
ദോഹ: ഖത്തറിലെ നിശ്ചിത സമുദ്രപരിധിക്കുള്ളിൽ എല്ലാവിധ നാവിക യാനങ്ങളുടെയും കപ്പലുകളുടെയും ഗതാഗതം സാധാരണ നിലയിൽ പുനരാരംഭിക്കാൻ അനുമതി നൽകിയതായി ഗതാഗത മന്ത്രാലയം (MOT) അറിയിച്ചു. ഏഴ് നോട്ടിക്കൽ മൈൽ പരിധിയിലാണ് സർവീസുകൾ നടത്താൻ അനുമതിയുള്ളത്.
ലഭ്യമായ വിവരങ്ങൾ അനുസരിച്ച് പുതിയ ഉത്തരവ് ഉടനടി പ്രാബല്യത്തിൽ വരും.
അന്താരാഷ്ട്ര സമുദ്ര കൺവെൻഷനുകളുടെ വ്യവസ്ഥകൾക്ക് വിധേയമായി സർവീസ് നടത്തുന്നതും നിലവിലെ നിർദ്ദേശങ്ങൾ പാലിക്കുന്നതുമായ കപ്പലുകളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
യാത്രക്കാരുടെയും യാനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി നിലവിലുള്ള നിയമങ്ങളും നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്ന് ഗതാഗത മന്ത്രാലയം നിർദ്ദേശിച്ചു. യാത്രയ്ക്ക് മുമ്പും യാത്രയിലുടനീളവും ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ബോർഡിലുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.











