
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റാണ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കുന്നത്. ക്ഷേമ പെൻഷൻ വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ജനപ്രിയ പ്രഖ്യാപനങ്ങളാണ് കേരളം പ്രതീക്ഷിക്കുന്നത്. ഇന്നു രാവിലെ ഒമ്പത് മണി മുതലാണ് ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം.
ഒരു വർഷത്തിനുള്ളിൽ തദ്ദേശ തെരഞ്ഞെടുപ്പും തൊട്ടുപിന്നാലെ നിയമസഭാ തെരഞ്ഞടുപ്പും വരാനിരിക്കെ ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ഷേമ പെൻഷൻ 150 മുതൽ 200 രൂപ വരെയെങ്കിലും കൂട്ടി നൽകുമെന്നാണ് പ്രതീക്ഷ. നിലവിൽ 1600 രൂപയാണ് ക്ഷേമ പെൻഷൻ. പ്രതിമാസം 2500 രൂപയായി ക്ഷേമ പെൻഷൻ ഉയർത്തുമെന്നായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ പ്രഖ്യാപനം. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെയാണ് ബജറ്റ് അവതരിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ വരുമാന വർദ്ധന ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളുമുണ്ടാകും.
വിവിധ സേവന നിരക്കുകൾ കൂടാനിടയുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതി മുൻനിർത്തിയുള്ള വികസന പദ്ധതി പ്രഖ്യാപനങ്ങൾക്കും വയനാട് പുനരധിവാസ പാക്കേജിനും ബജറ്റിൽ ഊന്നലുണ്ടാകും. സ്വകാര്യ നിക്ഷേപങ്ങളും സ്റ്റാർട്ടപ്പുകളും മുതൽ സ്വകാര്യ സർവ്വകലാശാലകളടക്കം പ്രഖ്യാപിത ഇടത് നിലപാടുകളിൽ നിന്ന് വ്യത്യസ്ഥമായ നയസമീപനങ്ങളും ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്.











