
കേരളത്തിൽ പുതിയ മതേതര-ജനാധിപത്യ സർക്കാർ അധികാരമേറ്റു. മതേതരത്വം തുളുമ്പിത്തൂവിയ 100 ശതമാനവും മതേതര സർക്കാർ! തലപ്പത്ത് കറയറ്റ മതേതര മുഖ്യമന്ത്രി. മുസ്ലീം ലീഗിന്റെ മുഴുത്ത മതേതരം കൂടി ചേർന്നതോടെ വല്ലാത്ത പച്ചപ്പ്!
യു.ഡി.എഫ്. സർക്കാർ അധികാരമേറ്റതോടെ ഉയർന്നുവരുന്ന മതേതര പ്രഘോഷണങ്ങൾക്ക് എപ്പോഴും ഒരു പ്രത്യേക താളമാണ്. തങ്ങൾ മാത്രമാണു യഥാർഥ മതേതരത്വത്തിന്റെ മൊത്തക്കച്ചവടക്കാരെന്ന ഭാവം.
എന്നാൽ ഈ മതേതര കോട്ടിനുള്ളിലെ യഥാർഥ നൂലുകൾ നെയ്തെടുത്തതു കൃത്യമായ വർഗീയ-സമുദായ സമവാക്യങ്ങൾ ഉപയോഗിച്ചാണെന്നത് പരസ്യമായ രഹസ്യവും. ഭരണത്തിന്റെ താക്കോൽസ്ഥാനങ്ങൾ ആർക്കൊക്കെ വീതം വയ്ക്കണമെന്ന് തീരുമാനിക്കുന്ന ഉന്നതതല യോഗങ്ങളിൽ മതേതരത്വം എന്നത് കേവലം അണിയറയിലെ ഒരു അലങ്കാര വചനം മാത്രമാകുന്നു. മലബാറിലെ വോട്ട് ബാങ്കിന്റെ കരുത്തിൽ മന്ത്രിസഭയെ നിയന്ത്രിക്കുന്ന മുസ്ലിം ലീഗ്, തങ്ങളുടെ സമുദായ താൽപര്യങ്ങൾ സംരക്ഷിച്ചു തന്നെ വലിയ തോതിൽ മതേതര മുഖംമൂടി അണിയാൻ ശ്രമിക്കുന്നു. യു.ഡി.എഫ്. മന്ത്രിസഭയിലെ ഏറ്റവും വലിയ വൈരുദ്ധ്യം കെ.എം.ഷാജിയെപ്പോലുള്ള തീപ്പൊരി നേതാക്കളുടെ സാന്നിധ്യമാണ്.
പൊതുവേദികളിലും തെരഞ്ഞെടുപ്പു ഗോദകളിലും മതമാണ്..മതമാണ്.... പ്രധാനമെന്ന് തൊണ്ടകീറി പ്രസംഗിച്ച് അണികളിൽ വികാരം കുത്തിനിറച്ച നേതാവ് പെട്ടെന്നൊരു സുപ്രഭാതത്തിൽ ഭരണഘടനയിൽ തൊട്ടു മതേതര സത്യപ്രതിജ്ഞ ചെയ്തത് കാണുമ്പോൾ ജനാധിപത്യത്തിന്റെ സൗന്ദര്യമോർത്ത് ആർക്കും അത്ഭുതം തോന്നും. പ്രതിപക്ഷത്തിരിക്കുമ്പോൾ അണികളെ നിലനിർത്താൻ തീവ്രമായ മതവികാരം ആവശ്യമാണെന്നും, എന്നാൽ ഭരണക്കസേരയിലേക്ക് അടുക്കുമ്പോൾ സെക്യുലറിസത്തിന്റെ വെള്ളപൂശൽ അനിവാര്യമാണെന്നുമുള്ള രാഷ്ട്രീയ അടവുനയം ഇവിടെ വളരെ വ്യക്തം. മൈക്കിന് മുമ്പിൽ മതപരമായ വിവേചനങ്ങളെക്കുറിച്ചു സംസാരിക്കുന്നവർ തന്നെ, അധികാരത്തിന്റെ ശീതളച്ഛായയിൽ മതേതരത്വത്തിന്റെ വക്താക്കളായി സ്വയം പ്രഖ്യാപിക്കുന്ന ഈ കാപട്യമാണ് കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ കോമഡി.
ലീഗിന്റെ വകുപ്പ് വിഭജന തന്ത്രങ്ങളിലും ഈ കാപട്യം കൃത്യമായി കാണാവുന്നതാണ്. പൊതുമരാമത്ത്, വിദ്യാഭ്യാസം, വ്യവസായം തുടങ്ങിയ വൻകിട വകുപ്പുകൾ തന്നെ വേണമെന്ന് അവർ ഇത്തവണയും വാശിപിടിച്ചത് ജാതി-മത ചിന്തകൾക്ക് അപ്പുറമുള്ള വികസനം ലക്ഷ്യമിട്ടാണെന്ന് ആരെങ്കിലും കരുതിയാൽ തെറ്റി. റോഡിലൂടെ എല്ലാവരും നടക്കുമെന്നതുകൊണ്ട് പൊതുമരാമത്തും, എല്ലാവരും പഠിക്കുമെന്നതിനാൽ വിദ്യാഭ്യാസവും മതേതര വകുപ്പുകളാണെന്ന പുതിയ പച്ചയായ രാഷ്ട്രീയ സിദ്ധാന്തമാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നത്. യഥാർഥത്തിൽ സ്വന്തം അണികൾക്കും സ്ഥാപനങ്ങൾക്കും വഴിവിട്ട സഹായങ്ങൾ ചെയ്യാനും, സമുദായത്തിനകത്തു സ്വാധീനം ഉറപ്പിക്കാനും ഈ വകുപ്പുകൾ എത്രത്തോളം സഹായകരമാണെന്നു മതേതരത്വം പ്രസംഗിക്കുന്ന നേതാക്കൾക്കു നന്നായറിയാം. ഭരണം കൈയിലില്ലെങ്കിൽ മതം അപകടത്തിലാകുമെന്ന ഭീതി പരത്തുന്നവർ അധികാരം കിട്ടിക്കഴിഞ്ഞാൽ എല്ലാ വകുപ്പുകളിലും തങ്ങളുടെ താൽപര്യങ്ങൾ കൃത്യമായി നടപ്പിലാക്കാൻ ശ്രമിക്കും. പഴയ വർഗീയ പ്രസംഗങ്ങളെക്കുറിച്ചോ, വോട്ട് ബാങ്ക് രാഷ്ട്രീയത്തെക്കുറിച്ചൊ ആരെങ്കിലും ചോദ്യം ചോദിച്ചാൽ, അതിനെയെല്ലാം സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റിയതാണെന്നും തങ്ങളെന്നും മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവരാണെന്നും വളരെ നിസാരമായി ന്യായീകരിക്കും.
ചായയിൽ മധുരം ചേർക്കുന്നതു പോലെ, ഭരണം നിലനിർത്താൻ ആവശ്യമായ അളവിൽ മാത്രം മതം ചേർക്കുകയും, ബാക്കിസമയം മതേതരത്വം പ്രസംഗിക്കുകയും ചെയ്യുന്ന ഈ ഇരട്ടത്താപ്പ് ഒരു കലയാണ്. ഭരണത്തിൽ കയറാൻ മതവും, ഭരണം നിലനിർത്താൻ മതേതരത്വവും മാറിമാറി ഉപയോഗിക്കുന്ന ഇത്തരം രാഷ്ട്രീയ നാടകങ്ങൾ കാണേണ്ടി വരുന്ന നിസ്സഹായരായ ജനങ്ങൾക്ക് അണിയറയിലെ ഈ ഉള്ളുകള്ളികൾ ഒട്ടുമറിയില്ല. കേരള രാഷ്ട്രീയത്തിലെ മതേതരത്വം ഇപ്പോൾ ഒരു പഴയ തറവാട്ട് അലമാര പോലെയാണ്. പുറത്ത് സെക്യുലർ എന്ന് സ്വർണ അക്ഷരത്തിൽ എഴുതിവച്ചിരിക്കും. തുറന്നു നോക്കിയാൽ ഓരോ ഷെൽഫിലും സമുദായങ്ങൾക്ക് പ്രത്യേകം അറകളുണ്ടാവും. തെരഞ്ഞെടുപ്പു വരുമ്പോഴാണ് നേതാക്കൾക്ക് പെട്ടെന്ന് സാർവത്രിക സ്നേഹം പൊട്ടിത്തെറിക്കുക. രാവിലെ ക്ഷേത്രത്തിൽ പ്രസാദം വാങ്ങും, ഉച്ചയ്ക്ക് പള്ളിയിൽ സമാധാന സന്ദേശം പറയും, വൈകിട്ട് സഭയിൽ മെഴുകുതിരി കത്തിക്കും. രാത്രി പാർട്ടി ഓഫീസിൽ കയറി വോട്ട് കണക്ക് കൂട്ടുമ്പോൾ, അവിടെ 10 ശതമാനം, ഇവിടെ 20 ശതമാനം, അവരെ ചൊടിപ്പിക്കരുത്....എന്നിങ്ങനെ വികാരം കൊള്ളും. ഇതെല്ലാം കണ്ടാൽ സാധാരണക്കാരന് തോന്നും, ഇവർ മതേതരരാണോ, അതോ മത-തര വിദഗ്ധരാണോയെന്ന്!
രാഷ്ട്രീയത്തിൽ മതേതരത്വം പലപ്പോഴും വൈഫൈ പോലെയാണ്. പബ്ലിക്കായി എല്ലാവർക്കും ഫ്രീ എന്ന് പറയും, പക്ഷേ പാസ്വേഡ് അറിയാവുന്നത് ചില പ്രത്യേക വിഭാഗങ്ങൾക്കു മാത്രം. മതമേലധ്യക്ഷന്മാരെയും സാമുദായിക നേതാക്കളെയും കാണാൻ മന്ത്രിമാർ തിണ്ണ നിരങ്ങില്ലെന്ന മുൻ നിലപാടുകളിലും വെള്ളം ചേർന്നു. തെരഞ്ഞെടുപ്പു പ്രചാരണ വേളയിലും അതിന് മുൻപും വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമുദായിക നേതാക്കളുടെ ആസ്ഥാനങ്ങൾ സന്ദർശിക്കുന്ന രാഷ്ട്രീയ ശൈലിയെ ചില യു.ഡി.എഫ്. നേതാക്കൾ പലപ്പോഴായി വിമർശിച്ചിരുന്നതാണ്. ഭരണം ലഭിച്ചാൽ ഇത്തരം തിണ്ണ നിരങ്ങൽ ശൈലി ഉണ്ടാവില്ലെന്ന തരത്തിലുള്ള പ്രഖ്യാപനങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിലും ചർച്ചയായി.
എന്നാൽ, മുഖ്യമന്ത്രിയായി വി.ഡി. സതീശൻ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ഈ നിലപാടുകളിൽ പ്രായോഗികമായ മാറ്റങ്ങളും പ്രകടമായി. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ടു ചില പ്രമുഖ സമുദായങ്ങൾക്കും സഭകൾക്കുമുണ്ടായ അതൃപ്തി പരിഹരിക്കാൻ മന്ത്രിമാർ നേരിട്ടു നേതാക്കളെ കാണേണ്ടി വന്നുവെന്നാണ് വിശദീകരണം. മന്ത്രിസഭ അധികാരമേറ്റയുടൻ സാമുദായിക സമവാക്യങ്ങളെച്ചൊല്ലി ഉയർന്ന തർക്കങ്ങളാണ് മന്ത്രിമാരെ നിലപാടു മാറ്റാൻ പ്രേരിപ്പിച്ചതത്രെ! ഇതൊരു സൗഹൃദ സന്ദർശനം മാത്രമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും കൃത്യമായ രാഷ്ട്രീയ അനുനയ നീക്കമായിരുന്നു ഇതിന് പിന്നിൽ. വോട്ടിനായി മതനേതാക്കളുടെ പിന്നാലെ നടക്കില്ലെന്നു പറയുന്നവർ അധികാരം നിലനിർത്താനും പ്രതിസന്ധികൾ പരിഹരിക്കാനും ആസ്ഥാനങ്ങൾ തോറും കയറിയിറങ്ങിയെന്ന് ചുരുക്കം.
അത് ഇനിയും തുടരും.










