
ദോഹ: സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷാ ഡ്യൂട്ടിയുള്ള ഇൻവിജിലേറ്റർമാരുടെയും പരീക്ഷാ കമ്മിറ്റി അംഗങ്ങളുടെയും പ്രവർത്തന ഷെഡ്യൂൾ സംബന്ധിച്ച് വ്യക്തത വരുത്തി വിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്റ്റുഡന്റ് അസസ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ്. അംഗീകരിക്കപ്പെട്ട പരീക്ഷാ ടൈംടേബിൾ അനുസരിച്ച്, സെക്കൻഡറി സ്കൂൾ പരീക്ഷകൾ നടക്കുന്ന ദിവസങ്ങളിൽ മാത്രമായിരിക്കും ഇവരുടെ സേവനം പരീക്ഷാ കേന്ദ്രങ്ങളിൽ പരിമിതപ്പെടുത്തിയിരിക്കുകയെന്ന് വകുപ്പ് വ്യക്തമാക്കി.
ഇതുസംബന്ധിച്ച് സർക്കാർ സ്‌കൂളുകളിലെയും ദേശീയ പാഠ്യപദ്ധതി പിന്തുടരുന്ന സ്വകാര്യ സ്‌കൂളുകളിലെയും പ്രിൻസിപ്പൽമാർക്ക് മന്ത്രാലയം സർക്കുലർ അയച്ചിട്ടുണ്ട്. പുതിയ നിർദ്ദേശപ്രകാരം ഇൻവിജിലേറ്റർമാരും കമ്മിറ്റി അംഗങ്ങളും പരീക്ഷയുള്ള ദിവസങ്ങളിൽ മാത്രം അതത് പരീക്ഷാ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്താൽ മതിയാകും. പരീക്ഷയില്ലാത്ത ദിവസങ്ങളിൽ ഇവർ തങ്ങളുടെ സ്വന്തം സ്കൂളുകളിൽ തിരിച്ചെത്തി സാധാരണ ജോലികളിൽ പങ്കാളികളാകേണ്ടതുണ്ട്.
പരീക്ഷാ കേന്ദ്രങ്ങളുടെയും സ്കൂളുകളുടെയും പ്രവർത്തനം ഒരുപോലെ സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനാണ് ഈ ക്രമീകരണം. പുതിയ നിർദ്ദേശം കൃത്യമായി പാലിക്കാനും അതനുസരിച്ച് അധ്യാപകരുടെ വർക്ക് ഷെഡ്യൂളുകൾ ക്രമീകരിക്കാനും സ്കൂൾ ഡയറക്ടർമാർക്ക് മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പരീക്ഷാ കാലയളവ് കൂടുതൽ കാര്യക്ഷമമാക്കാൻ ഇത് സഹായിക്കുമെന്നും വകുപ്പ് കൂട്ടിച്ചേർത്തു.











