
ധൃതഗതിയിൽ വികസിക്കുന്ന ബംഗളുരുവിൽ മറ്റൊരു ഇന്റർനാഷണൽ എയർപോർട്ട് കൂടി വേണമെന്ന് സംസ്ഥാന ഗവണ്മെന്റ് തത്വത്തിൽ തീരുമാനിച്ചിട്ട് മാസങ്ങൾ പലതായി. പക്ഷെ അനുയോജ്യമായ സ്ഥലം കണ്ടെത്തി കേന്ദ്രത്തിന് പ്രപ്പോസൽ അയക്കാൻ ഇതുവരെ കഴിഞ്ഞിരുന്നില്ല. രണ്ടാം വിമാനത്താവളം നിർമ്മിക്കേണ്ട സ്ഥലത്തെ പറ്റി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ആഭ്യന്തരമന്ത്രി ഡോക്ടർ ജി പരമേശ്വരയും തമ്മിൽ തർക്കം നിലനിന്നിരുന്നു. മാത്രവുമല്ല കേന്ദ്ര സിവിൽ ഏവിയേഷൻ വകുപ്പും ബംഗളുരു ഇന്റർ നാഷണൽ എയർലൈൻസ് ലിമിറ്റഡും 2004 -ൽ ഉണ്ടാക്കിയിട്ടുള്ള കരാർ പ്രകാരം കെംപെഗൗഡ എയർപോർട്ടിന്റെ 150 കിലോമീറ്റർ പരിധിയിൽ 2030 വരെ പുതിയ സിവിലിയൻ എയർപോർട്ട് നിർമിക്കാൻ കഴിയില്ല. അതേസമയം കെംപെ ഗൗഡ എയർപോർട്ട് യാത്രക്കാരുടെ ഭാരം താങ്ങാനാവാത്ത അവസ്ഥയിൽ ആയിട്ടുമുണ്ട്. അതിനാൽ ബംഗളുരുവിൽ 2030 ഓടെ പുതിയ എയർപോർട്ട് നിർമിക്കാൻ കേന്ദ്രം തയ്യാറാണ്. പുതിയ എയർപോർട്ട് നഗരത്തിന്റെ അമ്പത് കിലോമീറ്റർ പരിധിയിൽ ആയിരിക്കണം എന്ന പ്രാഥമിക നിർദ്ദേശം മാത്രമെ കേന്ദ്രം നൽകിയിരുന്നുള്ളൂ. മൂന്ന് സ്ഥലങ്ങളുടെ പട്ടിക അടങ്ങിയ പ്രപ്പോസൽ ആണ് സമർപ്പിക്കേണ്ടത്. സ്ഥലത്തെ കുറിച്ചുള്ള തർക്കം കാരണം പ്രപ്പോസൽ നൽകാൻ കഴിഞ്ഞിരുന്നില്ല. തർക്കങ്ങൾ ഒരുവിധം പരിഹരിച്ച് മൂന്ന് സ്ഥലങ്ങളുടെ പ്രപ്പോസൽ രണ്ടു ദിവസം മുമ്പ് നൽകി. രണ്ടെണ്ണം ശിവകുമാറിന് പ്രത്യേക താല്പര്യമുള്ള തെക്കൻ ബംഗളുരുവിലും മൂന്നാമത്തേത് ഡോക്ടർ പരമേശ്വര നിർദ്ദേശിച്ച കുനിഗൽ റോഡിലുമാണ്. മൂന്നിടത്തും ശരാശരി അയ്യായിരം ഏക്ര വീതം ഭൂമി ഗവണ്മെന്റ് മാറ്റിവെച്ചിട്ടുണ്ട്. മൂന്നും നഗരത്തിന്റെ അമ്പത് കിലോമീറ്റർ പരിധിയിലാണ്. കേന്ദ്രം എയർപോർട്ട് അതോറിറ്റിയിൽ നിന്ന് വിദഗ്ധ സംഘത്തെ പരിശോധനക്ക് അയക്കും. ആ സംഘത്തിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പുതിയ വിമാനത്താവളം എവിടെ നിർമ്മിക്കണമെന്ന കാര്യത്തിൽ കേന്ദ്രം അന്തിമ തീരുമാനം കൈക്കൊള്ളുക. ഏതായാലും ബംഗളുരുവിൽ രണ്ടാമതൊരു ഇന്റർനാഷണൽ എയർപോർട്ട് കൂടി ഏതാനും വർഷത്തിനുള്ളിൽ യാഥാർഥ്യമാകുമെന്നത് ഉറപ്പായിരിക്കുന്നു.
Photo Courtesy - Google











