
അവസാന നിമിഷത്തെ വിജയഗോളുമായി ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലിൽ. നെതർലൻഡ്സിനെതിരെ നടന്ന സെമി ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇംഗ്ലണ്ട് വിജയം കണ്ടത്. തൊണ്ണൂറാം മിനിറ്റിൽ ഒലി വാറ്റ്കിൻസാണ് ഇംഗ്ലണ്ടിന്റെ വിജയഗോൾ നേടിയത്. അവസാന മിനിറ്റുകളിൽ ഫിൽ ഫോഡനെയും ഹാരി കെയ്നെയും പിൻവലിച്ച് ഒലി വാറ്റ്കിൻസും കോൾ പാമറെയും ഇറക്കാനുള്ള കോച്ച് ഗാരെത് സൗത്ത്ഗേറ്റിന്റെ തീരുമാനമായിരുന്നു ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. ഒന്നിനെതിരേ രണ്ട് ഗോളുകൾക്കായിരുന്നു ഇംഗ്ലീഷ് ടീമിന്റെ വിജയം. ഞായറാഴ്ച രാത്രി നടക്കുന്ന ഫൈനലിൽ കരുത്തരായ സ്പെയിനെയാണ് ഇംഗ്ലണ്ട് നേരിടേണ്ടത്.
തുടർച്ചയായ രണ്ടാം തവണയാണ് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലിലെത്തുന്നത്. ഇതാദ്യമായാണ് ഇംഗ്ലണ്ട് ഒരു വിദേശ രാജ്യത്ത് നടക്കുന്ന മത്സരത്തിൽ വിജയിച്ച് ഒരു ടൂർണമെന്റിന്റെ ഫൈനലിലെത്തുന്നത്. അതേസമയം, ആറാം തവണയാണ് നെതർലൻഡ്സ് ഫൈനലിലെത്താനാകാതെ യൂറോ കപ്പ് സെമിയിൽ നിന്നും പുറത്താകുന്നത്.
ആവേശകരമായ മത്സരത്തിൽ ആദ്യം ഗോളടിച്ചത് നെതർലാൻഡ്‌സ് ആയിരുന്നു. ഏഴാം മിനിറ്റിലായിരുന്നു സുന്ദരമായ ആ ഗോൾ. ഇംഗ്ലീഷ് താരം ഡെക്ലാൻ റൈസിൽ നിന്ന് പന്ത് റാഞ്ചി മുന്നേറിയ സിമോൺസിന്റെ കിടിലൻ ലോങ് റേഞ്ചർ തടയാൻ ഇംഗ്ലീഷ് കീപ്പർ ജോർദൻ പിക്ഫോർഡിനായില്ല. പിക്‌ഫോർഡിന്റെ വിരലിലുരുമ്മി പന്ത് വല തൊട്ടു. എന്നാൽ നെതർലാൻഡ്‌സിനെ അധികസമയം ലീഡിൽ തുടരാൻ ഇംഗ്ലീഷ് സംഘം അനുവദിച്ചില്ല. നിനച്ചിരിക്കാതെ വീണുകിട്ടിയ പെനാൽറ്റി പതിനെട്ടാം മിനിറ്റിൽ ലക്ഷ്യത്തിലെത്തിച്ച് സൂപ്പർതാരം ഹാരി കെയ്ൻ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. പെനാൽറ്റി ലഭിക്കുന്നതിന് തൊട്ടുമുമ്പ് 16-ാം മിനിറ്റിൽ ഡച്ചുകാരുടെ ബോക്‌സിൽ കടന്നുകയറിയ ഹാരികെയ്ൻ പോസ്റ്റ് ലക്ഷ്യമാക്കി ഷോട്ട് ഉതിർക്കുന്നതിനിടെ നെതർലാൻഡ്‌സ് പ്രതിരോധനിരതാരം കാലിൽ ചവിട്ടിയതിനായിരുന്നു സ്‌പോട്ട്കിക്ക് അനുവദിച്ചത്. വാറിൽ റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു.