05:01pm 01 September 2026
NEWS
സൈനിക താവളത്തിൽ വൻ ആയുധമോഷണം; 12 തോക്കുകളും 1,800ലേറെ വെടിയുണ്ടകളും കാണാതായി
01/09/2026  03:18 PM IST
nila
സൈനിക താവളത്തിൽ വൻ ആയുധമോഷണം; 12 തോക്കുകളും 1,800ലേറെ വെടിയുണ്ടകളും കാണാതായി

ഹൈദരാബാദ്: അതീവ സുരക്ഷയുള്ള സെക്കന്തരാബാദിലെ സൈനിക താവളത്തിൽ വൻ ആയുധമോഷണം. ബൊല്ലാരം മിലിട്ടറി സ്റ്റേഷനിലെ 20 മദ്രാസ് റെജിമെന്റ് പരിസരത്തുനിന്നാണ് അത്യാധുനിക തോക്കുകളും വെടിയുണ്ടകളും ഉൾപ്പെടെയുള്ള സൈനിക സാമഗ്രികൾ മോഷണം പോയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നാല് എകെ-203 അസോൾട്ട് റൈഫിളുകൾ, ഒരു ഇൻസാസ് റൈഫിൾ, ആറ് 9 എംഎം പിസ്റ്റളുകൾ, ഒരു സിവിലിയൻ പിസ്റ്റൾ എന്നിവയുൾപ്പെടെ 12 തോക്കുകളാണ് കാണാതായത്. രാത്രി കാഴ്ച സാധ്യമാക്കുന്ന ബൈനോക്കുലർ, 21 മാഗസിനുകൾ, 1,800ലേറെ റൗണ്ട് വെടിയുണ്ടകൾ എന്നിവയും നഷ്ടപ്പെട്ടിട്ടുണ്ട്. മോഷണം പോയ ആയുധങ്ങൾക്ക് ഏകദേശം 15 ലക്ഷം രൂപയുടെ വിപണിമൂല്യമുണ്ടെന്നാണ് വിവരം.

ആയുധപ്പുരയുടെ പൂട്ടുകളും ആയുധങ്ങൾ സൂക്ഷിച്ചിരുന്ന പെട്ടികളും തകർത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഓഗസ്റ്റ് 30ന് വൈകിട്ട് ആറിന് ആയുധപ്പുര പൂട്ടുമ്പോൾ എല്ലാ ആയുധങ്ങളും അവിടെ ഉണ്ടായിരുന്നുവെന്ന് എഫ്‌ഐആറിൽ വ്യക്തമാക്കുന്നു. എന്നാൽ മോഷണം നടന്ന കൃത്യമായ സമയം കണ്ടെത്താനായിട്ടില്ല.

എകെ-203 റൈഫിളുകൾക്കുള്ള 720 റൗണ്ട്, 9 എംഎം പിസ്റ്റളുകൾക്കുള്ള 1,120 റൗണ്ട്, ഇൻസാസ് റൈഫിളിന്റെ വെടിയുണ്ടകൾ എന്നിവയും മോഷണം പോയിട്ടുണ്ട്. ആയുധങ്ങൾ രാജ്യവിരുദ്ധ ശക്തികളുടെ കൈകളിലെത്തുകയോ ദുരുപയോഗം ചെയ്യപ്പെടുകയോ ചെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് സൈന്യം പൊലീസിനോട് ആവശ്യപ്പെട്ടു.

സംഭവം ശ്രദ്ധയിൽപ്പെട്ടതിനു പിന്നാലെ ആയുധപ്പുരയിലും പരിസര പ്രദേശങ്ങളിലും പ്രവേശനം ഉണ്ടായിരുന്ന സൈനികരെ അധികൃതർ വിശദമായി ചോദ്യം ചെയ്തു. ബന്ധപ്പെട്ട രജിസ്റ്ററുകളും രേഖകളും പുനഃപരിശോധിച്ചു. സുരക്ഷാ പരിശോധനകൾ പൂർത്തിയാകുന്നതുവരെ ആയുധപ്പുര സീൽ ചെയ്തിരിക്കുകയാണ്.

മോഷണത്തിന് സൈന്യത്തിനുള്ളിൽ നിന്നുള്ള സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നീക്കങ്ങളും പരിശോധിച്ചുവരികയാണ്. സംഭവത്തിൽ സൈന്യവും പ്രത്യേക ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഭാരതീയ ന്യായ സംഹിതയിലെ 331(4), 305 വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മോഷണം പോയ ആയുധങ്ങളും വെടിക്കോപ്പുകളും എത്രയും വേഗം കണ്ടെത്തി വീണ്ടെടുക്കുന്നതിനാണ് നിലവിൽ പ്രധാന പരിഗണനയെന്ന് മൽക്കാജ്ഗിരി പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img