09:04am 30 April 2026
NEWS
കർണാടകത്തിലെ രണ്ടാം ജാതി സെൻസസ്: സർവ്വേനടപടികൾ ആരംഭിച്ചു
22/09/2025  11:37 AM IST
വിഷ്ണുമംഗലം കുമാർ
കർണാടകത്തിലെ രണ്ടാം ജാതി സെൻസസ്: സർവ്വേനടപടികൾ ആരംഭിച്ചു

വിവാദങ്ങൾക്കും എതിർപ്പുകൾക്കും മദ്ധ്യേ, കർണാടകത്തിൽ രണ്ടാമത്തെ ജാതി സെൻസസ് ഇന്നാരംഭിച്ചു.പിന്നോക്ക വിഭാഗ- ദളിത്- ന്യൂനപക്ഷ കൂട്ടായ്മയായ അഹിന്ദയുടെ  അനിഷേധ്യ നേതാവാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ. അദ്ദേഹത്തിന്റെ പ്രത്യേക താല്പര്യപ്രകാരമാണ് രണ്ടാമതും ജാതി സെൻസസ് നടത്തുന്നത്. പ്രതിപക്ഷപാർട്ടികളായ ബിജെപിയും ജെഡിഎസ്സും ജാതി സെൻസസിനെ ശക്തമായി എതിർക്കുകയാണ്. അതിന് പുറമെ ഭരണകക്ഷിയായ കോൺഗ്രസ്സിലും മന്ത്രിസഭയിൽ തന്നെയും അഭിപ്രായവ്യത്യാസം നിലനിൽക്കുന്നുണ്ട്. ഇന്നു മുതൽ ഒക്ടോബർ ഏഴുവരെ പതിനഞ്ചു ദിവസം സംസ്ഥാനമൊട്ടാകെ സർവ്വേ നടത്തി സെൻസസ് നടപടികൾ പൂർത്തിയാക്കാനാണ് ഗവണ്മെന്റ് ഉദ്ദേശിക്കുന്നത്. ജാതി അടിസ്ഥാനത്തിലുള്ള സെൻസസ് നടത്തേണ്ടത് കേന്ദ്രമാണെന്നും സംസ്ഥാന ഗവണ്മെന്റിന് അതിന് അധികാരമില്ലെന്നും ബിജെപി ആരോപിക്കുന്നു. സംസ്ഥാന പിന്നോക്ക വിഭാഗ ക്ഷേമ കോർപറേഷന്റെ മേൽനോട്ടത്തിലാണ് സെൻസസ് നടക്കുന്നത്. അതിനോട് ഉയർന്ന ജാതി വിഭാഗങ്ങൾക്ക് വിയോജിപ്പുണ്ട്. പതിനഞ്ചു ദിവസത്തിനുള്ളിൽ സർവ്വേ പൂർത്തിയാക്കുന്നതിനോടുള്ള എതിർപ്പും ശക്തമാണ്.ഒക്ടോബർ ഏഴുവരെ സ്കൂളുകൾക്ക് പൂജ അവധിയാണ്.പ്രധാനമായും അധ്യാപകരെയാണ് സർവ്വെയ്ക്ക് നിയോഗിക്കുന്നത്. പ്രത്യേക ആപ്പിന്റെ സഹായത്തോടെ ഏഴുകോടിയിലേറെ വരുന്ന ജനങ്ങളുടെ വിവരങ്ങൾ ശേഖരിക്കാൻ അധ്യാപകരെ കൂടാതെ മറ്റുവകുപ്പു ജീവനക്കാരും ഉൾപ്പെടെ രണ്ടു ലക്ഷം പേരെയാണ് നിയോഗിച്ചിട്ടുള്ളത്. ആദ്യതവണ മുഖ്യമന്ത്രിയായിരിക്കെ 2015 ൽ സിദ്ധരാമയ്യയാണ് ഒന്നാമത്തെ ജാതി സെൻസസിന് ഉത്തരവിട്ടത്. 2018 ൽ സെൻസസ് റിപ്പോർട്ട് പൂർത്തിയായെങ്കിലും തുടർന്നുവന്ന സർക്കാറുകൾ അത് പരിഗണനയ്ക്ക് എടുത്തില്ല. സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയായതിനെ തുടർന്ന് കഴിഞ്ഞവർഷം ഫെബ്രവരിയിൽ പിന്നോക്ക വിഭാഗ ക്ഷേമ കോർപറേഷൻ ചെയർമാൻ, സിദ്ധരാമയ്യയ്‌ക്ക് റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ സർവ്വേയിലെ കണ്ടെത്തലുകൾ അതിനകം ലീക്കായി വിവാദങ്ങൾക്ക് തിരി കൊളുത്തിയിരുന്നു.എസ് സി, എസ് ടി വിഭാഗങ്ങളും ന്യുനപക്ഷവും തങ്ങളെക്കാൾ കൂടുതലാണെന്നുള്ള സർവ്വേയിലെ കണ്ടെത്തൽ, പ്രബല സമുദായങ്ങളായ വൊക്കലിഗരെയും ലിങ്കായത്തരെയും ചൊടിപ്പിച്ചിരുന്നു. കമ്മീഷന്റെ പല ശുപാർശകളും പ്രമുഖ സമുദായങ്ങൾക്ക് ദോഷം ചെയ്യുമെന്ന് വ്യാഖ്യാനിക്കപ്പെട്ടു. റിപ്പോർട്ട് അശാസ്ത്രീ യമാണെന്നാണ് പ്രതിപക്ഷവും പ്രബലകക്ഷികളും ആരോപിച്ചത്. കോൺഗ്രസ്സിനത്ത് എതിർപ്പ് രൂക്ഷമായിരുന്നു. റിപ്പോർട്ട് നടപ്പിലാക്കാൻ സാധിക്കാതെ വന്നതിനാലാണ് വീണ്ടും സർവ്വേ നടത്താൻ സിദ്ധരാമയ്യ തീരുമാനിച്ചത്. മുഖ്യമന്ത്രിക്കസേര സംരക്ഷിക്കാനുള്ള ഗൂഡലക്ഷ്യം അതിന്റെ പിന്നിലുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ വൊക്കലിഗരുടെ പക്ഷത്താണ് നിലയുറപ്പിച്ചിട്ടുള്ളതെങ്കിലും രണ്ടാമതും ജാതി സെൻസസ് നടത്താനുള്ള സിദ്ധരാമയ്യയുടെ തീരുമാനത്തെ പരസ്യമായി എതിർക്കുന്നില്ല. നഗരസഭ അഞ്ചു കോർപറേഷനുകളായി വിഭജിച്ച് ഗ്രേറ്റർ ബംഗളുരു അതോറിറ്റി( ജിബിഎ) യുടെ കീഴിൽ കൊണ്ടുവരാനുള്ള പ്രക്രിയ തുടരുന്നതിനാൽ ബംഗളുരുവിൽ സർവ്വേ വൈകും. രണ്ടാമതും ജാതി സെൻസസ് നടത്താൻ 420 കോടി രൂപയാണ് സിദ്ധരാമയ്യ ഗവണ്മെന്റ് മാറ്റിവെച്ചിട്ടുള്ളത്. ആദ്യതവണ പൂർത്തിയാക്കാൻ മൂന്നുവർഷമെടുത്ത ജാതി സെൻസസ് പതിനഞ്ചു ദിവസം കൊണ്ട് എങ്ങനെ പൂർത്തിയാക്കാനാവും എന്ന ചോദ്യം നിരീക്ഷകർ ഉന്നയിക്കുന്നുണ്ട്. സമയം നീട്ടിക്കൊടുത്ത് ഈ വർഷം തന്നെ സെൻസസ് റിപ്പോർട്ട് മന്ത്രിസഭയിലെത്തിക്കാനാണ് സിദ്ധരാമയ്യ ലക്ഷ്യമിടുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img