
തിരുവനന്തപുരം: തിരുവനന്തപുരത്തും നീണ്ടകരയിലും കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ പത്താം ദിവസത്തിലേക്ക്. പ്രതികൂല കാലാവസ്ഥ രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നതിനിടെ ഹെലികോപ്ടർ ഉപയോഗിച്ചുള്ള തിരച്ചിൽ കൂടുതൽ വ്യാപകമാക്കാനാണ് തീരുമാനം.
തിരുവനന്തപുരത്ത് കാണാതായ ജോണിനായി രാമേശ്വരം ഭാഗത്തേക്കും തിരച്ചിൽ വ്യാപിപ്പിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. മുഖ്യമന്ത്രിയുടെ ആശ്വാസ വാക്കുകൾ തങ്ങൾക്ക് ആവശ്യമില്ലെന്നും മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ചെന്ന ആരോപണത്തിൽ മുഖ്യമന്ത്രി മാപ്പുപറയണമെന്നും കുടുംബം ആവശ്യപ്പെട്ടു. മുതലപ്പൊഴിയിൽ കാണാതായ ഷിജിനായുള്ള തിരച്ചിലും തുടരുകയാണ്. മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി സ്‌ക്യൂബ സംഘത്തിന്റെ പരിശോധന ആരംഭിച്ചു. നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിലിന് ഇന്ത്യൻ നാവികസേനയുടെ സംഘം എത്തി. രക്ഷാദൗത്യത്തിനായി നേവിയുടെ ഐഎൻഎസ് കൽപേനി നീണ്ടകര തീരത്തെത്തി. ഇന്നലെ രാത്രിയാണ് കപ്പൽ കൊച്ചിയിൽനിന്ന് പുറപ്പെട്ടത്. നിലവിൽ നീണ്ടകരയിൽനിന്ന് ഏകദേശം ഒരു നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്.
നാവികസേനയുടെ പ്രത്യേക ഡൈവിംഗ് സംഘം കപ്പലിൽ സജ്ജമാണ്. ഡൈവിംഗ് നടത്തേണ്ട കൃത്യമായ സ്ഥലം കണ്ടെത്തുന്നതിനായി മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗവുമായി നേവി അധികൃതർ ഏകോപനം നടത്തുന്നുണ്ട്. ഇതിനായി മറൈൻ എൻഫോഴ്സ്മെന്റ് ബോട്ടും കപ്പലിന് സമീപം നിലയുറപ്പിച്ചിട്ടുണ്ട്. നിർദേശിക്കുന്ന സ്ഥലങ്ങളിൽ ഡൈവിംഗ് പരിശോധന ആരംഭിക്കും. നേവി സംഘം തിരച്ചിലിന് എത്തിയ സാഹചര്യത്തിൽ തൽക്കാലം നിരാഹാര സമരം നടത്തില്ലെന്ന് ഗൗതം കൃഷ്ണയുടെ അമ്മ അറിയിച്ചു.
അതേസമയം, മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ ഗൗരവമായ അന്വേഷണം നടന്നിട്ടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു. തിരച്ചിലിനായി ലഭ്യമായ സംവിധാനങ്ങളൊന്നും സർക്കാർ ഫലപ്രദമായി പ്രയോജനപ്പെടുത്തിയിട്ടില്ലെന്നും മത്സ്യത്തൊഴിലാളികളോട് സർക്കാർ വലിയ അനീതിയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ പ്രതികരിക്കുമ്പോൾ ബിജെപിയും കോൺഗ്രസും സൈബർ ആക്രമണം നടത്തുകയാണെന്നും ഓരോരുത്തർക്കും ഇത്രപേർ എന്ന നിലയിൽ ആളുകളെ ഇതിനായി തയ്യാറാക്കി നിർത്തിയിട്ടുണ്ടെന്നും ശിവൻകുട്ടി ആരോപിച്ചു.











