
ജിദ്ദ: ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഇറാൻ സ്വീകരിച്ച നടപടികൾക്കെതിരെ ഗൾഫ് രാജ്യങ്ങൾ ഒരുമിച്ച് രംഗത്ത്. കടലിടുക്ക് അടയ്ക്കാനുള്ള ഇറാന്റെ നീക്കം നിയമവിരുദ്ധമാണെന്ന് ഗൾഫ് സഹകരണ കൗൺസിൽ യോഗം പ്രഖ്യാപിച്ചു. കപ്പൽഗതാഗതത്തെ തടസ്സപ്പെടുത്തുന്നതോ സുരക്ഷിത യാത്രയ്ക്കായി ഫീസ് ഈടാക്കുന്നതോ അംഗീകരിക്കാനാകില്ലെന്ന മുന്നറിയിപ്പും നൽകി. സൗദി അറേബ്യയിൽ കൂടിയ ജിസിസി രാജ്യങ്ങളുടെ നിർണായക യോഗത്തിലാണ് ഇറാനെതിരെ നിലപാടെടുത്തത്.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അധ്യക്ഷനായ യോഗത്തിൽ ഖത്തർ, ബഹ്റൈൻ ഭരണാധികാരികളും കുവൈത്ത് കിരീടാവകാശിയും യുഎഇ വിദേശകാര്യമന്ത്രിയും പങ്കെടുത്തു. മേഖലയിൽ സുരക്ഷയും കപ്പൽഗതാഗത സ്വാതന്ത്ര്യവും യുദ്ധത്തിന് മുമ്പുണ്ടായിരുന്ന നിലയിലേക്ക് പുനഃസ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
അതേസമയം, ആണവപദ്ധതി ഉപേക്ഷിക്കാതെ ഇറാനുമായി യാതൊരു ധാരണയുമില്ലെന്ന നിലപാട് അമേരിക്ക ആവർത്തിച്ചു. ഇറാൻ അണ്വായുധ വികസനം ഉപേക്ഷിക്കുമെന്ന് ഉറപ്പില്ലെങ്കിൽ കരാർ സാധ്യമല്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഒരു ടെലിവിഷൻ അഭിമുഖത്തിൽ വ്യക്തമാക്കി. ഇതിനിടെ, നാവിക ഉപരോധം പിൻവലിക്കുകയാണെങ്കിൽ ഹോർമുസ് കടലിടുക്ക് തുറക്കാമെന്നും ആണവ വിഷയത്തിൽ ചർച്ച പിന്നീട് തുടരാമെന്നും ഇറാൻ നിർദേശിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇറാന്റെ നിർദേശങ്ങൾ യുഎസ് ദേശീയ സുരക്ഷാ സമിതി ചർച്ചചെയ്തെന്നും പ്രസിഡന്റ് ട്രംപ് ഇതെപ്പറ്റി പിന്നീടു പ്രതികരിക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. സഖ്യകക്ഷിയായ റഷ്യയുമായി ചർച്ചചെയ്തശേഷമാണ് ഇറാൻ യുഎസിനു മുൻപാകെ പുതിയ നിർദേശങ്ങൾ വച്ചത്. അതേസമയം, ആഗോള ഇന്ധനപ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്ക് അടിയന്തരമായി തുറക്കണമെന്ന് ഒട്ടേറെ രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഭക്ഷ്യ അടിയന്തരാവസ്ഥയിലേക്കാണ് നിലവിലെ പ്രതിസന്ധി നീളുന്നതെന്ന് യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പു നൽകി.










