
ന്യൂഡൽഹി: ജന്തർ മന്തറിലെ പ്രതിഷേധത്തിന്റെ രണ്ടാം ഘട്ടം ഉടൻ ആരംഭിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി ദേശീയ കൺവീനർ അഭിജീത് ദീപ്കെ. ‘സീസൺ 2’ വളരെ വേഗത്തിൽ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ വിഷയങ്ങൾ ഏറ്റെടുത്ത് പ്രതിഷേധങ്ങൾ സംഘടിപ്പിക്കണമെന്ന ആവശ്യം പല ഭാഗങ്ങളിൽനിന്നും ഉയരുന്നുണ്ടെന്നും അഭിജീത് വ്യക്തമാക്കി. ഡൽഹിയിൽ വൊളൻറിയർമാരുടെ യോഗം നടത്താൻ വേദി ലഭിച്ചില്ലെന്നും സിജെപി ആരോപിച്ചു. യോഗത്തിനായി വേദി അനുവദിക്കുന്നതിൽ മുകളിൽനിന്ന് സമ്മർദമുണ്ടെന്ന് ചിലർ പറഞ്ഞതായും അഭിജീത് ആരോപിച്ചു.
രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയല്ല ലക്ഷ്യമെന്നും ഭരണഘടനാ സ്ഥാപനങ്ങളുടെ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്ന സമ്മർദശക്തിയായി പ്രവർത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അഭിജീത് നേരത്തെ വ്യക്തമാക്കിയിരുന്നു. ഡൽഹിയിലെ സമരത്തിന് ലഭിച്ച വിജയത്തോടെ ഉത്തരവാദിത്തം വർധിച്ചെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സിജെപിയുടെ പ്രവർത്തനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്ത്യയിലെ നീറ്റ് സമരത്തെ ബംഗ്ലദേശിലെ ഷെയ്ഖ് ഹസീന സർക്കാരിനെതിരായ വിദ്യാർഥി പ്രക്ഷോഭവുമായി താരതമ്യം ചെയ്ത എഴുത്തുകാരി തസ്‌ലീമ നസ്രീന്റെ പരാമർശത്തെയും അഭിജീത് തള്ളി. തങ്ങളുടെ മുന്നേറ്റം വ്യത്യസ്ത സ്വഭാവമുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.










