായി  ഒഴിപ്പിക്കുകയും വേണം. അതോടൊപ്പം, മാർത്തോമ  ഭവനത്തിലെ അന്തേവാസികൾക്ക് സുരക്ഷയും നീതിയും സർക്കാർ  ഉറപ്പ് വരുത്തുകയും ചെയ്യണമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാൾ  ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img