
ദാറുസ്സലാം:ആഫ്രിക്കൻ രാജ്യങ്ങളും ജി.സി.സി രാജ്യങ്ങളും തമ്മിലുള്ള തൊഴിൽ സഹകരണവും തൊഴിലാളികളുടെ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായുള്ള രണ്ടാമത് 'ദോഹ ഡയലോഗ് ഓൺ ലേബർ മൊബിലിറ്റി'ക്ക് താൻസാനിയയിലെ ദാറുസ്സലാമിൽ തുടക്കമായി. 'പ്രതിജ്ഞാബദ്ധതയിൽ നിന്ന് പ്രവർത്തനത്തിലേക്ക്: ആഫ്രിക്കൻ-ജി.സി.സി രാജ്യങ്ങൾക്കിടയിൽ നീതിയുക്തവും സുസ്ഥിരവുമായ തൊഴിൽ കുടിയേറ്റം മുന്നോട്ട്' എന്ന പ്രമേയത്തിലാണ് ഒക്ടോബർ 5, 6 തീയതികളിൽ ഉച്ചകോടി സംഘടിപ്പിച്ചത്.
താൻസാനിയൻ പ്രസിഡന്റ് ഡോ. സാമിയ സുലുഹു ഹസ്സനെ പ്രതിനിധീകരിച്ച് സാanzibar പ്രസിഡന്റ് ഡോ. ഹുസൈൻ അലി മ്വിനി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജി.സി.സി, ആഫ്രിക്കൻ, അറബ് രാജ്യങ്ങളിൽ നിന്നുള്ള മുപ്പത്തിമൂന്നിലധികം തൊഴിൽ മന്ത്രിമാർ പങ്കെടുത്തു. അന്താരാഷ്ട്ര തൊഴിൽ സംഘടന (ILO), ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (IOM), ആഫ്രിക്കൻ യൂണിയൻ കമ്മീഷൻ, അറബ് ലേബർ ഓർഗനൈസേഷൻ എന്നിവയുടെ പ്രതിനിധികളും വിദഗ്ധരും സമ്മേളനത്തിൽ ഭാഗമായി.
ഉച്ചകോടിയെ അഭിസംബോധന ചെയ്ത ഖത്തർ തൊഴിൽ മന്ത്രി ഡോ. അലി ബിൻ സമീഖ് അൽ മർറി, തൊഴിൽ രംഗത്ത് ഖത്തർ നടപ്പിലാക്കിയ ചരിത്രപരമായ നിയമനിർമ്മാണങ്ങളെയും സ്ഥാപനപരമായ പരിഷ്കാരങ്ങളെയും കുറിച്ച് വിശദീകരിച്ചു.
തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം ദശലക്ഷക്കണക്കിന് തൊഴിലാളികളുടെയും കുടുംബങ്ങളുടെയും ജീവിതത്തെ നേരിട്ട് ബാധിക്കുന്ന വിഷയമാണ് തൊഴിൽ കുടിയേറ്റമെന്ന് അൽ മർറി ചൂണ്ടിക്കാട്ടി. റിക്രൂട്ട്‌മെന്റ് പ്രക്രിയകൾ സുതാര്യമാക്കുക, തൊഴിൽ കരാറുകളിലെ കൃത്യത, വേതന സംരക്ഷണം, തൊഴിൽ നൈപുണ്യം വർദ്ധിപ്പിക്കൽ, തൊഴിലാളികൾക്ക് നീതി ഉറപ്പാക്കൽ എന്നിവയാണ് രണ്ടാം പതിപ്പിന്റെ പ്രധാന ലക്ഷ്യങ്ങൾ.
2024 മേയിൽ ദോഹയിൽ വെച്ചാണ് ഡയലോഗിന്റെ ആദ്യ പതിപ്പ് നടന്നത്. പങ്കാളിത്ത രാജ്യങ്ങളുടെ താല്പര്യ സംരക്ഷണവും തൊഴിലാളികളുടെ അവകാശങ്ങളും ഉറപ്പുവരുത്തിക്കൊണ്ട് പുതിയ കരാറുകളും പരിഷ്കാരങ്ങളും വരുംദിവസങ്ങളിലും തുടരുമെന്ന് ഖത്തർ വ്യക്തത വരുത്തി.











