
കൊച്ചി: പാരിസ്ഥിതിക പ്രത്യാഘാതങ്ങളും വർദ്ധിച്ചുവരുന്ന കയറ്റുമതി വെല്ലുവിളികളും മത്സ്യ വ്യവസായ വാണിജ്യ മേഖലയെ ആശ്രയിക്കുന്ന14 ലക്ഷത്തിലധികം ആളുകളുടെ ഉപജീവനം പ്രതിസന്ധിയിലാക്കുന്ന സാഹചര്യം പരിഗണിച്ച് സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (SEAI), കേരള മേഖല ആവശ്യപ്പെട്ടു.
9 തീരദേശ ജില്ലകൾ ഉൾപ്പെടുന്ന 590 കിമി കടൽത്തീരമുള്ള കേരളം മത്സ്യ ഉൽപ്പന്ന കയറ്റുമതിയിൽ ഒന്നാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടിരിക്കുകയാണ്.
മത്സ്യലഭ്യതയിലുള്ള കുറവാണ് ഇതിന് പ്രധാന കാരണമെന്ന് സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ, കേരള മേഖല പ്രസിഡന്റ് എം.ആർ.പ്രേമചന്ദ്ര ഭട്ട് പറഞ്ഞു.
കാലാവസ്ഥ പ്രവചനങ്ങളുമായി ബന്ധപ്പെട്ടുള്ള മത്സ്യബന്ധന നിരോധനം കേരളതീരത്തു മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. കൂടാതെ മത്സ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് 52 ദിവസം നീളുന്ന ട്രോളിങ്ങ് നിരോധനം ജൂൺ 9 ജൂലായ് 31 വരെ സംസ്ഥാനത്ത് ഇപ്പോൾ നിലവിലുണ്ട്.
കേരളത്തിലെ 590 കിലോമീറ്റർ ദൈർഘ്യമുള്ള തീരപ്രദേശത്തും ഒമ്പത് തീരദേശ ജില്ലകളിലും മത്സ്യബന്ധന ദിനങ്ങൾ വർഷത്തിൽ 250 ൽ നിന്നും 100 ലേക്ക് ചുരുങ്ങി.
കേരളതീരത്ത് ട്രോളിങ്ങ് നിരോധനം നിലവിലുള്ള സാഹചര്യത്തിൽ ചൈന, തായ്വാൻ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഫാക്ടറിഷിപ്പുകൾ മത്സ്യ ബന്ധനത്തിൽ ഏർപ്പെടുന്നത് വിഭവശോഷണത്തിന് കാരണമാവുന്നുണ്ട്. ഇത് തടയുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർശന നടപടി സ്വീകരിക്കണം.
മത്സ്യ ലഭ്യതയിലുള്ള കുറവ് പരിഹരിക്കുന്നതിനായി വാണിജ്യാടിസ്ഥാനത്തിലുള്ള അക്വാകൾച്ചർ പ്രോത്സാഹിപ്പിക്കുന്നതിനും സുസ്ഥിര മത്സ്യബന്ധന രീതികളിലൂടെ മത്സ്യ ലഭ്യത ഉയർത്തുന്നതിനും വിശേഷിച്ചും പ്രധാന കയറ്റുമതി വിഭവമായ ചെമ്മീനിൻ്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും സർക്കാർ നടപടികൾ അനിവാര്യമാണെന്ന് എം.ആർ.പ്രേമചന്ദ്ര ഭട്ട് പറഞ്ഞു.
" തീരദേശ നിരീക്ഷണവും നിയന്ത്രണവും ശക്തിപ്പെടുത്തണം. നമ്മുടെ മത്സ്യത്തൊഴിലാളികൾ കർശന നിയന്ത്രണങ്ങൾ നേരിടുമ്പോൾ, വിദേശ കപ്പലുകൾ നിയന്ത്രണമില്ലാതെ നമ്മുടെ കടലുകൾ കൊള്ളയടിക്കുന്ന സാഹചര്യം അനുവദിക്കരുത്.
കടലാമ സംരക്ഷണത്തിനായി ട്രോൾ വലകളിൽ TED (Turtle Excludes Device) സ്ഥാപിക്കുന്നതിന് നിഷ്ർകഷിച്ചിട്ടുണ്ട്. ഇതിനാവശ്യമായ സംവിധാനങ്ങൾക്ക് അംഗീകാരം ലഭിക്കുകയും ICAR- CIFT മുഖേന ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. ഇത് നിരോധനം അവസാനിക്കുന്നതോടുകൂടി ട്രോൾവലകളിൽ സ്ഥപിക്കുന്നതിനാവശ്യമായ നടപടി സർക്കാർ തലത്തിൽ സ്വീകരിക്കണം.
ട്രാൻസ്ഷിപ്മെന്റ് തുറമുഖങ്ങളിൽ അനുഭവപ്പെടുന്ന അമിതമായ തിരക്കു മൂലം ഉണ്ടാവുന്ന കാലതാമസം, റഷ്യ- ഉക്രയിൻ യുദ്ധം, മിഡിൽ ഈസ്റ്റ് മേഖലകളിലെ അരക്ഷിതാവസ്ഥ എന്നിങ്ങനെ ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചുകൊണ്ടാണ് കയറ്റുമതി വ്യവസായം മുന്നോട്ടു നീങ്ങുന്നത്. മത്സ്യസംസ്കരണത്തിനും കയറ്റുമതിക്കുമായി വലിയരീതിയിൽ നിക്ഷേപം നടത്തിവരുന്ന ചൈന വിയറ്റ്നാം, ഇൻഡോനേഷ്യ, ഇക്വഡോർ തുടങ്ങിയ രാജ്യങ്ങളുമായി മത്സരിച്ച് വേണം ഇന്ത്യയ്ക്ക് മുന്നേറാൻ.
കടലിൽ പ്ലാസ്റ്റിക് മാലിനീകരണം തടയുന്നതിന് സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പ് മുഖേന നടത്തിവരുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണ്. ബോട്ടുകളിൽ പ്രത്യേകം ചാക്കുകൾ കരുതുകയും, പ്ലാസ്റ്റിക് വസ്തുക്കൾ കടലിൽ വലിച്ചെറിയാതെ കരയിൽ എത്തിച്ചു സംസ്കരിക്കുകയും ചെയ്യുന്നത് വഴി കടലിൽ മാലിന്യം പെരുകുന്നത് തടയാൻ കഴിയും. ഇന്ത്യയിലെ മുഴുവൻ ഫിഷിങ്ങ് ഹാർബറുകളും കേന്ദ്രീകരിച്ചു ഇത് നടപ്പിലാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
കേരളത്തിന്റെ മത്സ്യ വാണിജ്യ- വ്യവസായ മേഖലയിൽ 80% ത്തോളം വൈദഗ്ധ്യമുള്ള വനിതാതൊഴിലാളികളാണ്. 850 ലധികം പീലിങ് ഷെഡ്ഡുകളിലും 100 ഓളം വരുന്ന സംസ്കരണ കേന്ദ്രങ്ങളിലുമാണ് ഇവർ ജോലി ചെയ്യുന്നത്.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വനിതാ വ്യവസായങ്ങളിലൊന്നായി ഈ മേഖലയെ അംഗീകരിച്ചുകൊണ്ട്, വർഷം മുഴുവനും തടസ്സമില്ലാത്ത തൊഴിലവസരങ്ങൾ സൃഷ്ടിക്കണം. ഈ വ്യവസായത്തെ പിന്തുണയ്ക്കുമ്പോൾ, ലക്ഷകണക്കിന് സ്ത്രീകളെ ശാക്തീകരിക്കുകയും എണ്ണമറ്റ കുടുംബങ്ങൾക്ക് വരുമാനം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.
സമുദ്രോൽപന്ന വിദേശനാണ്യ വരുമാനത്തിലൂടെ ദേശീയ സാമ്പത്തിക വളർച്ചയ്ക്ക് കാര്യമായ സംഭാവന നൽകുന്നതോടൊപ്പം, കേരളത്തിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പ്രധാന മേഖലയുമാണ്.
നിലവിലുള്ള സാഹചര്യത്തിൽ വ്യാപാരികൾക്ക് ഏകദേശം 100 ദിവസത്തേക്ക് മാത്രമേ സ്റ്റോക്ക് സൂക്ഷിക്കാൻ കഴിയൂ. എന്നാൽ, സമുദ്രോത്പന്നങ്ങളുടെ സീസണുകളും, കേടാകാതെ സൂക്ഷിക്കുവാനുള്ള സമയപരിധിയും കണക്കിലെടുത്താൽ കൂടുതൽ ദിവസത്തേക്കുള്ള പ്രവർത്തനത്തിനായി മൂലധനം ആവശ്യമാണ്.
കേരളത്തിലെ ബാങ്കിംഗ് മേഖലയ്ക്ക് വിദേശ നിക്ഷേപങ്ങൾ പ്രധാനമായ വരുമാന സ്രോതസ്സാണ്. ഗൾഫിലും മറ്റ് വിദേശരാജ്യങ്ങളിലുമുള്ള മലയാളികൾക്ക് കേരളത്തിലെ ബാങ്കുകളുമായി ദീർഘകാല ബന്ധമുണ്ട്. ഈ നിക്ഷേപങ്ങൾ ബാങ്കുകൾക്ക് ശക്തമായ ലിക്വിഡിറ്റി നൽകുന്നതായതിനാൽ, സംസ്ഥാനത്തെ കയറ്റുമതിവ്യവസായങ്ങൾക്ക് ആവശ്യമായ പ്രവർത്തന മൂലധന വായ്പകൾ എളുപ്പത്തിൽ ലഭ്യമാക്കാൻ കഴിയും.
അതു വഴി 'പീക്ക്' സീസണുകളിൽ അസംസ്കൃത വസ്തുക്കൾ വാങ്ങാനും വരൾച്ച കാലങ്ങളിൽ തടസ്സം നേരിടാതെ പ്രവർത്തിക്കാനും ഈ മേഖലയിലെ എല്ലാവർക്കും സഹായകരമാക്കാൻ സംവിധാനം നടപ്പിലാക്കാൻ ബാങ്കുകളോട് അസോസിയേഷൻ ആവശ്യപ്പെട്ടു.










